ഗില്ലിനും ശ്രേയസിനും സെഞ്ചുറി; ഇന്ത്യ തിരുത്തുമോ ആ ബാറ്റിങ് റെക്കോർഡ്?

സേവാഗിന്റെ സെഞ്ചുറിയിൽ ഇന്ത്യ 5ന് 418 റൺസെടുത്ത സ്റ്റേഡിയമാണ് ഇൻഡോറിലേത്

ഇൻഡോർ: ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിന്റെ തീരുമാനം തെറ്റെന്ന് തെളിയിച്ചായിരുന്നു ഇന്ത്യൻ മുന്നേറ്റം. ആദ്യം റുത്രാജ് ഗെയ്ക്ക്വാദിനെ പുറത്താക്കി ഓസ്ട്രേലിയ നേട്ടമുണ്ടാക്കി. എട്ട് റൺസെടുത്ത ഗെയ്ക്ക്വാദിനെ ഹേസൽവുഡ് പുറത്താക്കി.

മൂന്നാമനായി എത്തിയ ശ്രേയസ് അയ്യർ തകർത്തടിക്കാൻ തുടങ്ങി. മെല്ലെ തുടങ്ങിയ ശേഷമാണ് ശുഭ്മാൻ ഗിൽ അപകടകാരിയായത്. പിന്നാലെ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറി. ആദ്യം സെഞ്ചുറി പിന്നിട്ടത് ശ്രേയസ് അയ്യർ ആണ്. 86 പന്തുകളിൽ നിന്നായിരുന്നു നേട്ടം. 90 പന്തിൽ 105 റൺസെടുത്ത് ശ്രേയസ് അയ്യർ പുറത്തായി. സീൻ അബോട്ടിനാണ് വിക്കറ്റ്. ഗില്ലും ശ്രേയസും ചേർന്ന രണ്ടാം വിക്കറ്റിൽ 200 റൺസ് കൂട്ടിച്ചേർത്തു. 92 പന്തിൽ ഗിൽ സെഞ്ചുറി തികച്ചു. 33 ഓവർ പിന്നിടുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 230 റൺസെടുത്തിട്ടുണ്ട്.

2011 ഡിസംബർ എട്ടിന് സേവാഗിന്റെ ഇരട്ട സെഞ്ചുറിയിൽ ഇന്ത്യ 5ന് 418 റൺസ് നേടിയത് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ്. 219 റൺസെടുത്ത സേവാഗ് 46.3 ഓവറിലാണ് പുറത്തായത്. 25 ഫോറും ഏഴ് സിക്സും സേവാഗ് നേടിയിരുന്നു. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഉയർന്ന സ്കോറും 5ന് 418 ആണ്. ഇതേ വെടിക്കെട്ട് തുടർന്നാൽ ഇന്ത്യയ്ക്ക് ആ റെക്കോർഡ് തകർക്കാൻ കഴിഞ്ഞേക്കാം.

To advertise here,contact us