കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഇന്ന് ജയിക്കുന്ന ടീമിന് ഫൈനൽ സാധ്യതകൾ കൂടതല് സജീവമാകും. പാകിസ്താനെതിരെ തകർപ്പൻ ജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. 228 റൺസിന്റെ ജയത്തോടെ ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് +4.560 ആയി ഉയർന്നിട്ടുണ്ട്.
ഗ്രൂപ്പിൽ രണ്ടാമതാണ് ശ്രീലങ്ക. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരം ശ്രീലങ്ക ജയിച്ചിരുന്നു. ഇന്ത്യയ്ക്കെതിരായ തോൽവിയോടെ പാകിസ്താൻ ഗ്രൂപ്പിൽ മൂന്നാമതാണ്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് നേടിയ ജയം മാത്രമാണ് പാകിസ്താനുള്ളത്. ഇന്നലത്തെ മത്സരം ജയിച്ച ടീമിൽ മാറ്റം വരുത്താതെയാവും ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ഇറങ്ങുക.
നിലവിൽ ഇന്ത്യയുടെ ബാറ്റിങ് മികച്ച ഫോമിലേക്ക് എത്തിക്കഴിഞ്ഞു. പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ മുൻനിരയുടെ പ്രകടനം ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ നേപ്പാളിനെതിരെ ഇന്ത്യൻ ഓപ്പണറുമാർ തിളങ്ങി. പാകിസ്താനെതിരെ സൂപ്പർ ഫോറിൽ ആദ്യ നാല് ബാറ്ററുമാർ നന്നായി കളിച്ചു. ഗ്രൂപ്പ് തലത്തിൽ പാകിസ്താനെതിരെ ഇഷാൻ കിഷാനും ഹർദിക് പാണ്ഡ്യയും മികച്ച പ്രകടനം നടത്തിയിരുന്നു. ബൗളിംഗ് നിരയിലും ഇന്ത്യയ്ക്ക് ആശങ്ക കുറഞ്ഞിട്ടുണ്ട്.
മറുവശത്ത് ഇന്ത്യയെ തോൽപ്പിക്കാൻ ശ്രീലങ്ക നന്നായി പണിയെടുക്കേണ്ടി വരും. ഫോമിലുള്ള സദീര സമരവിക്രമയും കുശൽ മെൻഡിനും പതും നിസങ്കയും ഇന്നും തിളങ്ങേണ്ടതുണ്ട്. ബൗളിങ്ങിൽ മതീഷ പതിരാനയും ദസുൻ ശങ്കയും മഹേഷ് തീക്ഷണയും ശ്രീലങ്കൻ നിരയുടെ പ്രതീക്ഷയാണ്. മത്സരത്തിന് 60 ശതമാനം മഴ സാധ്യതയുമുണ്ട്.