വിന്ഡീസിലെ ക്ഷീണം തീര്ക്കണം; ഇന്ത്യ-അയര്ലന്ഡ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം

മലയാളി താരം സഞ്ജു സാംസണും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്

ഡബ്ലിന്: അയര്ലന്ഡിനെതിരായ ഇന്ത്യയുടെ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സീനിയര് താരങ്ങള്ക്ക് വിശ്രമം നല്കി പ്രഖ്യാപിച്ച ഇന്ത്യന് യുവനിരയെ ജസ്പ്രീത് ബുംറയാണ് നയിക്കുന്നത്. പരിക്കിനെ തുടര്ന്ന് ഒരു വര്ഷമായി വിശ്രമത്തിലായിരുന്ന ബുംറ കളത്തിലേക്ക് തിരിച്ചെത്തുന്നതാണ് പരമ്പരയുടെ ഹൈലൈറ്റ്. റുതുരാജ് ഗെയ്ക്വാദ് ആണ് വൈസ് ക്യാപ്റ്റന്. മലയാളി താരം സഞ്ജു സാംസണും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ഡബ്ലിനിലെ ദ വില്ലേജ് ഗ്രൗണ്ടില് ഇന്ത്യന് സമയം വൈകിട്ട് 7.30നാണ് മത്സരം.

വിന്ഡീസിനെതിരായ ട്വന്റി 20 പരമ്പര നഷ്ടമായതിന്റെ ക്ഷീണത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഈ വര്ഷത്തെ ഏകദിന ലോകകപ്പിന് പിന്നാലെയെത്തുന്ന ടി20 ലോകകപ്പിന് മുന്നോടിയായി വരുന്ന ടൂര്ണമെന്റ് എന്ന നിലയില് അയര്ലന്ഡ് പരമ്പരയ്ക്ക് നിര്ണായക സ്ഥാനമാണുള്ളത്. വിന്ഡീസിനെതിരെ തിളങ്ങാന് കഴിയാതെ പോയ സഞ്ജു സാംസണ് അടക്കമുള്ള താരങ്ങള്ക്കും പരമ്പര നിര്ണായകമായേക്കും. ജിതേഷ് ശര്മയുടെ സാന്നിധ്യം സഞ്ജുവിന്റെ വിക്കറ്റ് കീപ്പര് സ്ഥാനത്തിന് വെല്ലുവിളിയാണ്.

സ്വന്തം തട്ടകത്തില് മികച്ച പ്രകടനം കാഴ്ച വെക്കുന്ന ചരിത്രമുള്ള അയര്ലന്ഡിനെ നിസാരക്കാരായി കാണാനാവില്ല. 15 അംഗ ടീമിനെ സൂപ്പര് താരം പോള് സ്റ്റിര്ലിംഗാണ് നയിക്കുന്നത്. 2024 ഐസിസി പുരുഷ ട്വന്റി 20 ലോകകപ്പ് ടീമിലെ മിക്ക താരങ്ങളെയും ഇന്ത്യയ്ക്കെതിരെയുള്ള സ്ക്വാഡില് അയര്ലന്ഡ് അണിനിരത്തിയിട്ടുണ്ട്. ജൂണില് സിംബാബ്വെയില് വെച്ച് കൈയ്ക്ക് പരിക്കേറ്റ ഗാരെത് ഡെലാനി പരിക്ക് മാറി ടീമില് തിരിച്ചെത്തിയിട്ടുണ്ട്. ഓള്റൗണ്ടര് ഫിയോണ് ഹാന്ഡിനെയും ടീമില് ഉള്പ്പെടുത്തി. ടി 20 ലോകകപ്പിന് യോഗ്യത നേടിയ ശേഷമുള്ള അയര്ലന്ഡിന്റെ ആദ്യ ടി 20 സെക്ഷനാണ് ഇന്ത്യക്കെതിരെയുള്ളത്. അതുകൊണ്ട് തന്നെ അയര്ലന്ഡിനെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കെതിരെയുള്ള പരമ്പര നിര്ണായകമാണ്.

ഇന്ത്യന് ടീം: ജസ്പ്രീത് ബുമ്ര (ക്യാപ്റ്റന്), റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാള്, തിലക് വര്മ്മ, റിങ്കു സിംഗ്, സഞ്ജു സാംസണ്, ജിതേശ് ശര്മ്മ, ശിവം ദുബെ, വാഷിംഗ്ടണ് സുന്ദര്, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ, അര്ഷ്ദീപ് സിംഗ്, മുകേഷ് കുമാര്, ആവേശ് ഖാന്

അയര്ലന്ഡ് ടീം: പോള് സ്റ്റിര്ലിംഗ് (ക്യാപ്റ്റന്), ആന്ഡ്രൂ ബല്ബിര്ണീ, മാര്ക്ക് അഡൈര്, റോസ് അഡൈര്, കര്ട്ടിസ് കാംഫെര്, ഗാരെത് ഡെലാനി, ജോര്ജ് ഡോക്റെല്, ഫിയോണ് ഹാന്ഡ്, ജോഷ് ലിറ്റില്, ബാരി മക്കാര്ത്തി, ഹാരി ടെക്ടര്, ലോറന് ടക്കെര്, തിയോ വാന് വോര്കോം, ബെന് വൈറ്റ്, ക്രൈഗ് യങ്

To advertise here,contact us