ലോകസുന്ദരിമാരേ ഇതിലേ ഇതിലേ! മിസ് വേൾഡ് മത്സരത്തിന് വേദിയാകാൻ ഇന്ത്യ

71-ാമത് മിസ് വേൾഡ് മത്സരമാണ് ഇന്ത്യയിൽ നടക്കുക

നീണ്ട 28 വർഷങ്ങൾക്ക് ശേഷം മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. 71-ാമത് മിസ് വേൾഡ് മത്സരമാണ് ഇന്ത്യയിൽ നടക്കുക. വെള്ളിയാഴ്ച മിസ് വേൾഡ് ചെയർമാൻ ജൂലിയ മോർലി എക്സിൽ കുറിച്ച പോസ്റ്റിലൂടെയാണ് സംഘാടകർ ഈ വാർത്ത പ്രഖ്യാപിച്ചത്.

ഫെബ്രുവരി 18 ആരംഭിച്ച് മാർച്ച് 9 ന് സമാപിക്കുന്ന സൗന്ദര്യ മാമങ്കത്തിന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററും ഡൽഹി ഭാരത് മണ്ഡപവും വേദിയാക്കും. വേൾഡ് ടോപ്പ് ഡിസൈനർ അവാർഡ് & മിസ് വേൾഡ് ടോപ്പ് മോഡൽ, മിസ് വേൾഡ് സ്പോർട്സ് ചലഞ്ച്, മിസ് വേൾഡ് ടാലന്റ് ഫൈനൽ എന്നിവയാണ് പ്രധാന മത്സരങ്ങൾ.

71-ാമത് ലോകസുന്ദരി മത്സരത്തിന്റെ ഫൈനൽ മാർച്ച് 9 ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കും. മാർച്ച് ഒൻപതിന് രാത്രി 7.30ന് ആരംഭിക്കുന്ന മത്സരം 10.30 ഓടെയാണ് അവസാനിക്കുക. മിസ് വേൾഡ് മത്സരത്തിൽ ലോകമെമ്പാടുമുള്ള 120 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികൾ മാറ്റുരയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. 2022 ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് സിനി ഷെട്ടി രാജ്യത്തെ പ്രതിനിധീകരിക്കും.

To advertise here,contact us