യുദ്ധം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം സംബന്ധിച്ച ചർച്ചകൾക്ക് കാലങ്ങളോളം പഴക്കമുണ്ട്. ഒരു പ്രദേശത്തിന്റെയാകെ ജൈവികഘടനയെപ്പോലും മാറ്റിമറിച്ച യുദ്ധങ്ങൾക്ക് ലോകം സാക്ഷിയായിട്ടുമുണ്ട്. യുദ്ധം പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും തകിടംമറിച്ചതിന്റെ ഏറ്റവും അവസാനത്തെ നേർക്കാഴ്ച്ചയാണ് യുക്രൈനിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. റഷ്യൻ ആക്രമണത്തിന്റെ തുടർച്ചയായി ഒരു ഡാം തകരുന്നു. പിന്നാലെ വെള്ളപ്പൊക്കമുണ്ടാകുന്നു. നദിക്കരയിലുണ്ടായിരുന്ന ഒരു മൃഗശാല പൂർണമായും വെള്ളത്തിലാവുന്നു. അങ്ങനെ അവിടെയുണ്ടായിരുന്ന ജീവികളിൽ ഭൂരിഭാഗത്തിനും ജീവൻ നഷ്ടമാകുന്നു. ബോംബാക്രമണം അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മാസങ്ങളായി നിലനിൽക്കുകയായിരുന്ന മൃഗശാലയാണ് ഒടുവിൽ നാമാവശേഷമായത്.
യുക്രൈനിലെ ഏറ്റവും വലിയ നദികളിലൊന്നായ നൈഫറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന കസ്കോവ ഡയബ്രോവ മൃഗശാലയിലാണ് മൃഗങ്ങൾക്ക് ദാരുണമായി ജീവൻ നഷ്ടപ്പെട്ടത്. കഖോവ അണക്കെട്ടിന്റെ താഴ്ഭാഗത്തായിരുന്നു മൃഗശാല. റഷ്യൻ ആക്രമണത്തിൽ ദിവസങ്ങൾക്ക് മുമ്പ് കഖോവ അണക്കെട്ട് തകരുകയായിരുന്നു. നദിയിൽ വെള്ളമുയരുകയും സമീപപ്രദേശങ്ങൾ മുങ്ങുകയും ചെയ്തു. ജൂൺ ആറിനാണ് അണക്കെട്ട് തകർന്നത്. രണ്ട് ദിവസത്തോളം ഈ പ്രദേശങ്ങൾ വെള്ളത്തിലായിരുന്നു. വെള്ളമിറങ്ങിയതോടെ ഇവിടേക്കെത്തിയ മൃഗശാല ജീവനക്കാർ കണ്ടത് ചത്തൊടുങ്ങിയ മൃഗങ്ങളെയാണ്. പോണി വിഭാഗത്തിലുള്ള കുതിര, ഒരു കോവർ കഴുത, ഗിനിപന്നികൾ, തത്തകൾ, ചെറു കുരങ്ങുകൾ തുടങ്ങി മൂന്നൂറോളം ജീവികളാണ് ഇവിടെയുണ്ടായിരുന്നത്. ഇതു കൂടാതെ ചെറു പക്ഷികൾ, അരയന്നങ്ങൾ, താറാവുകൾ എന്നിവയും ഉണ്ടായിരുന്നു. ഇവയിൽ താറാവുകളും അരയന്നങ്ങളും മാത്രമാണ് ജീവനോടെ അവശേഷിച്ചത്.
റഷ്യൻ ആക്രമണം ഈ പ്രദേശത്ത് രൂക്ഷമായതോടെ കസ്കോവ ഡയബ്രോവയിലെ മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങൾ അധികൃതർ നടത്തിയിരുന്നു. എന്നാൽ ആക്രമണത്തിൽ റോഡുകൾ തകർന്നതിനാൽ ഇവയൊന്നും ഫലവത്തായില്ല. ശൈത്യകാലമെത്തിയതോടെ മൃഗങ്ങൾക്ക് ഭക്ഷണമെത്തിക്കാനും വലിയ പ്രതിസന്ധി നേരിട്ടിരുന്നു. പ്രദേശവാസികളാണ് ഈ സമയത്തൊക്കെ മൃഗങ്ങൾക്ക് ഭക്ഷണമെത്തിച്ചത്. ആക്രമണത്തിന്റെ പരിണിതഫലമായി വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടതോടെ ശൈത്യകാലത്ത് മൃഗങ്ങൾക്ക് ചൂട് നൽകാനുള്ള സാങ്കേതിക സംവിധാനങ്ങളും താറുമാറായിരുന്നു. സ്വന്തം വീടുകളിലേക്ക് കൊണ്ടുപോയാണ് പല ജീവികളെയും അന്ന് ജീവനക്കാർ സംരക്ഷിച്ചത്.
കസ്കോവ ഡയബ്രോവ മൃഗശാലയുടെ ദുരവസ്ഥ ചർച്ചയായതോടെ അണക്കെട്ട് നശിപ്പിച്ചതാര് എന്നതിനെച്ചൊല്ലി റഷ്യയും യുക്രൈനും വാദപ്രതിവാദം തുടങ്ങിയിട്ടുണ്ട്. ഇരുകൂട്ടരും പരസ്പരം പഴിചാരുകയാണ്. അതിനിടെ, മൃഗങ്ങൾ ചത്തെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് റഷ്യ പ്രതികരിച്ചത് വലിയ വിമർശനത്തിനിടയാക്കുകയും ചെയ്തു.
'പ്രകോപനപരമായ സമ്പൂർണ അധിനിവേശം' എന്നാണ് മൃഗങ്ങൾ ചത്തൊടുങ്ങിയ സംഭവത്തോട് പ്രതികരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനെ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ് പരസ്യമായി വിമർശിച്ചത്.
യുക്രൈനൊപ്പം നിൽക്കാൻ നിലപാട് സ്വീകരിച്ച ഗ്രേറ്റയ്ക്ക് നന്ദി പറഞ്ഞ് യുക്രൈൻ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കി രംഗത്തെത്തുകയും ചെയ്തു.റഷ്യയുടെ യുക്രൈൻ അധിനിവേശത്തോടെ രാജ്യത്തെ പല മൃഗശാലകളിലും മൃഗങ്ങൾ വെല്ലുവിളികൾ നേരിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പല മൃഗശാലകളിൽ നിന്നും മൃഗങ്ങളെ പോളണ്ടിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ, എല്ലാ മൃഗങ്ങളുടെ കാര്യത്തിലും ഇത് സാധ്യമായിരുന്നില്ല. ആക്രമണമേഖലകളിലെ മൃഗശാലകളിൽ നിന്ന് ഇവയെ വണ്ടികളിൽ സുരക്ഷിതമായി മറ്റൊരിടത്തേക്ക് എത്തിക്കുന്നതിന് നിരവധി തടസ്സങ്ങളുണ്ടായിരുന്നു. അളവിൽകൂടിയ ശബ്ദം കേൾക്കുന്നതുപോലും പല മൃഗങ്ങളെയും കടുത്ത സമ്മർദ്ദത്തിലാക്കാറുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ സങ്കീർണമായ മേഖലകളിലൂടെ അവയെ കൊണ്ടുപോകുന്നത് ബോംബാക്രമണത്തിന്റെയോ വെടിവെയ്പിന്റെയോ ഭീഷണി മാത്രമല്ല ഉയർത്തിയിരുന്നത്. ഇങ്ങനെ കൊണ്ടുപോകുന്നത് ഗുരുതരമായ രോഗത്തിനോ അതിലൂടെ അവയുടെ മരണത്തിന് തന്നെയോ കാരണമാകുമെന്ന സാഹചര്യവും നിലനിന്നിരുന്നു. യുദ്ധവും അധിനിവേശങ്ങളും മനുഷ്യരാശിക്ക് വരുത്തിവെക്കുന്ന ദുരിതങ്ങളെക്കുറിച്ച് ലോകം ആശങ്കപ്പെടുമ്പോൾ തന്നെ, അവ പരിസ്ഥിതിക്കും ജന്തുജാലങ്ങൾക്കും ഏൽപ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് വേണ്ട വിധത്തിൽ ചർച്ചകളുണ്ടാകുന്നുണ്ടോ എന്ന ചോദ്യവും ഉയർത്തുന്നതാണ് കസ്കോവ ഡയബ്രോവ മൃഗശാലയിലുണ്ടായ ദുരന്തം.