സിഡ്നി: വിരാട് കോഹ്ലിയ്ക്ക് 2031 ഏകദിന ലോകകപ്പും കളിക്കാനാകുമെന്ന് ഓസീസ് സൂപ്പര് താരം ഡേവിഡ് വാര്ണര്. വിരാട് വളരെ ഫിറ്റാണെന്നും ക്രിക്കറ്റിനെ അദ്ദേഹം വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും വിരാട് കോഹ്ലിയുടെ അടുത്ത സുഹൃത്ത് കൂടിയായ വാര്ണര് പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'വിരാട് 2031 ലോകകപ്പ് വരെ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു?' എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു വാര്ണര്. 'അവന് കഴിയാതിരിക്കാനായി ഒരു കാരണവുമില്ല, അവന് വളരെ ഫിറ്റാണ്, ഗെയിമിനെ വളരെയധികം സ്നേഹിക്കുന്നു', എന്നായിരുന്നു വാര്ണര് നല്കിയ മറുപടി.
No reason why he can’t, he is very fit and loves the game so much. https://t.co/5iQry4pp4Y
നിലവില് 35 കാരനായ വിരാട് കോഹ്ലിയ്ക്ക് 2031ലെ ഏകദിന ലോകകപ്പ് സമയത്ത് 43 വയസായിരിക്കും. താരം അപ്പോഴും ഫിറ്റായിരിക്കുമെന്നും ലോകകിരീടത്തിനായുള്ള പോരാട്ടത്തിന് ഉണ്ടായേക്കുമെന്നാണ് വാര്ണര് പറയുന്നത്. 43-ാം വയസ്സിൽ കോഹ്ലി കളി മതിയാക്കേക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എങ്കിലും വാര്ണറുടെ വാക്കുകള് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്.
ഏറെക്കുറെ ഉറപ്പായിരുന്ന ഏകദിന ലോകകപ്പ് കപ്പിനും ചുണ്ടിനുമിടയിലാണ് ടീം ഇന്ത്യയ്ക്ക് നഷ്ടമായത്. സ്വന്തം മണ്ണില് നടന്ന ലോകകപ്പ് ടൂര്ണമെന്റില് അപരാജിതരായാണ് നീലപ്പട ഫൈനലിലെത്തിയത്. എന്നാല് കലാശപ്പോരില് ആറ് വിക്കറ്റിന് ഇന്ത്യ ഓസീസിനോട് അടിയറവ് പറയുകയായിരുന്നു. ഇന്ത്യ ഉയര്ത്തിയ 241 റണ്സ് വിജയലക്ഷ്യം 42 പന്ത് ബാക്കിനില്ക്കേ ഓസീസ് മറികടക്കുകയായിരുന്നു.