ഇന്ത്യന് ടീമില് നിന്ന് പുറത്തായി; പിന്നാലെ മികച്ച പ്രകടനവുമായി പൂജാര, റെക്കോര്ഡ്

ദുലീപ് ട്രോഫിയില് മധ്യമേഖലയ്ക്കെതിരായ സെമിയുടെ രണ്ടാം ഇന്നിംഗ്സിലാണ് പൂജാര പശ്ചിമമേഖലയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയത്

ഹൈദരാബാദ്: വെസ്റ്റ് ഇന്ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമില് നിന്ന് പുറത്തായതിന് പിന്നാലെ കരുത്തുറ്റ പ്രകടനവുമായി ചേതേശ്വര് പൂജാര. ദുലീപ് ട്രോഫിയില് മധ്യമേഖലയ്ക്കെതിരായ സെമിയുടെ രണ്ടാം ഇന്നിംഗ്സിലാണ് പൂജാര പശ്ചിമമേഖലയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയത്. 278 പന്തുകളില് നിന്ന് 133 റണ്സാണ് പൂജാര അടിച്ചുകൂട്ടിയത്. ഇന്ത്യന് ടെസ്റ്റ് ടീമില് നിന്ന് പുറത്തായതിന് ദിവസങ്ങള്ക്കകമാണ് താരത്തിന്റെ തകര്പ്പന് തിരിച്ചുവരവ്.

മഴയെ തുടര്ന്ന് കളി നിര്ത്തിവെക്കുന്നതിന് തൊട്ടുമുന്പെയാണ് പൂജാര റണ്ണൗട്ടായത്. 14 ഫോറുകളും ഒരു സിക്സും ഉള്പ്പെടെയാണ് പൂജാര 133 റണ്സ് നേടിയത്. ഇതോടെ 60 ഫസ്റ്റ് ക്ലാസ് സെഞ്ച്വറികള് നേടുന്ന അഞ്ചാമത്തെ ബാറ്ററായി പൂജാര മാറി. ഏറ്റവും കൂടുതല് ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടുന്ന പട്ടികയില് ഇതിഹാസ താരം വിജയ് ഹസാരെയുടെ ഒപ്പമെത്തിയിരിക്കുകയാണ് പൂജാര. 81 സെഞ്ച്വറികളുമായി സച്ചിന് ടെണ്ടുല്ക്കറും സുനില് ഗവാസ്കറുമാണ് പട്ടികയില് ഒന്നാം സ്ഥാനത്ത്. 68 സെഞ്ച്വറികളുമായി ഇന്ത്യന് ക്രിക്കറ്റ് ഹെഡ് കോച്ച് രാഹുല് ദ്രാവിഡ് ആണ് രണ്ടാം സ്ഥാനത്ത്.

മധ്യമേഖലയ്ക്കെതിരെയുള്ള രണ്ടാം ഇന്നിംഗ്സില് ഒന്പത് വിക്കറ്റ് നഷ്ടത്തില് 292 റണ്സെന്ന നിലയിലാണ് പശ്ചിമമേഖല. നിലവില് 384 റണ്സിന്റെ ലീഡാണ് പശ്ചിമമേഖലക്കുള്ളത്. ഒന്നാം ഇന്നിംഗ്സില് പശ്ചിമമേഖല 220 റണ്സ് നേടി പുറത്തായപ്പോള് മധ്യമേഖലയ്ക്ക് 128 റണ്സ് നേടി പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. 92 റണ്സിന്റെ നിര്ണായക ലീഡുമായാണ് പശ്ചിമമേഖല രണ്ടാം ഇന്നിംഗ്സിന് എത്തിയത്. മധ്യമേഖലയ്ക്കെതിരെ മികച്ച വിജയലക്ഷ്യം ഉയര്ത്തുന്നതിന് പശ്ചിമമേഖലക്ക് പൂജാരയുടെ സെഞ്ച്വറി കരുത്ത് പകരുമെന്നുറപ്പാണ്.

To advertise here,contact us