രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ കെ എൽ രാഹുൽ കളിക്കില്ലെന്ന് റിപ്പോർട്ട്. രാഹുൽ പരിക്കിൽ നിന്ന് മോചിതനായിട്ടില്ലെന്നാണ് സൂചന. പകരക്കാരനായി മലയാളി താരവും കർണാടക ബാറ്ററുമായ ദേവ്ദത്ത് പടിക്കൽ ഇന്ത്യൻ ടീമിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ രവീന്ദ്ര ജഡേജയ്ക്ക് ടീമിൽ തുടരാൻ ബിസിസിഐ മെഡിക്കൽ സംഘം അനുമതി നൽകി. ഇന്ത്യൻ എക്സ്പ്രസാണ് ഈ വാർത്ത പുറത്തുവിട്ടത്.
വലത് തുടയ്ക്ക് മുന്നിലെ പേശികൾക്ക് പരിക്കേറ്റതിനെ തുടർന്നാണ് രാഹുൽ രണ്ടാം ടെസ്റ്റിൽ നിന്ന് പിന്മാറിയത്. എങ്കിലും മൂന്നാം ടെസ്റ്റിനുള്ള ടീമിൽ രാഹുലിനെ ഉൾപ്പെടുത്തിയിരുന്നു. വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നിവരും ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. ഇതോടെ സർഫ്രാസ് ഖാൻ, രജത് പട്ടിദാർ തുടങ്ങിയ യുവനിരയ്ക്ക് വഴിയൊരുങ്ങി.
രഞ്ജിയിൽ കേരളത്തിന് ആദ്യ ജയം; ആവേശപ്പോരിൽ ബംഗാളിനെ തകർത്തു
രഞ്ജി ട്രോഫി ക്രിക്കറ്റിലെ തകർപ്പൻ പ്രകടനമാണ് ദേവ്ദത്ത് പടിക്കലിന് ഇന്ത്യൻ ടീമിലേക്ക് വഴിയൊരുക്കിയത്. തമിഴ്നാടിനെതിരായ രഞ്ജി മത്സരത്തിൽ 151 റൺസ് പടിക്കിൽ നേടിയിരുന്നു. പഞ്ചാബിനെതിരെ 193, ഗോവയ്ക്കെതിരെ 103 എന്നിങ്ങനെ പടിക്കൽ സ്കോർ ചെയ്തു. ഇന്ത്യ എ യുടെ ഇംഗ്ലണ്ട് ലയൺസിനെതിരായ മത്സരത്തിൽ 105, 65, 21 എന്നിങ്ങനെയും പടിക്കൽ സ്കോർ നേടിയിരുന്നു.