കോഴിക്കോട്: കാലവർഷം പകുതി പിന്നിട്ടിട്ടും കേരളത്തിൽ മഴയില്ല. പെയ്ത മഴയിൽ 35% കുറവുണ്ടായെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിക്കേണ്ട മഴ 1300 മില്ലീമീറ്ററാണ്. പക്ഷെ സംസ്ഥാനത്ത് പെയ്ത മഴ 850 മില്ലീമീറ്റർ മാത്രമാണ്. ഏറ്റവും കൂടുതൽ മഴ ലഭിക്കാറുള്ള ജൂൺ മാസത്തിൽ മാത്രം 60 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും മഴ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. വിവിധ ജില്ലകളിലും മഴയുടെ കുറവുണ്ടായി. ഇടുക്കിയിൽ 52 ശതമാനവും വയനാട്, കോഴിക്കോട് ജില്ലകളിൽ 48 ശതമാനവും മഴ കുറഞ്ഞു. ഏറ്റവും കൂടുതൽ മഴ ലഭിച്ച കാസർഗോഡ് ജില്ലയിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18 ശതമാനം കുറവ് അനുഭവപ്പെട്ടു.
ഏറ്റവും കുറവ് മഴ ലഭിച്ചത് പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ്. വലിയ തോതിൽ മഴ കുറയുന്നതോടെ സംസ്ഥാനം വൻ പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് സൂചന. ഡാമുകളിലെ വെള്ളം കുറയുന്നതോടെ വൈദ്യുതി ഉത്പാദനത്തിലടക്കം വെല്ലുവിളി നേരിട്ടേക്കാം. ഇത്തരത്തിൽ മഴ കുറഞ്ഞാൽ വേനലിന് മുൻപ് തന്നെ വരൾച്ച എത്തുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.