ഹൈദരാബാദിലെ മഴ കഴിഞ്ഞു, ഇനി ചിന്നസ്വാമി ചുട്ടുപൊള്ളും; പ്ലേഓഫിലെ നാലാമനാവാന് ചെന്നൈയും ബെംഗളൂരുവും

13 മത്സരങ്ങളില് നിന്ന് 14 പോയിന്റുമായി നാലാമതാണ് ചെന്നൈ

ബെംഗളൂരു: ഇന്ത്യന് പ്രീമിയര് ലീഗില് പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമായി മാറിയിരിക്കുകയാണ് സണ്റൈസേഴ്സ് ഹൈദരാബാദ്. ഗുജറാത്ത് ടൈറ്റന്സിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നതോടെയാണ് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനും രാജസ്ഥാന് റോയല്സിനും പിന്നാലെ പാറ്റ് കമ്മിന്സും പ്ലേ ഓഫിലേക്ക് ടിക്കറ്റെടുത്തത്. ഇതോടെ ഇനി ആരാധകര് കാത്തിരിക്കുന്നത് പ്ലേ ഓഫില് എത്തുന്ന നാലാമത്തെ ടീം ആരാവുമെന്ന് അറിയാനാണ്.

പ്ലേ ഓഫിലെത്തുന്ന നാലാമന് ആരാണെന്ന് അറിയാന് ശനിയാഴ്ച നടക്കുന്ന റോയല് ചാലഞ്ചേഴ്സ് ബെംഗളൂരു-ചെന്നൈ സൂപ്പര് കിങ്സ് മത്സരം വരെ കാത്തിരിക്കണം. ഈ സീസണിലെ ലീഗ് മത്സരങ്ങളിലെ നോക്കൗട്ട് മത്സരമാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില് പോകുന്ന ചെന്നൈ- ബെംഗളൂരു മത്സരം. ഇരുടീമുകള്ക്കും തങ്ങളുടെ സ്ഥാനം നിലനിര്ത്താന് വിജയം നിര്ണായകമാണ്.

13 മത്സരങ്ങളില് നിന്ന് 14 പോയിന്റുമായി നാലാമതാണ് ചെന്നൈ. അത്രയും മത്സരങ്ങളില് നിന്ന് 12 പോയിന്റുള്ള ബെംഗളൂരു ആറാമതാണ്. നിര്ണായക മത്സരത്തില് ചെന്നൈ ജയിച്ചാല് 16 പോയന്റുമായി റുതുരാജ് ഗെയ്ക്വാദും സംഘവും പ്ലേ ഓഫിലെത്തും. വിജയം ആര്സിബിക്ക് ഒപ്പമാണെങ്കില് ആര്സിബിക്കും ചെന്നൈക്കും 14 പോയന്റ് വീതമാകും.

ഹൈദരാബാദില് മഴ കളിച്ചു; ഗുജറാത്തുമായുള്ള മത്സരം ഉപേക്ഷിച്ചു, സണ്റൈസേഴ്സ് പ്ലേ ഓഫില്

ഈ സാഹചര്യത്തില് നെറ്റ് റണ്റേറ്റാകും പ്ലേ ഓഫിലെത്തുന്ന നാലാമനെ തീരുമാനിക്കുക. ആദ്യം ബാറ്റ് ചെയ്താല് ആര്സിബി 18 റണ്സിന് തോല്പ്പിച്ചാല് മാത്രമേ നെറ്റ് റണ്റേറ്റില് ചെന്നൈയെ മറികടന്ന് പ്ലേ ഓഫ് ഉറപ്പിക്കാന് കഴിയൂ. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില് 11 പന്തുകള് ബാക്കി നിര്ത്തി ആര്സിബിക്ക് ജയിക്കണം.

ടൂര്ണമെന്റിന്റെ തുടക്കം മുതലേ പോയിന്റ് പട്ടികയിലെ ടോപ് ഓര്ഡറില് സ്ഥാനമുറപ്പിച്ച ടീമാണ് ചെന്നൈ. അതേസമയം എല്ലാ പ്രതീക്ഷകളെയും തിരുത്തിക്കുറിച്ച് കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ തുടര്വിജയങ്ങളുമായി മുന്നേറിവന്ന ടീമാണ് ബെംഗളൂരു. ഇരുവരും തമ്മില് നേര്ക്കുനേര് വരുമ്പോള് തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ധോണിയുടെ ചെന്നൈ ജഴ്സിയിലുള്ള അവസാന ഐപിഎല് മത്സരമാകാനുള്ള സാധ്യതയും ഈ പോരിനുണ്ട്.

To advertise here,contact us