മഴയെവിടെ? പടിഞ്ഞാറൻ കാറ്റ് ദുർബലം; കർക്കടകത്തിൽ മഴ കുറഞ്ഞു

എൽനിനോ, മാക്സിമാ പ്രതിഭാസങ്ങൾ തെക്ക് പടിഞ്ഞാറൻ കാറ്റിനെ ദുർബലമാക്കുന്നതാണ് ഇപ്പോഴത്തെ മഴക്കുറവിന് കാരണമാകുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭ്യത കുറയുന്നു. ഓഗസ്റ്റിൽ പെയ്യേണ്ട മഴ ഇതുവരെയും ലഭിച്ചിട്ടില്ല. വെയിലുറച്ചു നിൽക്കുന്ന കർക്കടകമാണ് കഴിഞ്ഞുപോയത്. പടിഞ്ഞാറൻ കാറ്റ് ദുർബലമായതാണ് ചൂട് കൂടാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. ഇനി മഴ ലഭിക്കുക സെപ്റ്റംബർ പകുതിയോടെയായിരിക്കും. എൽനിനോ, സോളാർ മാക്സിമാ പ്രതിഭാസങ്ങൾ തെക്ക് പടിഞ്ഞാറൻ കാറ്റിനെ ദുർബലമാക്കുന്നതാണ് ഇപ്പോഴത്തെ മഴക്കുറവിന് കാരണമാകുന്നത്. സെപ്തംബറിൽ മഴ ലഭിച്ചാലും മഴക്കുറവ് പരിഹരിക്കാനാകില്ലെന്നാണ് വിദഗ്ധാഭിപ്രായം.

എന്നാൽ ഒക്ടോബറോടെ തുലാമഴ ലഭിച്ചാൽ ഇപ്പോഴത്തെ മഴക്കുറവ് പരിഹരിക്കാനായേക്കും. ഈ വർഷം ഇതുവരെ ലഭിക്കേണ്ടിയിരുന്ന മഴയിൽ 45 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നു എന്ന സൂചനകളാണ് ഇതിൽ നിന്നെല്ലാം ലഭിക്കുന്നത്. ഓഗസ്റ്റിൽ പെയ്യുന്ന മഴയാണ് കേരളത്തെ സമൃദ്ധമാക്കിയിരുന്നത്. എന്നാൽ ഇത് കുറയുന്നതോടെ കൃഷിയെയടക്കം ബാധിക്കുന്ന അവസ്ഥയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം പസഫിക് സമുദ്രോപരിതലത്തിൽ താപനില ഉയരുന്നതോടെയുണ്ടാകുന്ന ഉഷ്ണതരംഗം ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളെ സാരമായാണ് ബാധിക്കുന്നത്. ഇതോടെ മൺസൂൺ വൈകുന്നത് കേരളത്തിൽ മഴക്കുറവിന് കാരണമാകുന്നുണ്ട്.

To advertise here,contact us