സന്തോഷം പങ്കിടുന്ന കുറച്ച് മണിക്കൂറുകള് ഊഷ്മളമാര്ന്ന ഓര്മകളായി മാറുന്ന ഒരിടം. പങ്കുവയ്ക്കലിന്റെ, ആഹ്ലാദത്തിന്റെ, ആഘോഷത്തിന്റെ കപ്പുനിറയെ രുചി പകരുന്നുണ്ട് കഫേ കോഫി ഡേ. ഇന്നതിന്റെ നായികാപദവിയില് ഒരാളുണ്ട്. ജീവിതത്തെ ദുരന്തം വേട്ടയാടിയപ്പോള്, അതില് എന്നേക്കുമായി തളര്ന്നിരിക്കാതെ നിശ്ചയദാര്ഢ്യത്തോടെ വലിയൊരു സ്ഥാപനത്തെ തോളിലേറ്റിയ ഒരാള്.
2019 ജുലൈയില് കഫേ കോഫീ ഡേ സ്ഥാപകന് വി.ജി സിദ്ധാര്ഥ ആത്മഹത്യ ചെയ്തുവെന്ന വാര്ത്ത രാജ്യത്തെ ഞെട്ടിക്കുന്നതായിരുന്നു. മംഗളുരുവിന് സമീപം നേത്രാവതി നദിയില് ചാടുകയായിരുന്നു. 36 മണിക്കൂര് നീണ്ട തിരച്ചിലിന് ശേഷമാണ് നദീതീരത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. ഭര്ത്താവിന്റെ മരണം മാളവിക ഹെഗ്ഡെയെ തകര്ത്തുവെന്ന് ഉറപ്പ്. പക്ഷേ അവിടെ നിന്ന് ഉയര്ത്തെഴുന്നേറ്റ് അവര് വിജയക്കൊടി പാറിച്ചിരിക്കുകയാണ്. ആഗോള ബിസിനസ് രംഗത്ത് സ്വന്തമായ ഒരിടം ഇന്ന് കഫേ കോഫി ഡേ തിരിച്ചു പിടിച്ചു കഴിഞ്ഞു.
തളരാതെ മുന്നോട്ട്
കടബാധ്യതകള് താങ്ങാനാകാതെയാണ് സിദ്ധാര്ഥ ജീവനൊടുക്കിയത്. ബാധ്യതകള് തീര്ക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം മാളവികയ്ക്ക് ഏറ്റെടുക്കേണ്ടി വരികയായിരുന്നു. എന്ത് വില കൊടുത്തും കഫേ കോഫി ഡേ എന്ന പേര് നിലനിര്ത്തണം എന്ന ദൃഢനിശ്ചയമാണ് മാളവികയെ മുന്നോട്ട് നയിച്ചതെന്ന് അവര് തന്നെ പറഞ്ഞിട്ടുണ്ട്.
ബാധ്യതകള് ആരേറ്റെടുക്കും?
പലരും കരുതിയത് സിദ്ധാര്ഥയുടെ മരണശേഷം കഫേ കോഫി ഡേ നിലനില്ക്കില്ലെന്നാണ്. ആര് ഇനി ഈ കമ്പനി ഏറ്റെടുക്കുമെന്ന ചോദ്യവും ഉയര്ന്നു. കടം കുമിഞ്ഞുകൂടിയതിനാല് കമ്പനിയെ ആരും ഏറ്റെടുക്കില്ല എന്ന് എല്ലാവരും വിശ്വസിച്ചു. എന്നാല് ഈ സംശയങ്ങള്ക്കെല്ലാം സിദ്ധാര്ഥയുടെ ഭാര്യ മാളവിക കൈവശം മറുപടിയുണ്ടായിരുന്നു. ഓര്മ്മയായി മാറുമെന്ന് കരുതിയ സിസിഡിയെ കൈപിടിച്ച് ഉയര്ത്തി.
ആരായിരുന്നു മാളവിക ഹെഗ്ഡെ
മുന് കര്ണാടക മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മകളാണ് മാളവിക. 1969-ല് ബെംഗലുരുവില് ജനിച്ച മാളവിക എഞ്ചിനിയറിംഗ് ബിരുദധാരിയാണ്. 1991-ലാണ് സിദ്ധാര്ഥയുമായുള്ള വിവാഹം. രണ്ട് മക്കള്,ഇഷാനും അമര്ത്യയും. സിദ്ധാര്ഥ സിഇഒ ആയിരുന്ന കഫേ കോഫി ഡേയുടെ നോണ് ബോര്ഡ് മെമ്പര് മാത്രമായിരുന്നു മാളവിക.
മാളവികയുടെ തന്ത്രങ്ങള്
2020 ഡിസംബറില് മാളവിക കോഫി ഡേ എന്റര്പ്രൈസസ് ലിമിറ്റഡിന്റെ സിഇഒയായി ചുമതലയേറ്റു. അന്ന് മുതല് കമ്പനിയുടെ വളര്ച്ചയ്ക്കായി അഹോരാത്രം പ്രവര്ത്തിച്ചു. 2019-ല് കോഫി ഡേയ്ക്ക് 7000 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിരുന്നത്. കോടികള് കടത്തില് മുങ്ങി നില്ക്കുന്ന കമ്പനിയെ കരകയറ്റാന് മാളവിക കൈക്കൊണ്ട തന്ത്രപ്രധാനമായ തീരുമാനങ്ങള് പലതും ഫലം കണ്ടു. പ്രയോജനമില്ലാത്ത ഔട്ലെറ്റുകള് പൂട്ടി. പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന ഔട്ലെറ്റുകളുടെ വരുമാനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ശ്രമിച്ചു.
ചെലവ് കുറച്ചു, വരുമാനം കൂട്ടി
കോവിഡ് പിടിമുറുക്കിയ കാലത്താണ് മാളവിക ചുമതലയിലേക്ക് എത്തുന്നത്. എന്നിട്ട് പോലും കമ്പനിയുടെ കടങ്ങള് കുറയ്ക്കാന് അവര്ക്ക് സാധിച്ചു. 2019 സാമ്പത്തിക വര്ഷത്തില് 1,752 ഔട്ലെറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാല് 2023 സാമ്പത്തിക വര്ഷം അത് 469 ആയി കുറച്ചു. കഫേകള്ക്ക് പുറമേ കോര്പ്പറേറ്റ് ഓഫീസുകളിലും ഇന്സ്റ്റിറ്റ്യൂഷനുകളിലും കോഫി വെന്ഡിങ് മെഷീനുകളും കിയോസ്കുകളും സ്ഥാപിച്ചു. മാളവികയുടെ മേല്നോട്ടത്തില് ചെലവ് കുറച്ച് വരുമാനം വര്ധിപ്പിച്ച് ബാധ്യതള് കുറച്ചു. 5 വര്ഷങ്ങള്ക്കിപ്പുറം 7000 കോടിയുടെ ബാധ്യത 1,028 കോടിയിലേക്ക് കുറയ്ക്കാന് മാളവികയ്ക്കായി.
മാളവിക എന്ന പാഠം
ഭര്ത്താവ് കടംകയറി ജീവനൊടുക്കി. രണ്ട് മക്കളെ നോക്കി ഒരു സാധാരണ വീട്ടമ്മയായി കഴിഞ്ഞിരുന്ന മാളവിക പക്ഷെ തളര്ന്നില്ല. മുന്നിലേക്ക് നീണ്ടു വന്ന വെല്ലുവിളികളെ സധൈര്യം നേരിട്ടു. കഠിനപ്രയത്നത്തിലൂടെയും ക്രിയാത്മക ആശയങ്ങളിലൂടെയും പ്രതിസന്ധികളെ ഏറെക്കുറെ മറികടന്നു. മാളവിക ഹെഗ്ഡെ ഒരു പാഠം തന്നെയാണ്.