പരാജയങ്ങൾ രുചിക്കാത്ത നായകൻ; കോളിവുഡിന്റെ ബ്ലോക്ക് ബസ്റ്റർ മേക്കറായ വിജയകാന്ത്

വിജയകാന്തിന്റെ സിനിമ തിരഞ്ഞെടുപ്പുകൾ തമിഴകത്തിന് ആവേശം കൂട്ടുന്നതായിരുന്നു. മാസ് ഡയലോഗുകൾ സിനിമയിലെ നായകന്റെ സംഭാഷണങ്ങളായല്ല, തമിഴ് മക്കൾക്ക് വേണ്ടി അവരിലൊരാളായി സംസാരിക്കുന്നയാളുടെ വാക്കുകളായാണ് ജനം കേട്ടത്...

തമിഴ് സിനിമയിൽ വില്ലനായി അവതരിച്ച് ആക്ഷൻ, ത്രില്ലർ, റൊമാന്റിക്ക്, പേട്രിയോട്ടിക് സിനിമകളിലടക്കം നായകനായി മാറിയ കോളിവുഡിന്റെ സൂപ്പർ സ്റ്റാറാണ് വിജയകാന്ത്. 80കൾ മുതൽ ഇക്കാലഘട്ടം വരെയും തമിഴകത്തിന്റെ ക്യാപ്റ്റനായ വിജയകാന്ത് 150ൽപ്പരം സിനിമകൾക്കാണ് വേഷമിട്ടത്. അതിൽ വിരലിലെണ്ണാവുന്ന സിനിമകൾ മാറ്റി നിർത്തയാൽ മറ്റുള്ളവയെല്ലാം ഹിറ്റുകളും സൂപ്പർ ഹിറ്റുകളും ബ്ലോക്ക് ബസ്റ്ററുകളുമാണ്.

വിജയകാന്തിന്റെ സിനിമ തിരഞ്ഞെടുപ്പുകൾ തമിഴകത്തിന് ആവേശം കൂട്ടുന്നതായിരുന്നു. മാസ് ഡയലോഗുകൾ സിനിമയിലെ നായകന്റെ സംഭാഷണങ്ങളായല്ല, തമിഴ് മക്കൾക്ക് വേണ്ടി അവരിലൊരാളായി സംസാരിക്കുന്നയാളുടെ വാക്കുകളായാണ് ജനം കേട്ടത്. പ്രതിനായകനായി എത്തിയപ്പോൾ വിജയകാന്തിന്റെ അഭിനയമികവിന് ആരാധകർ വിസിലടിച്ചു. ഇന്ന് കാണുന്ന തമിഴ് ബോക്സ് ഓഫീസ് ഹിറ്റുകൾക്ക് 90കളിൽ തന്നെ മറുപടി പറഞ്ഞ താരമാണ് വിജയകാന്ത്.

വിജയാകന്തിന്റെ സിനിമ ജീവിതത്തിലെ ആദ്യത്തെ ബോക്സ് ഓഫീസ് ബ്ലോക്ക് ബസ്റ്റർ ഹിറ്റായിരുന്നു 1981 ഫെബ്രുവരി 14-ന് പുറത്തിറങ്ങിയ 'സട്ടം ഒരു ഇര്ട്ടറൈ'. സംവിധായകനും വിജയ്യുടെ പിതാവുമായ എസ് എ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയകാന്തിന്റെ സഹോദരനായി വിജയ് അഭിനയിച്ചിട്ടുണ്ട്. വിജയകാന്ത് എന്ന നടനോടൊപ്പം അഭിനയിച്ചതിന് ശേഷമാണ് ജനങ്ങൾ തന്നെ അറിയാന് തുടങ്ങിയതെന്നും മറ്റൊരു നടനും സാധിക്കാത്ത ഒരു പവർ അദ്ദേഹത്തിനുണ്ടെന്നും ഒരിക്കൽ വിജയ് ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

രാജ്യത്തിന്റെ നിയമവ്യവസ്ഥയെക്കുറിച്ച് പറയുന്ന സട്ടം ഒരു ഇര്ട്ടറൈ വാണിജ്യ വിജയമായിരുന്നു എന്നുമാത്രമല്ല, നിരൂപക ശ്രദ്ധ നേടുകയും ചെയ്തു. സിനിമയുടെ വിജയം തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിൽ റീമേക്ക് ചെയ്യാനിടയായി. 1982-ൽ കമൽഹാസൻ നായകനായ 'മാറ്റുവിൻ ചട്ടങ്ങളെ' എന്ന ചിത്രമാണ് സട്ടം ഒരു ഇര്ട്ടറൈയുടെ മലയാളം റീമേക്ക്.

സട്ടം ഒരു ഇര്ട്ടറൈ വിജയകാന്തിന് കരിയർ ബ്രേക്ക് നൽകിയ സിനിമയായിരുന്നു. പിന്നീട് അദ്ദേഹം അഭിനയിച്ച മ്യൂസിക്കൽ ഡ്രാമ 'സാച്ചി', 'നൂറാവത് നാൾ', 'കൂലിക്കാരൻ', 'നാനെ രാജ നാനെ മന്തിരി', 'വൈദേഹി കാത്തിരിന്താൾ', 'പുലൻ വിസാരണൈ' എന്നിങ്ങനെ തുടങ്ങി പല സിനിമകളും വിജയം കൊയ്തു.

1986-ൽ ആർ സുന്ദർ രാജൻ സംവിധാനത്തിലൊരുങ്ങിയ 'അമ്മൻ കോവിൽ കിഴക്കാലൈ' ആയിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഹിറ്റ്. ചിത്രത്തിലെ ചിന്നമണിയായുള്ള അഭിനയത്തിന് മികച്ച നടനുള്ള ആദ്യ ഫിലിം ഫെയർ അദ്ദേഹത്തിന് ലഭിച്ചു. ഈ സിനിമ തിയേറ്ററിൽ നിറ സദസ്സില് തുടർച്ചയായി പ്രദർശിപ്പിച്ചത് 120 ദിവസമാണ്. എന്നാൽ 120 ദിവസമൊക്കെ എന്ത് എന്ന് കാണിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ 'ചിന്ന ഗൗണ്ടർ' എന്ന ചിത്രം. 250 ദിവസമാണ് ചിത്രമോടിയത്. 1992-ൽ പുറത്തിറങ്ങിയ ചിത്രം ഉണ്ടാക്കിയ നേട്ടം തെന്നിന്ത്യയിൽ മറ്റൊരു നടനും അവകാശപ്പെടാൻ സാധിക്കാത്തതാണ്.

അദ്ദേഹത്തിന്റെ നൂറാമത്തെ ചിത്രമാണ് ആർ കെ സെൽവമണി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ 'ക്യാപ്റ്റൻ പ്രഭാകരൻ'. എല്ലാ നായകന്മാർക്കും അവരുടെ നൂറാം ചിത്രം ഒരു സാധാരണ സിനിമ എന്നതിനപ്പുറം അതൊരു മാസ് ഹിറ്റാകുക അപൂർവ കാര്യമാണ്. എന്നാൽ ഈ അപൂർവത വിജയകാന്ത് നേടിയെടുത്തു. മാത്രമല്ല നൂറാം സിനിമ നൽകിയ മറ്റൊരു നേട്ടമാണ് ''ക്യാപ്റ്റൻ'' എന്ന പേര് ഹിറ്റായതോടെ വിജയകാന്ത്, ആരാധകർക്ക് ക്യാപ്റ്റനായി മാറി. അദ്ദേഹത്തിന്റെ മകന് വിജയ പ്രഭാകരൻ എന്ന് പേര് നൽകിയതും സിനിമയുടെ വിജയത്തിന്റെ ഭാഗമായാണ്.

ക്യാപ്റ്റന് വിട; തമിഴ് സിനിമയുടെ 1980-90കളെ അടയാളപ്പെടുത്തിയ വിജയകാന്ത്

'സൊക്ക തങ്കം', 'വാനതൈപ്പോല', 'എങ്കൾ അണ്ണ' പോലെയുള്ള നിരവധി സിനിമകളും 2000 മുതൽ അദ്ദേഹത്തിന് വിജയം സമ്മാനിച്ചു. 2005-ലെ രാഷ്ട്രീയ പ്രവേശനം മുതൽ വിജയകാന്ത് സിനിമകളിൽ നിന്ന് മാറി നിന്നു. ഇത് ആരാധകരെ ഏറെ സങ്കടത്തലാഴ്ത്തിയപ്പോൾ അദ്ദേഹം ബിഗ് സ്ക്രീൻ തിളക്കത്തിൽ നേരിട്ട് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു. അദ്ദേഹത്തിന്റെ കരിയറിൽ മറക്കാനാകാത്ത നിരവധി സിനിമകളുണ്ടെങ്കിലും ബോക്സ് ഓഫീസിൽ കളക്ട് ചെയ്ത ചില ഹിറ്റ് സിനിമകള് നോക്കാം...

2002 നവംബർ നാലിന് പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്ററാണ് 'രമണ'. എ ആർ മുരുഗദോസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം പ്രേക്ഷക മനസിൽ പ്രതിഷ്ഠ നേടിയ വിജയകാന്ത് ചിത്രമാണ്. എട്ട് കോടി ബജറ്റിലൊരുങ്ങിയ ചിത്രം 40 കോടി വരെ കളക്ട് ചെയ്തു.

വിജയകാന്തിന്റെ ബോക്സ് ഓഫീസ് ഹിറ്റുകളിൽ രണ്ടാം സ്ഥാനം ഉറപ്പിച്ച ചിത്രമാണ് 2004-ൽ പുറത്തിറങ്ങിയ 'എങ്കൾ അണ്ണ'. സിദ്ദിഖിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം മലായള സിനിമയായ 'ക്രോണിക് ബാച്ചിലറി'ന്റെ തമിഴ് റീമേക്കാണ്. മമ്മൂട്ടിയുടെ എസ്പി എന്ന കഥാപാത്രത്തെ തമിഴിൽ വിജയകാന്ത് ഗംഭീരമായി കൈകാര്യം ചെയ്തു. പ്രഭു ദേവ, വടിവേലു, നമിത എന്നിവരാണ് പ്രധാന താരങ്ങളായത്. എട്ട് കോടി ബജറ്റിലൊരുങ്ങിയ ചിത്രം 22 കോടി വരെ സമ്പാദിച്ചു.

2000 ജനുവരിയിൽ പുറത്തിറങ്ങിയ ഒരു ഫാമിലി ഡ്രാമയായിരുന്നു വിജയകാന്ത് ഡബിൾ റോളിലെത്തിയ 'വാനതൈപ്പോല'.പ്രേക്ഷക മനസിൽ എക്കാലവും ഓർത്തുവെയ്ക്കപ്പെടുന്ന വിജയകാന്ത് ചിത്രം. 250 ദിവസമാണ് നിറസദസ്സോടെ തിയേറ്ററിൽ സിനിമ ഓടിയത്. വെറും അഞ്ച് കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം നേടിയതാകട്ടെ 25 കോടിക്കും മേലെയാണ്.

2006-ൽ റിലീസ് ചെയ്ത 'ധർമ്മപുരി' ആണ് മറ്റൊരു ഹിറ്റ് സിനിമ. ആക്ഷൻ ഡ്രാമയായൊരുങ്ങിയ സിനിമയിൽ റായ് ലക്ഷ്മിയാണ് നായികയായത്. പ്രേക്ഷക മനസിൽ ഇടം നേടിയ വിജയകാന്തിന്റെ മറ്റൊരു കഥാപാത്രമായിരുന്നു ധർമ്മപുരിയിലെ ശിവരാമൻ എന്ന കഥാപാത്രം. 8.4 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 22 കോടിയാണ് കളക്ട് ചെയ്തു.

ശേഷം 2008ൽ പുറത്തിറങ്ങിയ 'അരസാങ്കം' ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു. ത്രില്ലർ ഴോണറിൽ ഒരുങ്ങിയ സിനിമ രാഷ്ട്രീയമാണ് സംസാരിച്ചത്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം അദ്ദേഹം കൈകാര്യം ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ എന്ന നിലയിൽ ഈ ചിത്രം ശ്രദ്ധ നേടി. എട്ട് കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങിയതെങ്കിൽ ബോക്സ് ഓഫീസിൽ കളക്ട് ചെയ്തതാകട്ടെ 16.50 കോടിയാണ്. അരസാങ്കം പോലെ അദ്ദേഹത്തിന്റെ കരിയറിൽ പിന്നീട് ഒരു സിനിമ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം.

നിർമ്മാതാക്കൾക്കും സംവിധായകർക്കും സഹപ്രവർത്തകർക്കും ഒരു ''ലക്കി ചാം'' ആയിരുന്നു വിജയകാന്ത്. സ്വയം വളരുന്നതിനൊപ്പം ചുറ്റുമുള്ളവരെയും ഉയർത്തിക്കൊണ്ടുവരാൻ ക്യാപ്റ്റന് സാധിച്ചിട്ടുണ്ട്. മികച്ച നടനായി സ്ക്രീനിലും മികച്ച മനുഷ്യനായി ജീവതത്തിലും തമിഴ് മക്കളുടെ ഹൃദയത്തിലും ജീവിക്കുന്ന ക്യാപ്റ്റന് മരണമില്ല എന്നുതന്നെ പറയാം.

To advertise here,contact us