വിശാഖപട്ടണം: ഇംഗ്ലണ്ടിന്റെ ബാസ്ബോള് തീര്ത്തും പരാജയമായിരുന്നെന്ന് മുന് താരവും കമന്റേറ്ററുമായ ജെഫ്രി ബോയ്ക്കോട്ട്. ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റില് പരാജയം വഴങ്ങിയതിന് പിന്നാലെയാണ് ഇംഗ്ലണ്ട് ടീമിനെ രൂക്ഷമായി വിമര്ശിച്ച് ബോയ്ക്കോട്ട് രംഗത്തെത്തിയത്. ആദ്യ ടെസ്റ്റില് 28 റണ്സിന്റെ വിജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില് 106 റണ്സിന് ഇന്ത്യയോട് പരാജയം വഴങ്ങുകയായിരുന്നു.
വിജയിക്കാന് കഴിഞ്ഞില്ലെങ്കില് ഞങ്ങള് അഭിമാനത്തോടെ പരാജയം സ്വീകരിക്കുമെന്ന് ഇംഗ്ലണ്ട് നായകന് ബെന് സ്റ്റോക്സ് പറഞ്ഞിരുന്നു. എന്നാല് ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് വഴങ്ങിയ പരാജയത്തിന് ഒരു മഹത്വവുമില്ലെന്ന് ബോയ്ക്കോട്ട് കുറ്റപ്പെടുത്തി. 'ഒരു വിനോദമെന്ന നിലയില് ബാസ്ബോള് നല്ലതാണ്. എന്നാല് വസ്തുതയ്ക്കപ്പുറം ആദര്ശത്തില് വിശ്വസിച്ചാല് നിങ്ങള് ആ തന്ത്രത്തില് പരാജയപ്പെടും. ഇന്ന് ഇംഗ്ലണ്ട് മത്സരം വിട്ടുകളഞ്ഞു. ബാസ്ബോള് ഒരു പരാജയമായിരുന്നു', ദ ടെലിഗ്രാഫിലെ ബോയ്ക്കോട്ടിന്റെ കോളത്തിലായിരുന്നു പ്രതികരണം.
ഒപ്പമെത്തി ഇന്ത്യ; രണ്ടാം ടെസ്റ്റില് ഇംഗ്ലണ്ടിനെ തരിപ്പണമാക്കി
ബാസ്ബോള് ശൈലിയാണ് ജോ റൂട്ടിന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയതെന്നും ബോയ്ക്കോട്ട് ആരോപിച്ചു. 'ക്രീസിലെത്തിയ ഉടനെ സാഹസിക ഷോട്ടുകള്ക്ക് ശ്രമിച്ച ജോ റൂട്ട് പന്ത് ഉയര്ത്തിയടിക്കാന് ശ്രമിച്ചാണ് വിക്കറ്റ് കളഞ്ഞത്. രണ്ടാം ഇന്നിംഗ്സില് 16 റണ്സ് മാത്രമാണ് റൂട്ടിന് നേടാനായത്. ഇംഗ്ലണ്ട് ടീമിലെ ഏറ്റവും മികച്ച ബാറ്റര്മാരില് ഒരാളായ ജോ റൂട്ട് തന്റെ കംഫര്ട്ട് സോണ് മറികടന്ന് കളിച്ചാണ് വിക്കറ്റ് പാഴാക്കിയത്', ബോയ്ക്കോട്ട് പറയുന്നു.
ഇംഗ്ലണ്ട് ട്വന്റി20 ക്രിക്കറ്റിനെ കൂടുതലായി പിന്തുടരുന്നതായി തോന്നി. ഓരോ പന്തിനെയും ആക്രമണോത്സുകമായ സ്ട്രോക്കിലൂടെയും സ്വീപ്പിലൂടെയും അല്ലെങ്കില് ക്രോസ് ബാറ്റഡ് ഷോട്ടിലൂടെയും സ്കോര് ചെയ്യാനാണ് ഇംഗ്ലീഷ് താരങ്ങള് ശ്രമിക്കുന്നത്. ഇത് ടി20 ക്രിക്കറ്റ് ശൈലിയോട് സാമ്യമുള്ളതാണ്. എല്ലാ പന്തും അടിച്ചകറ്റാന് ശ്രമിക്കുമ്പോള് വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യത കൂടുമെന്നും മുന് താരം വിശകലനം ചെയ്തു.
'കാമിയോ മാത്രം, രോഹിത്തിന്റെ നല്ല കാലം കഴിഞ്ഞു'; ജെഫ്രി ബോയ്ക്കോട്ട്
ഇംഗ്ലണ്ടിന് എന്തുകൊണ്ടാണ് ക്രിയാത്മകമായും സാമാന്യബുദ്ധിയോടെയും കളിക്കാന് കഴിയാത്തതെന്നും ബോയ്ക്കോട്ട് ചോദിച്ചു. 'ഏത് സാഹചര്യങ്ങളിലും എതിരാളികള് ആരായാലും, ബാറ്റിംഗ് എല്ലായ്പ്പോഴും സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടതാണ്. ആക്രമിക്കുകയാണോ പ്രതിരോധിക്കുകയാണോ ചെയ്യേണ്ടതെന്ന് നിങ്ങള് തീരുമാനിക്കണം', ബോയ്ക്കോട്ട് കൂട്ടിച്ചേര്ത്തു.