'മോദി ഗ്യാരന്റി' ഏറ്റില്ലെന്ന് ഫലസൂചനകൾ; ഇടിഞ്ഞ് ഓഹരിവിപണി, അദാനി ഗ്രൂപ്പ് ഓഹരികൾ കനത്ത നഷ്ടത്തിൽ

അദാനി ഗ്രൂപ്പ് ഓഹരികൾ കനത്ത നഷ്ടത്തിലാണ് ഉള്ളത്. അദാനി എന്റര്പ്രൈസസ് ഒമ്പത് ശതമാനത്തിലേറെ തകര്ന്ന് 3,312 നിലവാരത്തിലെത്തി.

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് പ്രതീക്ഷിച്ച മുന്നേറ്റമില്ലെന്ന് ഫലസൂചനകൾ പുറത്തുവന്നതോടെ ഓഹരിവിപണിയിൽ ഇടിവ്. നിഫ്റ്റി 50 സൂചിക ഇടിഞ്ഞ് 22,557ലാണ് രാവിലെ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 3 ശതമാനം ഇടിവ് രേഖപ്പെടുത്തി 74,107ൽ ക്ലോസ് ചെയ്തു.

അദാനി ഗ്രൂപ്പ് ഓഹരികൾ കനത്ത നഷ്ടത്തിലാണ് ഉള്ളത്. അദാനി എന്റര്പ്രൈസസ് ഒമ്പത് ശതമാനത്തിലേറെ തകര്ന്ന് 3,312 നിലവാരത്തിലെത്തി. അദാനി പവറാകട്ടെ ഒമ്പത് ശതമാനം നഷ്ടത്തില് 796 രൂപയിലെത്തി. എക്സിറ്റ് പോളുകൾ എൻഡിഎ സഖ്യത്തിന് വൻ ഭൂരിപക്ഷം പ്രവചിച്ചതോടെ ഇന്നലെ ഓഹരിവിപണിയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടായിരുന്നു. സെന്സെക്സ് 2,507.47 പോയന്റ് നേട്ടത്തില് 76,468.78ലും നിഫ്റ്റി 733.20 പോയന്റ് ഉയര്ന്ന് 23,263.90ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

എന്ടിപിസി, എസ്ബിഐ, അദാനി പോര്ട്സ് എന്നീ ഓഹരികളാണ് ഇന്നലെ നിഫ്റ്റിയില് ഏറ്റവും നേട്ടമുണ്ടാക്കിയത്. അതേസമയം, എച്ച്സിഎല് ടെക്, എല്ടിഐമൈന്ഡ്ട്രീ, ഐഷര് മോട്ടോഴ്സ് എന്നീ ഓഹരികള് ഇന്നലെ നഷ്ടം നേരിടുകയും ചെയ്തിരുന്നു.

400ലധികം സീറ്റ് നേടുമെന്ന് പ്രതീക്ഷിച്ച എൻഡിഎ നിലവിൽ 255 ഇടങ്ങളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഇൻഡ്യ സഖ്യം 260 ഇടത്ത് മുന്നിലാണ്. ഒരുഘട്ടത്തിൽ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിലാവുന്ന സ്ഥിതി വരെ ഉണ്ടായി.

To advertise here,contact us