ഏതൻസ്: രാജ്യത്തെ പ്രധാനവിനോദസഞ്ചാര കേന്ദ്രമായ റോഡ്സ് ദ്വീപിലേക്ക് സൗജന്യ വിനോദസഞ്ചാര പാക്കേജുമായി ഗ്രീസ് സർക്കാർ. കാട്ടുതീ പടർന്ന് പിടിച്ചതിനെ തുടർന്ന് റോഡ്സിലെ വിനോദസഞ്ചാരികൾക്ക് ദ്വീപിൽ നിന്ന് ഒഴിഞ്ഞുപോകേണ്ടി വന്നിരുന്നു. ഇതിന് പരിഹാരമായാണ് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സൗജന്യ പാക്കേജുമായി സർക്കാർ രംഗത്തെത്തിയത്. ഒരാഴ്ചത്തേക്കുള്ള പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചത്.
ഹോട്ടലുകളും റിസോർട്ടുകളും ഉൾപ്പെടെ കാട്ടുതീയിൽ കത്തിനശിച്ചതിനെ തുടർന്ന് മുപ്പതിനായിരത്തോളം സഞ്ചാരികളെയാണ് ദ്വീപിൽ നിന്ന് ഒഴിപ്പിച്ചത്. ജൂലൈയിൽ പടർന്ന കാട്ടുതീയിൽ വലിയ നാശനഷ്ടങ്ങളാണ് ദ്വീപിലുണ്ടായത്. ഗ്രീക്ക് സർക്കാർ പ്രാദേശിക ഭരണകൂടവുമായി സഹകരിച്ചാകും സൗജന്യ പാക്കേജ് നടപ്പിലാക്കുക.
റോഡ്സിൽ നിന്ന് മടങ്ങിപോകേണ്ടി വന്ന മുഴുവൻ സഞ്ചാരികൾക്കും അടുത്ത വസന്തകാലത്ത് ഒരാഴ്ച നീളുന്ന സൗജന്യ താമസത്തിന് അവസരമൊരുക്കുമെന്ന് ഗ്രീസ് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോടാകിസ് പറഞ്ഞു. രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മികച്ച വരുമാനം നൽകുന്നതാണ് റോഡ്സ് ദ്വീപ്. കഴിഞ്ഞ വർഷം മാത്രം 25 ലക്ഷം സഞ്ചാരികളാണ് ദ്വീപിൽ അവധി ദിവസം ആഘോഷിക്കാനെത്തിയത്. അതിനാൽ കാട്ടുതീയുടെ ആഘാതത്തിൽ നിന്ന് ദ്വീപിനെ തിരിച്ചുകൊണ്ടുവരാനായി സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ട്.