കടൽ വിഴുങ്ങുന്ന കിരിബാസ്; ഭാവിയിലേക്കൊരു ചൂണ്ടുപലക

കിരിബാസ് ഒരു ചോദ്യമാണ്. ലോകമൊന്നാകെ ഉത്തരം പറയേണ്ട ചോദ്യം. അതില് നിന്ന് ഒഴിഞ്ഞുമാറാന് ആര്ക്കും അവകാശമില്ല. വിദൂരഭാവിയില് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള് ആരൊക്കെ അനുഭവിക്കേണ്ടിവരും എന്ന ആശങ്ക കിരിബാസിനൊപ്പം ഇല്ലാതാകുന്നതല്ലല്ലോ!

4 min read|12 Dec 2023, 04:08 pm

"പസഫിക് സമുദ്രത്തിൽ പണ്ട് കിരിബാസ് എന്ന പേരിൽ ഒരു രാജ്യമുണ്ടായിരുന്നു. 33 ദ്വീപസമൂഹങ്ങൾ ഉൾപ്പെടുന്ന ഒരു കൊച്ചു രാജ്യം. അവിടുത്തെ ജനങ്ങളിലേറെയും മീൻപിടുത്തക്കാരായിരുന്നു. കൈതയും തെങ്ങുമൊക്കെ തഴച്ചുവളർന്നിരുന്ന അവിടം ഒരു ദിവസം കടലിൽ മുങ്ങിപ്പോയി......!"

ഇങ്ങനെ അവസാനിപ്പിക്കാൻ ഒരു കഥ ബാക്കിയാക്കി കിരിബാസ് കടലാഴത്തിലേക്ക് മുങ്ങാൻ ഇനി അധികകാലമില്ല. റിപബ്ലിക് ഓഫ് കിരിബാസ് എന്ന് ഔദ്യോഗികനാമമുള്ള ഈ ദ്വീപ് രാഷ്ട്രം കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങളിലേക്കുള്ള നേർക്കാഴ്ച്ചയാണ്. എന്താണ് അവിടെ സംഭവിക്കുന്നത്? ഭൂമധ്യരേഖയ്ക്കും അന്താരാഷ്ട്ര സമയരേഖയ്ക്കും ചുറ്റിലായാണ് കിരിബാസിന്റെ സ്ഥാനം. ഭൂമിയില് സൂര്യരശ്മികള് ആദ്യം പതിക്കുന്നത് ഇവിടുത്തെ മണ്ണിലാണ്. കടലില് നിന്ന് ആറടിയോളം മാത്രമാണ് കിരിബാസിന്റെ ഉയരം. അതു തന്നെയാണ് ഈ ചെറുരാജ്യത്തിന്റെ ശാപവും. 2050 ആകുമ്പോഴേക്കും കിരിബാസ് പൂർണമായും കടലിൽ മുങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.

ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മൂലം സമുദ്രനിരപ്പ് ഉയരാന് തുടങ്ങിയതോടെ കിരിബാസിലെ ജനജീവിതവും ദുരിതത്തിലായി. കിണറുകളില് ശുദ്ധജലം കിട്ടാതായി. കൃഷിയിടങ്ങള് കടല് കയ്യേറി. ചിലരൊക്കെ തലസ്ഥാനദ്വീപായ കിഴക്കന് ടറാവോയിലേക്ക് കുടിയേറി. അവിടവും സുരക്ഷിതമല്ലെന്ന് അറിയാഞ്ഞിട്ടല്ല, കുറച്ചുകാലം കൂടി തങ്ങളുടെ മണ്ണില് കഴിയാമല്ലോ എന്ന ആഗ്രഹം കൊണ്ടു മാത്രം.

എന്താണ് ഒരു പോംവഴി?

കിരിബാസിലെ ജനങ്ങളെ ഒന്നാകെ മറ്റൊരു രാജ്യത്തേക്ക് മാറ്റിപ്പാര്പ്പിക്കുക മാത്രമാണ് അതിജീവനത്തിനുള്ള ഏക പോംവഴിയെന്ന് പറയേണ്ടിവരും. സ്വന്തം നാടും വീടും ഉപേക്ഷിച്ച് അഭയാര്ത്ഥികളായി മറ്റൊരിടത്തേക്ക് പോവാന് മിക്കവരും തയ്യാറെടുത്തുകഴിഞ്ഞു. ഏതാനും വര്ഷങ്ങള്ക്കുള്ളില് കിരിബാസ് ഉപേക്ഷിച്ച് എല്ലാവരും അന്യനാട്ടിലേക്ക് പോകുന്നതോടെ അവര് ലോകത്തെ ആദ്യത്തെ കാലാവസ്ഥാ അഭയാര്ത്ഥികളാവും.

2014ല് കിരിബാസ് പ്രസിഡന്റ് അനോട്ടെ ടോങ് ഫിജിയില് പുതിയ സ്ഥലം തന്റെ ജനതയ്ക്കായി വാങ്ങിയിരുന്നു. ഫിജി ദ്വീപിലെ 20 ചതുരശ്ര കിലോമീറ്റര് സ്ഥലത്തേക്കാവും പുതിയ ജീവിതം കരുപ്പിടിപ്പിക്കാന് ഈ ജനങ്ങള് പോവേണ്ടത്. 5451 ഏക്കറോളം ഭൂമിയാണ് ഇവിടെ വാങ്ങിയിരിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലന്റ് എന്നീ രാജ്യങ്ങളുടെ പിന്തുണയും കിരിബാസിനുണ്ട്.

ജന്മനാട് വിട്ട് മറ്റൊരിടത്തേക്ക് കുടിയേറുന്നതിന്റെ ആശങ്ക കിരിബാസിലെ ജനതയ്ക്കുണ്ട്. കിരിബാസ് ക്ലൈമറ്റ് ആക്ഷന് നെറ്റ് വര്ക്ക് (കിരി-കാന്) ആണ് ജനങ്ങളെ മറ്റ് രാജ്യങ്ങളിലേക്ക് നയിക്കുക. കിരിബാസ് കടലിനടിയിലേക്ക് മറയുന്നതോടെ ഒരു ജനതയുടെ തനത് സംസ്കാരം കൂടിയാണ് അപ്രത്യക്ഷമാകുക. വാമൊഴിവഴക്കങ്ങളിലും ജീവിതശൈലികളിലും തലമുറകള് കൈമാറിവന്ന പലതും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതോടെ ഉപേക്ഷിക്കാന് ഇവര് നിര്ബന്ധിതരാവും.

കിരിബാസിന്റെ ദുർഗതിയിൽ ലോകരാജ്യങ്ങളുടെ പങ്ക്

കാലാവസ്ഥാ അഭയാര്ഥികളെന്ന വിശേഷണത്തിന് നിയമത്തിന്റെ ആനുകൂല്യമൊന്നുമില്ലെന്നതാണ് മറ്റൊരു സത്യം. ഏത് രാജ്യത്തേക്ക് കുടിയേറിയാലും പൂര്ണ അര്ഥത്തില് അവിടുത്ത പൗരന്മാരായി മാറാന് കിരിബാസ് ജനതയ്ക്കാവില്ല. 2012ല് ന്യൂസിലന്റിലേക്ക് കുടിയേറിയ ഒരു കിരിബാസുകാരന്, തന്നെ ആ രാജ്യത്തെ പൗരനാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്, കൊടിയ രാഷ്ട്രീയപീഡനങ്ങളാണ് അയാള്ക്ക് പിന്നീട് നേരിടേണ്ടി വന്നത്. യുഎന് മനുഷ്യാവകാശസമിതിയല് കിരിബാസ് പൗരന്മാര്ക്കു വേണ്ടി പ്രത്യേക അപേക്ഷ സമര്പ്പിക്കപ്പെട്ടിട്ടുണ്ട്.

മണല്ച്ചാക്കുകള് കൊണ്ട് കടലിന്റെ ആക്രമണത്തെ ആവും വിധം പ്രതിരോധിക്കാന് ശ്രമിച്ചപ്പോഴൊന്നും കിരിബാസിലെ ജനതയ്ക്കറിയില്ലായിരുന്നു മുന്പന്തിയിലുള്ള ലോകരാഷ്ട്രങ്ങളുടെ ചെയ്തികളുടെ ദുഷ്ഫലമാണ് തങ്ങള് അനുഭവിക്കുന്നതെന്ന്. ആഗോളതാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ കാര്ബണ് ബഹിര്ഗമനം ഏറ്റവും കൂടുതലുള്ളത് അമേരിക്കയും ബ്രിട്ടനും പോലെയുള്ള രാജ്യങ്ങളിലാണ്.

കിരിബാസ് ദ്വീപസമൂഹങ്ങളുടെ വിധി, ആഗോളതാപനം മൂലം ലോകത്ത് സംഭവിക്കാനിരിക്കുന്ന വലിയ പ്രതിസന്ധികളുടെ ഒരു സൂചനയാണ്. 2015ലെ ആഗോളകാലാവസ്ഥാ ഉച്ചകോടിയില് കിരിബാസിന്റെ അവസ്ഥ ചര്ച്ചയ്ക്ക് വന്നിരുന്നതാണ്. ആഗോള താപനം ഉയരുന്നത് കിരിബാസ് അടക്കമുള്ള പല ദ്വീപ് രാഷട്രങ്ങളുടെയും നാശത്തിന് കാരണമാവുമെന്ന വസ്തുത തിരിച്ചറിഞ്ഞ് ഹരിതഗൃഹവാതകങ്ങളുടെ ബഹിര്ഗമനം കുറയ്ക്കാന് നടപടി സ്വീകരിക്കാന് ഉച്ചകോടി തീരുമാനമെടുത്തിരുന്നു. ആഗോളതാപനം രണ്ട് ഡിഗ്രി സെല്ഷ്യസായി കുറയ്ക്കാന് ശ്രമിക്കുമെന്ന കരാറും പാരീസ് ഉടമ്പടിയിലുണ്ടായി.

പാരീസ് ഉടമ്പടിയില് ഒപ്പുവച്ചത് 195 രാജ്യങ്ങളാണ്. ഹരിതഗൃഹവാതകങ്ങളുടെ 85 ശതമാനവും പുറന്തള്ളുന്നത് 25 ശതമാനം വരുന്ന വികസിത രാജ്യങ്ങളാണ്. അതുകൊണ്ട് തന്നെ അമേരിക്കയുള്പ്പടെയുള്ള രാജ്യങ്ങള് ശക്തമായ നടപടികള് സ്വീകരിക്കാതെ കാലാവസ്ഥാ വ്യതിയാനങ്ങളെ പിടിച്ചുനിര്ത്താനും ദ്വീപരാഷ്ട്രങ്ങളെ രക്ഷിക്കാനും കഴിയില്ല എന്നതാണ് വാസ്തവം. ആഗോളതാപനം കുറയ്ക്കാന് വികസിതരാജ്യങ്ങള് 2020ന് ശേഷം പ്രതിവര്ഷം 10,000 കോടി ഡോളര് നീക്കിവയ്ക്കുമെന്നാണ് ഉച്ചകോടിയില് തീരുമാനമെടുത്തത്. എന്നാല്, പ്രഖ്യാപനം നടപ്പാക്കാന് ആ രാജ്യങ്ങളെ നിര്ബന്ധിതരാക്കുന്ന വ്യവസ്ഥയൊന്നും ഉടമ്പടിയിലില്ലായിരുന്നു. ഫലമോ ആ തീരുമാനം ഏറെക്കുറെ കടലാസിലൊതുങ്ങി.

കാലാവസ്ഥാ വ്യതിയാനങ്ങളും ആഗോളതാപനവും സൃഷ്ടിക്കുന്ന പ്രതിസന്ധികളെ മറികടക്കാന് വഴികണ്ടെത്താന് ചേര്ന്ന 1997ലെ ക്യോട്ടോ ഉടമ്പടി, 2002ലെ ജോഹന്നാസ്ബര്ഗ് ഉടമ്പടി, 2007ലെ ബാലി ഉച്ചകോടി, 2011ലെ ദര്ബന് ഉച്ചകോടി, 2012ലെ ഖത്തര് ഉച്ചകോടി, 2013ലെ വാര്സ ഉച്ചകോടി എന്നിവയിലെല്ലാം കൈക്കൊണ്ട തീരുമാനങ്ങള് പകുതി പോലും നടപ്പാകാതെ പോയ ചരിത്രമാണുള്ളത്.

വ്യവസായത്തിലധിഷ്ഠിതമായ വികസനമാണ് വികസിതരാഷ്ട്രങ്ങളുടേത്. ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറയ്ക്കണമെങ്കില് വ്യവസായത്തിന്റെ തോതും കുറച്ചേ പറ്റൂ. ഇത് സാമ്പത്തികനിലയെ പിന്നോട്ട് തള്ളുമെന്ന തിരിച്ചറിവാണ് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള് കാലാവസ്ഥാ ഉടമ്പടികളോട് മുഖം തിരിക്കാന് കാരണം. അതിന്റെയൊക്കെ ദൂഷ്യഫലം അനുഭവിക്കേണ്ടി വരുന്നതോ ഒരു ശതമാനം പോലും ഹരിതഗൃഹവാതകങ്ങള് പുറന്തളളാത്ത കിരിബാസ് പോലെയുള്ള ദ്വീപ് രാഷ്ട്രങ്ങളും.

അതിനിടെ ഇന്ത്യയുടെ നിലപാട്

പെട്രോളും ഡീസലും ഉൾപ്പെടെയുള്ള ജൈവ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്ന നടപടി ഊർജ്ജിതമാക്കാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യ. 2070 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം കാലാവസ്ഥാ ഉച്ചകോടിയിൽ പറഞ്ഞു. 2028-ലെ കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്നും നരേന്ദ്രമോദി അറിയിച്ചു. ആഗോളതാപനത്തിന്റെ കെടുതികൾ നേരിടാനുള്ള അന്താരാഷ്ട്ര നിധി ലക്ഷം കോടികളിലേക്ക് ഉയർത്തേണ്ടതുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്.

ഹൈഡ്രജൻ ഉൾപ്പടെ പ്രകൃതി സൗഹൃദ ഊർജത്തെ രാജ്യം പരമാവധി പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. പെട്രോൾ, ഡീസൽ, കൽക്കരി തുടങ്ങിയ ജൈവ ഇന്ധനത്തിന്റെ ഉപയോഗം രാജ്യത്ത് 50 ശതമാനമാക്കി കുറയ്ക്കും. 2030ഓട് കൂടി കാർബൺ ബഹിർഗമനതോത് 45 ശതമാനമാക്കി കുറയ്ക്കുമെന്നും 2070 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കിരിബാസിലെ ജനത പറയുന്നത്

ശുദ്ധജലം കിട്ടാനില്ലാത്ത അവസ്ഥയാണ്. കിണർ വെള്ളത്തിലെല്ലാം ഉപ്പിന്റെ അംശം കൂടുതലാണ്. മഴവെള്ളത്തെയാണ് ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത്. ദ്വീപ് വിട്ടുപോകാൻ പുതിയ തലമുറയ്ക്ക് വലിയ വിഷമമൊന്നുമില്ല, അതിജീവനമാണല്ലോ പ്രധാനം. പക്ഷേ ദ്വീപിന്റെ തനതായ സംസ്കാരവും രീതികളും ഉപേക്ഷിക്കേണ്ടി വരുമെന്നത് സങ്കടകരമാണ്. കുടിയേറ്റമാണ് ഏക രക്ഷാമാർഗമെന്ന് പറയുമ്പോഴും കിരിബാസിന് പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗവും ഇവിടെയുണ്ട്. മണൽ ചാക്കുകൾ കൊണ്ടും മരക്കഷ്ണങ്ങൾ കൊണ്ടും ഭീമൻ തിരകളെ പ്രതിരോധിക്കാനാവില്ലെന്ന് അറിയാമെങ്കിലും വികസിത രാജ്യങ്ങളുടെ സഹായത്താൽ സാങ്കേതിക മികവു കൊണ്ടും പദ്ധതികൾ കൊണ്ടും കിരിബാസിനെ നിലനിർത്താനാവുമെന്ന് പല കാലാവസ്ഥ ആക്ടിവിസ്റ്റുകളും ചെറിയൊരു വിഭാഗം ജനങ്ങളും കരുതുന്നു.

സ്വന്തം വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന പലസ്തീനികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ലോകം കാണുന്നതാണ്. കാരണം മറ്റൊന്നാണെങ്കിലും കിരിബാസുകാരും നാളെ വേറൊരിടത്ത് അഭയാർത്ഥികളായി എത്തേണ്ടുന്ന അവസ്ഥ ആശങ്കാജനകമാണ്. കാലാവസ്ഥാ അഭയാർത്ഥികൾ എന്നതിനപ്പുറം തങ്ങൾക്കൊരു മേൽവിലാസം പോലും ഉണ്ടാവില്ലെന്ന ചിന്ത ഇവരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുമുണ്ട്.

കിരിബാസ് ഒരു ചോദ്യമാണ്. ലോകമൊന്നാകെ ഉത്തരം പറയേണ്ട ചോദ്യം. അതില് നിന്ന് ഒഴിഞ്ഞുമാറാന് ആര്ക്കും അവകാശമില്ല. കാരണം, വിദൂരഭാവിയില് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള് ആരൊക്കെ അനുഭവിക്കേണ്ടിവരും എന്ന ആശങ്ക കിരിബാസിനൊപ്പം ഇല്ലാതാകുന്നതല്ലല്ലോ!

To advertise here,contact us