ടോക്കിയോ: ലോകം മുഴുവൻ മലിനീകരണവും അതുവഴിയുണ്ടാകുന്ന ആഗോളതാപന പ്രശ്നങ്ങളും കൊണ്ട് വലയുമ്പോൾ ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടാണ് ജപ്പാനിൽ നിന്ന് പുറത്തുവരുന്നത്. സുനാമിയെ തുടർന്ന് തകർന്ന ഫുകുഷിമ ആണവനിലയത്തിൽ നിന്നുള്ള റേഡിയോ ആക്ടീവതയുള്ള വെള്ളം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കിവിടും. അടുത്ത മാസം മുതലാകും വെള്ളം ഒഴുക്കിവിടുക. രണ്ട് വര്ഷത്തെ അവലോകനത്തിന് ശേഷം ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോര്ജ സമിതി (ഐ.എ.ഇ.എ) അനുമതി നല്കിയതോടെയാണ് ശുദ്ധീകരിച്ചതും എന്നാല് റേഡിയോ ആക്ടീവതയുള്ളതുമായ വെള്ളം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കിവിടാന് തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ജപ്പാൻ ഇത് ചെയ്യുന്നതെന്നും അണുവികിരണ സാധ്യതയില്ലെന്നുമാണ് അന്താരാഷ്ട്ര ആണവോർജ സമിതി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുടെ വിലയിരുത്തൽ. ശുദ്ധീകരിച്ച വെള്ളം നിയന്ത്രിതവും ക്രമാനുഗതവുമായി പുറന്തള്ളുന്നത് മനുഷ്യരിലും പ്രകൃതിയിലും വലിയ പ്രത്യാഘാതമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളം തുറന്നുവിടുന്നതോടെയുണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങളിൽ ആഗോളതലത്തിൽ ആശങ്കയുണ്ടെന്നിരിക്കെ പ്രദേശവാസികളോടും സമീപ രാജ്യങ്ങളോടും ഈ നടപടിയെ കുറിച്ച് അധികം വൈകാതെ ജപ്പാൻ സർക്കാർ വിശദീകരിക്കുമെന്ന് നിക്കി ന്യൂസ്പേപ്പർ റിപ്പോർട്ട് ചെയ്യുന്നു. ഫുകുഷിമ തകർന്നതോടെ ആണവനിലയ പ്രദേശത്ത് ആയിരത്തിലേറെ ടാങ്കുകളിലായാണ് റേഡിയോ ആക്ടീവതയുള്ള ഈ വെള്ളം സൂക്ഷിച്ചിരിക്കുന്നത്. 13 ലക്ഷം ടൺ വെള്ളമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഈ വെള്ളത്തിന് 500 ഒളിമ്പിക് സ്വിമ്മിംഗ് പൂളുകളെ നിറയ്ക്കാൻ സാധിക്കും.
2021 ഏപ്രിലിലാണ് ജപ്പാൻ ആദ്യമായി വെള്ളം കടലിലേക്ക് ഒഴുക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ അന്ന് അയൽ രാജ്യങ്ങളിൽ നിന്നും പസഫിക് ദ്വീപ് രാജ്യങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികളിൽ നിന്നും എതിർപ്പുയർന്നതോടെ ഈ പദ്ധതിയിൽ നിന്ന് ജപ്പാൻ പിന്തിരിയുകയായിരുന്നു. വെള്ളം പുറത്തുവിടുമ്പോഴുണ്ടാകുന്ന പ്രധാന ആശങ്ക റേഡിയോ ആക്ടീവ് ഐസോടോപ്പായ ട്രിടിയത്തിന്റെ സാന്നിദ്ധ്യമാണ്. വെള്ളത്തിൽ നിന്ന് ട്രിടിയത്തെ വേർതിരിക്കുക എളുപ്പമല്ല. പുറന്തള്ളുന്നതിന് മുമ്പ് ജപ്പാൻ ജലത്തിലെ ട്രിടിയത്തിന്റെ അളവ് കുറയ്ക്കുമെന്നാണ് അന്താരാഷ്ട്ര ആണവോർജ സമിതി പറയുന്നത്. പതിറ്റാണ്ടുകളെടുത്താകും ജലം ഒഴുക്കികളയുക. ഒഴുക്കി തുടങ്ങിയാൽ ഇത് കൃത്യമായി നിരീക്ഷിക്കുമെന്നും അന്താരാഷ്ട്ര ആണവോർജ സമിതി പറയുന്നു.
എന്നാൽ പദ്ധതിയെ എതിർത്ത് ചൈനയടക്കമുള്ള രാജ്യങ്ങൾ രംഗത്തുണ്ട്. ജപ്പാന്റെ തെറ്റായ തീരുമാനം തിരുത്തണമെന്നാണ് ചൈനയുടെ ആവശ്യം. റേഡിയോ ആക്ടീവതയുള്ള ഈ വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്ന പദ്ധതി ഉപേക്ഷിക്കണമെന്നും ശാസ്ത്രീയവും സുരക്ഷിതവും സുതാര്യവുമായി വേണം ഒഴിവാക്കാനെന്നും ചൈനയുടെ വിദേശ മന്ത്രാലയും ആവശ്യപ്പെടുന്നു. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയുമാണ് പ്രധാനമെന്ന് ദക്ഷിണ കൊറിയയും പ്രതികരിച്ചിട്ടുണ്ട്. ഫുകുഷിമയ്ക്ക് സമീപത്തുനിന്നുള്ള എട്ട് സ്ഥാപനങ്ങളിൽ നിന്ന് സീഫുഡ് ഇറക്കുമതി ചെയ്യുന്നത് 2013 ൽ ദക്ഷിണ കൊറിയ വിലക്കിയിരുന്നു.
2011ലുണ്ടായ സുനാമിയിലാണ് ലോകത്തെ മുഴുവൻ ആശങ്കയിലാക്കി ഫുകുഷിമ ആണവനിലയം തകർന്നത്. സുനാമിയിൽ, റിയാക്ടർ തണുപ്പിക്കുന്ന പമ്പുകൾ വൈദ്യുതി ലഭിക്കാതെ പ്രവർത്തന രഹിതമായതിനെ തുടർന്ന് റിയാക്ടർ കോർ തണുപ്പിക്കാനുള്ള സംവിധാനം തകരാറിലാവുകയും റിയാക്ടറിനകത്തെ മർദ്ദം ക്രമാതീതമായി വർധിച്ച് സ്ഫോടനം സംഭവിക്കുകയുമായിരുന്നു. 200 കിലോമീറ്റർ അകലെയുള്ള ടോക്കിയോയിൽ പോലും ജലത്തിൽ കൂടിയ അളവിൽ വികിരണം കണ്ടെത്തിയിരുന്നു. റഷ്യയിലെ ചെർണോബിൽ ആണവ ദുരന്തത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ ദുരന്തമായിരുന്നു ഫുകുഷിമ. ലക്ഷക്കണക്കിന് ജനങ്ങളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടി വന്നത്.