കാൻസ‍ർ സാധ്യത കുറയ്ക്കാൻ വഴി ശരീരം തന്നെ കണ്ടെത്തും; ഈ പ്രശ്നക്കാരനെ മാറ്റിയാൽ മതി

മെലാറ്റോണിൻ്റെ അളവ് കുറയുന്നത് കാൻസ‍ർ വളരാൻ കാരണമാകും.

2 min read|04 Jun 2025, 06:05 pm

അർബുദ രോ​ഗത്തെകുറിച്ച് നിരവധി പഠനങ്ങളാണ് ലോകത്ത് നടക്കുന്നത്. അതിനെ തടയാനുള്ള ശാശ്വതമായ പ്രതിവിധിയിലേക്ക് ലോകം ഇതുവരെയും എത്തിച്ചേ‍ർന്നിട്ടില്ല. കാൻസ‍ർ വരാനുള്ള സാധ്യത കുറക്കാൻ പല വഴികളും ശാസ്ത്രലോകം നി‍ർദ്ദേശിക്കുന്നുണ്ട്. രാത്രി ഉറക്കം കുറയുന്നത് കാൻസ‍‍ർ വരാനുള്ള സാധ്യത വ‍ർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഉറക്കം വരാൻ സഹായിക്കുന്ന ഹോർമാേണാണ് മെലാറ്റോണിൻ. ഇതുമാത്രമല്ല മെലാറ്റോണിൻ്റെ ​ഗുണം. ശരീരത്തിലെ കോശങ്ങളെ ആരോ​ഗ്യമുള്ളതാക്കി മാറ്റാനും രോ​ഗപ്രതിരോധശേഷി വ‍ർദ്ധിപ്പിക്കാനും മെലാറ്റോണിൻ സഹായിക്കും. ശരീരഭാ​ഗങ്ങളിൽ മുഴകൾ വളരുന്നതും മെലാറ്റോണിൻ പ്രതിരോധിക്കും. മെലാറ്റോണിൻ്റെ അളവ് കുറയുന്നത് കാൻസ‍ർ വളരാൻ കാരണമാകും.

തുട‍ർച്ചയായി രാത്രി ജോലികൾ ചെയ്യുന്ന ആളുകളിൽ കാൻസറിനുള്ള സാധ്യത കൂടുതലാണെന്ന് ഇൻ്റർനാഷണൽ ഏജൻസി ഫോ‍ർ റിസ‍ർച്ച് ഓൺ കാൻസർ കണ്ടെത്തിയിട്ടുണ്ട്‌. തലച്ചോറിന് മെലാറ്റോണിൻ്റെ ഉത്പാദനം കുറക്കേണ്ടി വരുന്ന മറ്റൊരു സന്ദർഭമാണ് രാത്രിയിലെ ഫോൺ ഉപയോ​ഗം. ഫോണിൽ നിന്ന് വരുന്ന വെളിച്ചം തലച്ചോറിനെ പകലാണോ രാത്രിയാണോയെന്ന കൺഫ്യൂഷനിലാക്കുന്നു. ഇത് മെലാറ്റോണിൻ്റെ അളവ് കുറക്കാനും ഉറക്കം കുറയ്ക്കാനും കാരണമാകുന്നു.

പുതിയ ജീവിതശൈലിയിൽ രാത്രി ഫോൺ ഉപയോ​ഗിക്കുന്നവരുടെയും വൈകി ഉറങ്ങുന്നവരുടെയും എണ്ണം കൂടുതലാണ്. ഇത് പ്രകൃതിദത്തമായ ഉറക്കം നഷ്ടപ്പെടുന്നതിന് കാരണമാകും. രാത്രിയിൽ സ്ക്രീൻ ഉപയോ​ഗം കുറച്ച് നേരത്തെ ഉറങ്ങുന്നവരിൽ കാൻസറിനെ പ്രതിരോധിക്കാനുള്ള വഴി ശരീരം തന്നെ കണ്ടെത്തുമെന്ന് സാരം.

To advertise here,contact us