ട്രെൻഡ് ബ്രിഡ്ജ്: അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് ജയം. 48 റൺസിന്റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് അനായാസം നേടുമെന്ന തോന്നിച്ച ജയമാണ് ഐറീഷ് പോരാട്ടത്തിൽ ഏറെ നീണ്ടുപോയത്. 10-ാം വിക്കറ്റിലാണ് അയർലൻഡ് ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് പിറന്നത്. 55 റൺസാണ് അവസാന വിക്കറ്റിൽ ഐറീഷ് പട കൂട്ടിച്ചേർത്തത്.
മത്സരത്തിൽ ടോസ് നേടിയ അയർലൻഡ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ചു. സാക്ക് ക്രൗളി നായകനായ രണ്ടാം നിരയാണ് അയർലൻഡിനെതിരെ കളിക്കുന്നത്. വിൽ ജാക്സിന്റെ 94ഉം സാം ഹെയിനിന്റെ 89ഉം ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചു. 50 ഓവറിൽ 8 വിക്കറ്റിന് 334 റൺസെടുത്താണ് ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
മറുപടി പറഞ്ഞ അയർലൻഡിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. ഹാരി ടെക്ടറിന്റെയും ജോർജ് ഡോക്കറലിന്റെയും പോരാട്ടങ്ങൾ അധികം നീണ്ടില്ല. ടെക്ടർ 39ഉം ഡോക്കറൽ 43ഉം റൺസെടുത്തു പുറത്തായി. ഒമ്പതാമനായി ഇറങ്ങിയ ബാരി മഗ്രാത്തി 41 റൺസെടുത്തു. അവസാന വിക്കറ്റിൽ ക്രെയ്ഗ് യങ്ങും ജോഷ് ലിറ്റിലും പൊരുതി നോക്കി. പക്ഷേ അവസാന നിമിഷത്തെ പോരാട്ടം ഫലം കണ്ടില്ല. ഐറീഷ് പട ഇംഗ്ലണ്ടിന് മുന്നിൽ വീണു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക