ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം; ഏഷ്യാകപ്പിൽ ശ്രീലങ്കയും പാകിസ്താനും നേർക്കുനേർ

നാളെ നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് മത്സരത്തോടെ സൂപ്പർ ഫോർ അവസാനിക്കും

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ന് പാകിസ്താൻ ശ്രീലങ്കയെ നേരിടും. ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ ഇരുടീമുകൾക്കും ജയം അനിവാര്യം. ഇരുടീമുകൾക്കും രണ്ട് പോയിന്റ് വീതമാണുള്ളത്. സൂപ്പർ ഫോറിൽ ഇരുടീമുകളും ബംഗ്ലാദേശിനോട് ജയിച്ചപ്പോൾ ഇന്ത്യയോട് പരാജയപ്പെട്ടു. ഇതോടെ ഇന്ന് നടക്കുന്ന മത്സരത്തിന് സെമി ഫൈനലിന്റെ ആവേശമായി.

ഇന്ത്യയ്ക്കെതിരെ തകർന്നടിഞ്ഞ ബാറ്റർമാരാണ് പാകിസ്താന്റെ ദൗർബല്യം. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഷഹീൻ അഫ്രീദി നയിക്കുന്ന ബൗളിംഗ് നിരയിലാണ് പാകിസ്താന്റെ പ്രതീക്ഷ. ബാറ്റിങ് നിര ഫോമിലെത്തിയാൽ പാകിസ്താനാവും ഫൈനലിനെത്തുക. ഏഷ്യാ കപ്പിൽ ഇന്ത്യ - പാകിസ്താൻ ഫൈനലിന് കളമൊരുങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്.

ഇന്ത്യയെ ചെറിയ സ്കോറിലൊതുക്കിയ ബൗളിങ് നിരയിലാണ് ശ്രീലങ്കയുടെ പ്രതീക്ഷ. അഫ്ഗാനിസ്ഥാനോട് അടി വാങ്ങിയത് ഒഴികെ ശ്രീലങ്കൻ ബൗളിങ് നിലവാരം പുലർത്തിയിട്ടുണ്ട്. ഇന്ത്യയെ ചെറിയ സ്കോറിലൊതുക്കിയിട്ടും ശ്രീലങ്കൻ ബാറ്റർമാർക്ക് പിന്തുടർന്ന് ജയിക്കാൻ കഴിഞ്ഞില്ല. അഫ്ഗാനെതിരെ നേടിയ 8ന് 291 റൺസാണ് ശ്രീലങ്കൻ ബാറ്ററുമാരുടെ ടൂർണമെന്റിലെ ഉയർന്ന സ്കോർ.

മത്സരം മഴ തടസപ്പെടുത്തിയാൽ ശ്രീലങ്കയ്ക്കാണ് ഫൈനൽ കളിക്കാൻ കഴിയുക. നെറ്റ് റൺറേറ്റ് നോക്കുമ്പോൾ ഇന്ത്യയ്ക്കെതിരായ 228 റൺസ് തോൽവി പാകിസ്താന് തിരിച്ചടിയാകും. നാളെ നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് മത്സരത്തോടെയാണ് സൂപ്പർ ഫോർ അവസാനിക്കുക. സെപ്റ്റംബർ 17നാണ് ഫൈനൽ നടക്കുക.

To advertise here,contact us