തീരപ്രദേശങ്ങളിൽ കണ്ടൽക്കാടുകൾ വച്ചുപിടിപ്പിക്കാനൊരുങ്ങി സൗദി

സൗദി ഗ്രീന് ഇനിഷ്യേറ്റീവ്, വിഷന് 2030 എന്നീ പദ്ധതികളുടെ ലക്ഷ്യപ്രാപ്തിക്കാണെന്നും അധികൃതര് വ്യക്തമാക്കി

റിയാദ്: സൗദി അറേബ്യയിലെ തീര പ്രദേശങ്ങളില് കണ്ടൽക്കാടുകൾ വെച്ച് പിടിപ്പിക്കാന് തീരുമാനം. വരും വർഷങ്ങളിലായി 10 കോടി കണ്ടല് മരങ്ങള് വെച്ചുപിടിപ്പിക്കുമെന്ന് നാഷ്ണല് സെന്റര് ഫോര് വെജിറ്റേഷന് കവര് ഡെവലപ്മെന്റ് ആന്ഡ് കോമ്പാറ്റിംഗ് ഡെസര്ട്ടിഫിക്കേഷന് അറിയിച്ചു. ഇതിനോടകം തന്നെ ചെങ്കടലിന്റേയും അറേബ്യന് ഗള്ഫിന്റേയും തീരപ്രദേശങ്ങളില് കേന്ദ്രം ആറ് കോടി കണ്ടല് തൈകള് നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതില് ഏറ്റവും കൂടുതല് കണ്ടല് തൈകള് വച്ചുപിടിപ്പിച്ചത് ജിസാനിലെ ചെങ്കടല് തീരത്താണ്. 33 ലക്ഷത്തിലധികം തൈകളാണ് ഇവിടെ വച്ചുപിടിപ്പിച്ചത്. സൗദി ഗ്രീന് ഇനിഷ്യേറ്റീവ്, വിഷന് 2030 എന്നീ പദ്ധതികളുടെ ലക്ഷ്യപ്രാപ്തിക്കാണെന്നും അധികൃതര് വ്യക്തമാക്കി.

കണ്ടൽക്കാടുകൾ പരിസ്ഥിതി സംരക്ഷണത്തില് വലിയ പങ്കാണ് വഹിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ അധികം പ്രാധാന്യമാണ് കണ്ടല്ക്കാടുകള്ക്കുള്ളത്. കാര്ബണ് വേര്തിരിക്കുമ്പോള് മറ്റ് വനങ്ങളെ അപേക്ഷിച്ച് ഉണ്ടാകുന്ന ഏറ്റവും ഉയർന്ന കാര്യക്ഷമതയാണ് കണ്ടൽക്കാടുകളുടെ പ്രധാന സവിശേഷത. മാത്രമല്ല, ദേശാടന പക്ഷികളുടെ സ്വാഭാവിക ആവാസ കേന്ദ്രങ്ങൾ കൂടിയാണ്. മത്സ്യ സമ്പത്ത് പരമാവധി വര്ധിപ്പിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന് കണ്ടല്ക്കാടുകള് സഹായിക്കും. സസ്യജാലങ്ങളെ വികസിപ്പിക്കാനും നിലനിർത്താനും സംരക്ഷിക്കാനും രാജ്യത്തിന് ചുറ്റും അവ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുമാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.

കണ്ടൽക്കാടുകള് ബീച്ചുകളില് നിന്ന് മലിനീകരണം ഒഴിവാക്കുന്നതിനും പ്രാദേശികമായി താപനിലയും ഈര്പ്പവും കുറയ്ക്കുന്നതിനും സഹായിക്കുന്നു. പരിസ്ഥിതിയെ കൂടാതെ സാമ്പത്തികം ടൂറിസം മേഖലകളിലും കണ്ടൽക്കാടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. അന്തരീക്ഷത്തിലെ കാർബൺ ആഗിരണത്തിന് സഹായിക്കുന്ന ഒരു സ്വാഭാവിക സംഭരണശാല കൂടിയാണ് കണ്ടൽക്കാടുകൾ.

To advertise here,contact us