ഉടനെ അമ്മയാകേണ്ട, അണ്ഡം ശീതീകരിക്കുന്നവരുടെ എണ്ണം കൂടുന്നു; റിപ്പോർട്ട്

എപ്പോഴാണോ അമ്മയാകണമെന്ന് അണ്ഡത്തിന്റെ ഉടമയ്ക്ക് തോന്നുന്നത് അപ്പോൾ ഐവിഎഫ് വഴി ബീജവുമായി സംയോജിപ്പിച്ച് ഗർഭാശയത്തിൽ നിക്ഷേപിക്കും.

ന്യൂഡൽഹി: അണ്ഡശീതീകരണം കുറച്ച് കാലങ്ങളായി പാശ്ചാത്യ രാജ്യങ്ങളിൽ വളരെയധികം പ്രചാരത്തിലുള്ളതാണ്. ഇപ്പോൾ ഇത് ഇന്ത്യയിലും പതിയെ പിടിമുറുക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. എപ്പോൾ അമ്മയാകണമെന്ന് യുവതികൾക്ക് തീരുമാനിക്കാം. പ്രസവവും ശിശുപരിപാലനവും കാരണം പഠനത്തിലും ജോലിയിലും മുഴുകാനാകാത്തവർ, രോഗങ്ങൾ കാരണം പ്രസവം വൈകിപ്പിക്കുന്നവർ. ഇവർക്കെല്ലാം ഒരു പോംവഴിയാണ് അണ്ഡശീതീകരണം. രാജ്യത്ത് അണ്ഡശീതീകരണ മാർഗം സ്വീകരിക്കുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നുവെന്നാണ് ഇന്ത്യൻ സൊസൈറ്റി ഫോർ അസിസ്റ്റഡ് റിപ്രൊഡക്ഷന്റെ കണ്ടെത്തൽ. കേരളത്തിൽ അഞ്ചിരട്ടിയിലേറെ വർധനയുണ്ട്.

അണ്ഡശീതീകരണം എന്ന സംവിധാനം 1980കൾ മുതൽ നിലവിലുണ്ട്. എന്നാൽ ഇതിന് വേണ്ടത്ര പ്രചാരണം ഉണ്ടായിരുന്നില്ല. അമ്മയാകുക എന്നതിനെക്കാൾ മുമ്പ് തൊഴിൽപരമായും സാമൂഹികപരമായും മുന്നേറുക എന്നത് സ്ത്രീകളുടെ മുൻഗണനയായി മാറുന്ന കാലമാണിത്. ഈ സാഹചര്യത്തിൽ അണ്ഡശീതീകരണം ഒരു അനുഗ്രഹം ആകുന്നു. 30 നും 35 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ഇത് കൂടുതലായി തിരഞ്ഞെടുക്കുന്നു. അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതാണ് ഇതിന്റെ ശാസ്ത്രീയ രീതി. എപ്പോഴാണോ അമ്മയാകണമെന്ന് അണ്ഡത്തിന്റെ ഉടമയ്ക്ക് തോന്നുന്നത് അപ്പോൾ ഐവിഎഫ് വഴി ബീജവുമായി സംയോജിപ്പിച്ച് ഗർഭാശയത്തിൽ നിക്ഷേപിക്കും.

1.6 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെയാണ് നിലവിൽ ഇതിന് ചിലവ് വരുന്നത്. അണ്ഡം സൂക്ഷിക്കുന്നതിനായി പ്രതിമാസം 10,000 മുതൽ 20,000 രൂപ വരെ ചിലവാകും. അണ്ഡം നശിക്കാതെ 10 വർഷം വരെ സൂക്ഷിക്കാം. അതിന് ശേഷവും അമ്മയാകാൻ താത്പര്യമില്ലെങ്കിൽ നശിപ്പിക്കുകയോ ഗവേഷണത്തിനായി സംഭാവന നൽകുകയോ ചെയ്യാം.

To advertise here,contact us