അടിച്ചു മോനേ... അച്ചടി മുതല് അടിക്കും വരെ 'ഭാഗ്യം' വരുന്ന വഴി

ഒരു ലക്ഷം രൂപ ഒന്നാം സമ്മാനമായി തുടങ്ങിയ കേരളാ ഭാഗ്യക്കുറി പിന്നിട്ട കാലങ്ങളില് സൃഷ്ടിച്ചത് നിരവധി ലക്ഷപ്രഭുക്കളെയും കോടീശ്വരന്മാരെയുമാണ്

ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് ധനമന്ത്രിയായിരുന്ന പി കെ കുഞ്ഞാണ് കേരളാ ഭാഗ്യക്കുറിയെന്ന ആശയത്തിന് പിന്നില്. 1967ലെ കേരളപ്പിറവി ദിനത്തിലാണ് കേരളാ ഭാഗ്യക്കുറിയുടെ പിറവി. ഒരു ലക്ഷം രൂപ ഒന്നാം സമ്മാനമായി തുടങ്ങിയ കേരളാ ഭാഗ്യക്കുറി പിന്നിട്ട കാലങ്ങളില് സൃഷ്ടിച്ചത് നിരവധി ലക്ഷപ്രഭുക്കളെയും കോടീശ്വരന്മാരെയുമാണ്. അന്യസംസ്ഥാന ലോട്ടറികള് സമ്പൂര്ണ്ണമായി നിരോധിക്കപ്പെട്ട 2010ന് ശേഷം കേരളത്തിലെ ലോട്ടറി വിപണിയുടെ സമ്പൂര്ണ്ണ ഉടമസ്ഥാവകാശം കേരളാ ഭാഗ്യക്കുറിയ്ക്കാണ്.

സംസ്ഥാനസര്ക്കാരിനെ സംബന്ധിച്ച് നികുതി-ലാഭവിഹിതങ്ങളില് നിന്നും ക്ഷേമപ്രവര്ത്തനത്തിന് ആവശ്യമായ തുകയുടെ ഒരുനിശ്ചിത ശതമാനം ലോട്ടറിയില് നിന്നും കണ്ടെത്താന് സാധിക്കുന്നുണ്ട്. സംസ്ഥാന സര്ക്കാരിന് ജിഎസ്ടി നികുതി വരുമാനത്തില് ലഭിക്കുന്ന അതേ തുകതന്നെ കേന്ദ്രസര്ക്കാരിനും കേരളാ ഭാഗ്യക്കുറിയില് നിന്നും ലഭിക്കുന്നുണ്ട്.

ലോട്ടറിക്കുണ്ടായിരുന്ന ജിഎസ്ടി ടാക്സ് 12%ത്തില് നിന്നും 28%മായി വര്ദ്ധിപ്പിച്ചിരുന്നു. ഈ റവന്യൂവരുമാനം സംസ്ഥാന-കേന്ദ്ര സര്ക്കാരുകള്ക്കിടയില് തുല്യമായി വീതിക്കും. ഇതില് കേരളത്തിന്റെ ജിഎസ്ടി വിഹിതം കേന്ദ്രസര്ക്കാര് പിന്നീട് തരികയാണ് ചെയ്യുക. ജിഎസ്ടി വരുമാനം ഉള്ളതിനാല് ലോട്ടറിയില് നിന്നുള്ള സര്ക്കാരിന്റെ ലാഭവിഹിതം നിലവില് 5%ത്തിലേയ്ക്ക് ചുരുക്കി നിര്ത്തിയിട്ടുണ്ട്. 14% ജിഎസ്ടി വിഹിതവും 5% ലാഭവിഹിതവും അടക്കം 19%ത്തോളം ലാഭമാണ് സര്ക്കാരിന് നിലവില് ലഭിക്കുന്നത്. ഇതില് 5% ലാഭവിഹിതം മാത്രമാണ് സംസ്ഥാന സര്ക്കാരിന് നേരിട്ട് ലഭിക്കുന്നത്. ജിഎസ്ടി വിഹിതം കേന്ദ്രം വഴിയാണ് ലഭിക്കുന്നത്. നേരത്തെ 12% ജിഎസ്ടി ആയിരുന്നപ്പോള് 6% ജിഎസ്ടി വിഹിതവും 14% ലാഭവിഹിതവുമായിരുന്നു സര്ക്കാരിന് ലഭിച്ചിരുന്നത്.

നിലവില് 2 ലക്ഷത്തോളം ആളുകള് പ്രത്യക്ഷമായും പരോക്ഷമായും ലോട്ടറി മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. ലോട്ടറി ക്ഷേമനിധിബോര്ഡില് നിലവില് എണ്പതിനായിരത്തോളം പേര് അംഗങ്ങളാണ്. അറുപത് വയസ്സിന് മുകളിലുള്ളവര്ക്ക് വെല്ഫെയര് ബോര്ഡില് ചേരാന് കഴിയാത്തതിനാല് ബോര്ഡില് അംഗത്വമില്ലാത്തവരും ഈ മേഖലയില് ജോലി ചെയ്യുന്നുണ്ട്. ലോട്ടറി വില്പന ഉപജീവനമാക്കിയിട്ടുള്ള 18 വയസ് പൂര്ത്തിയായ ആര്ക്കും ക്ഷേമനിധി ബോര്ഡില് ചേരാം. പ്രതിമാസം 25000 രൂപയുടെ ടിക്കറ്റ് വില്ക്കുന്നതാണ് ക്ഷേമനിധിയില് ചേരാനുള്ള യോഗ്യത. മൂന്ന് മാസത്തിനിടെ 75000 രൂപയുടെ ടിക്കറ്റ് വില്ക്കുന്നവര്ക്കും അര്ഹതയുണ്ട്. മറ്റ് ക്ഷേമനിധികളില് അംഗങ്ങളായവരും സര്ക്കാര് പെന്ഷനുകളോ മറ്റ് ആനുകൂല്യങ്ങളോ പറ്റുന്നവരും ക്ഷേമനിധിയില് ചേരാന് യോഗ്യരല്ല. വിമുക്തഭടന്മാരെയും അംഗപരിമിതരെയും ഇതില് നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഏജന്സികള്ക്ക് ടിക്കറ്റുകളുടെ ലഭ്യത അനുസരിച്ച് 25 ടിക്കറ്റു മുതല് പരമാവധി ടിക്കറ്റുകള് വില്പ്പനയ്ക്കായി വിതരണം ചെയ്യുന്നതാണ് രീതി. നിലവില് 48000 ടിക്കറ്റ് വരെയാണ് ദീര്ഘകാലമായി രംഗത്ത് നില്ക്കുന്ന ഏജന്സികള്ക്ക് അടക്കം കൊടുക്കുന്നത്. ഇത്തരത്തില് ടിക്കറ്റ് വിതരണത്തിന് സ്ലാബുമുണ്ട്. 40 രൂപ ടിക്കറ്റ് ആദ്യത്തെ 2000 ടിക്കറ്റ് വരെ എടുക്കുന്നവര്ക്ക് 24% ഡിസ്കൗണ്ടിലാണ് ടിക്കറ്റ് നല്കുന്നത്. 2001 ടിക്കറ്റ് മുതല് 8400 ടിക്കറ്റ് വരെ എടുക്കുന്നവര്ക്ക് 24.75%വും അതിന് മുകളില് ടിക്കറ്റ് എടുക്കുന്നവര്ക്ക് 25.5%വുമാണ് ഡിസ്കൗണ്ട് നല്കുന്നത്. 50 രൂപ ടിക്കറ്റിന് മറ്റൊരു സ്ലാബാണുള്ളത്. 1500 ടിക്കറ്റ് വരെയുള്ള സ്ലാബിന് 22% ഡിസ്കൗണ്ട് ലഭിക്കുമ്പോള് 6000 വരെയുള്ള ടിക്കറ്റിന് 22.75%വും 6000ത്തിന് മുകളില് 23.5%വുമാണ് ഡിസ്കൗണ്ട് ലഭിക്കുന്നത്.

ഇതിന് പുറമെ വില്ക്കുന്ന ടിക്കറ്റിന് ലഭിക്കുന്ന സമ്മാനത്തിന്റെ ഒരുവിഹിതവും ഏജന്റ്സ് പ്രൈസ് ആയി വില്പ്പനക്കാര്ക്ക് ലഭിക്കുന്നുണ്ട്. നിലവില് മേജര് പ്രൈസ് മൈനര് പ്രൈസ് എന്നിവയാണ് ഉപഭോക്താവ് നികുതി നല്കേണ്ടതിന്റെ മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്. 5000 രൂപവരെയുള്ള മൈനര് പ്രൈസിന് ഉപഭോക്താവ് നികുതി നല്കേണ്ടതില്ല. അതിന് മുകളിലുള്ള മേജര് പ്രൈസിന് നികുതി നല്കണം. ഒരു ലക്ഷവും അതിന് മുകളിലുമുള്ള മേജര് പ്രൈസിന് സമ്മാനത്തുകയില് നിന്നാണ് ഏജന്റിനുള്ള വിഹിതം ലഭിക്കുന്നത്. മൈനര് പ്രൈസിനുള്ള വിഹിതം സര്ക്കാരാണ് നല്കുന്നത്. 40 രൂപയുടെ ടിക്കറ്റിന് 12% ആണ് സമ്മാനത്തുകയില് നിന്നുള്ള ഏജന്റിന്റെ വിഹിതം. 100 രൂപയുടെ ഗ്യാരണ്ടി പ്രൈസിന് മാത്രം 20% വിഹിതം ഏജന്റിന് ലഭിക്കും. 50 രൂപയുടെ ടിക്കറ്റിനും ബമ്പറുകള്ക്കും എല്ലാ സമ്മാനത്തിനും 10% ആണ് ഏജന്റിന് സമ്മാനവിഹിതമായി ലഭിക്കുക.

വ്യാജ ലോട്ടറികളില് നിന്നും പരിരക്ഷ ലഭിക്കുന്നതിനായി കേരള ഭാഗ്യക്കുറിയില് പഴുതുകളില്ലാത്ത ഏഴുസുരക്ഷാ സംവിധാനങ്ങള് ഒരുക്കിയിട്ടുണ്ട്. മൈക്രോ ലെറ്റേഴ്സ് പാറ്റേണ്, ഗ്യുലോക് പാറ്റേണ്, ഒപാക് ടെക്സ്റ്റ് പാറ്റേണ്, റിലീഫ് പാറ്റേണ്, വോയിഡ് പാന്റോഗ്രാഫ് പാറ്റേണ്, ഇന്വെര്ട്ട് മൈക്രോലൈന് പാറ്റേണ്, ലിനിയര് ബാര്കോഡ് എന്നീ സുരക്ഷാ സംവിധാനങ്ങള് ടിക്കറ്റുകളുടെ വ്യാജനിര്മ്മിതിയും ലോട്ടറി നമ്പര് തിരുത്തുന്നത് പോലുള്ള തട്ടിപ്പും തടയാന് പര്യാപ്തമാണ്. ടിക്കറ്റുകള് ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പ് നടത്തുന്ന സാഹചര്യത്തില് നിലവില് 12 കോടിയ്ക്ക് മുകളില് സമ്മാനത്തുകയുള്ള ബമ്പറുകള്ക്ക് ഫ്ളൂറസന്റ് പ്രിന്റിംഗാണ് ചെയ്യുന്നത്. സാമ്പത്തിക ചെലവ് കൂടുതലായതിനാല് മറ്റുടിക്കറ്റുകളില് ഈ രീതി ഇതുവരെ പ്രാവര്ത്തികമായിട്ടില്ല. സി-ഡിറ്റിന്റെ സഹായത്തോടെ പ്രവര്ത്തിക്കുന്ന സെക്യൂരിറ്റി ഡിസൈന് ലാബാണ് കേരള ഭാഗ്യക്കുറിയിലെ സുരക്ഷാ കവചം ഒരുക്കുന്നത്.

വ്യാജ ലോട്ടറിയുടെയും എഴുത്തു ലോട്ടറിയുടെയും വ്യാപനം കേരളാ ഭാഗ്യക്കുറിക്കും സംസ്ഥാനസര്ക്കാരിന്റെ നികുതി വരുമാനത്തിനും വിഘാതമായപ്പോള് കര്ക്കശമായ നിലപാട് സ്വീകരിക്കാന് സംസ്ഥാനസര്ക്കാര് തയ്യാറായിരുന്നു. കേരള സംസ്ഥാന പേപ്പര് ലോട്ടറി റെഗുലേഷന്സ് റൂള്സ് 2005 സര്ക്കാര് ഭേദഗതി ചെയ്തു. നികുതിവകുപ്പ് സെക്രട്ടറിയുടെ അനുമതിയോടെ മാത്രമേ സംസ്ഥാനത്ത് നിലവില് ലോട്ടറികള് വില്ക്കാന് അനുമതിയുള്ളു. നിയമം ലംഘിച്ചാല് നടപടികള് സ്വീകരിക്കാനുള്ള അധികാരവും നിയമവകുപ്പ് സെക്രട്ടറിക്ക് നല്കിയിട്ടുണ്ട്. അനധികൃത ലോട്ടറി തടയാന് സ്റ്റേറ്റ് ലോട്ടറി അന്വേഷണ യൂണിറ്റിനെയും സജ്ജീകരിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവര്ത്തിക്കുന്ന ലോട്ടറികള്ക്കെതിരെ പരാതിപ്പെടാന് ഏജന്റുമാര്ക്കും പൊതുജനങ്ങള്ക്കും സൗകര്യം ഏര്പ്പെടുത്തിയിട്ടുണ്ട്.

വ്യാജടിക്കറ്റുകള് അച്ചടിച്ച് വിതരണം ചെയ്യുന്നവരെ കുടുക്കാനും പരിശോധനകള് കര്ക്കശമാണ്. പണം മുടക്കി വാങ്ങുന്ന ടിക്കറ്റുകള് ഒര്ജിനലാണോയെന്ന് പരിശോധിക്കാനുള്ള സാങ്കേതിക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഭാഗ്യകേരളം എന്ന മൊബൈല് ആപ്പിലൂടെ ടിക്കറ്റിലെ ക്യൂആര് കോഡ് സ്കാന്ചെയ്ത് ടിക്കറ്റിന്റെ ആധികാരികത ഉറപ്പിക്കാനുള്ള സൗകര്യമാണ് ഇപ്പോള് ഒരുക്കിയിരിക്കുന്നത്. ടിക്കറ്റുകളുടെ ഫലവും, സമ്മാനിതമായ ടിക്കറ്റിനായുള്ള അവകാശവാദം ഭാഗ്യക്കുറി ഓഫീസില് ക്ലെയിം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനും ഈ മൊബൈല് അപ്പില് സൗകര്യമുണ്ട്.

ഓരോ ലോട്ടറിയ്ക്കുമായി സ്കീം ഉണ്ടാക്കുമ്പോള് തന്നെ ഇത്ര ലോട്ടറി അച്ചടിക്കണമെന്ന് നിഷ്കര്ഷിച്ചിട്ടുണ്ട്. കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില് സ്കീം അനുസരിച്ച് എത്രടിക്കറ്റ് അടിക്കുമെന്ന വിവരം ഗസറ്റില് പരസ്യപ്പെടുത്താറുണ്ട്. ഇപ്പോള് പന്ത്രണ്ട് സീരീസിലാണ് ലോട്ടറി ഇറക്കുന്നത്. ഒരു സീരിസില് ഒമ്പത് ലക്ഷം വച്ച് ഒരു കോടി എട്ടുലക്ഷം ടിക്കറ്റ് അച്ചടിക്കാനാണ് അനുമതിയുള്ളത്. ബംബറിനെല്ലാം സീരിസുകളുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് അച്ചടിക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിലും കുറവുണ്ടാകും. ബമ്പര് സീണണിന്റെ മാര്ക്കറ്റിന്റെ സ്വഭാവം കൂടി പരിഗണിച്ചാണ് സീരിസുകളുടെ എണ്ണം നിശ്ചയിക്കുന്നത്. ഇത്തവണത്തെ ഓണം ബമ്പര് 10 സീരിസുകളിലാണ് അച്ചടിച്ചതെങ്കില് മണ്സൂണ് ബമ്പര് അച്ചടിച്ചത് 5 സീരിസിലാണ്.

ഏജന്സികള്ക്ക് ടിക്കറ്റുകളുടെ ലഭ്യത അനുസരിച്ച് 25 ടിക്കറ്റുമുതല് പരമാവധി ടിക്കറ്റുകള് വില്പ്പനയ്ക്കായി വിതരണം ചെയ്യുന്നതാണ് രീതി. നിലവില് 48000 ടിക്കറ്റ് വരെയാണ് ദീര്ഘകാലമായി രംഗത്ത് നില്ക്കുന്ന ഏജന്സികള്ക്ക് അടക്കം കൊടുക്കുന്നത്. ഇത്തരത്തില് ടിക്കറ്റ് വിതരണത്തിന് ഒരു സ്ലാബുമുണ്ട്. ആദ്യത്തെ 21000 ടിക്കറ്റ് വരെ എടുക്കുന്നവര്ക്ക് 24.5% ഡിസ്കൗണ്ടിലാണ് ടിക്കറ്റ് നല്കുന്നത്. 21000 ടിക്കറ്റ് മുതല് 8400 ടിക്കറ്റ് വരെ എടുക്കുന്നവര്ക്ക് 25%വും അതിന് മുകളില് ടിക്കറ്റ് എടുക്കുന്നവര്ക്ക് 25.5%മാനവുമാണ് ഡിസ്കൗണ്ട് നല്കുന്നത്. ഇത്തരത്തില് എണ്ണത്തില് കൂടുതല് ടിക്കറ്റ് എടുക്കുന്ന ഏജന്റുമാര് അവരുടെ സബ് ഏജന്റുമാര്ക്കും വില്പ്പനക്കാര്ക്കുമെല്ലാം ചെറിയൊരു ശതമാനം ലാഭം എടുത്താണ് ടിക്കറ്റുകള് വില്ക്കാനായി വിതരണം ചെയ്യുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസില് നിന്ന് ടിക്കറ്റ് വാങ്ങുന്ന ഏജന്റിന് മൊത്തം തുക അഡ്വാന്സ് നല്കിയതിന് ശേഷം മാത്രമേ ടിക്കറ്റുകള് നല്കുകയുള്ളു. ഏജന്റുകള് പിന്നീട് ടിക്കറ്റുകള് വിതരണം ചെയ്യുന്നത് അവരുടേതായ രീതിക്കാണ്.

നറുക്കെടുപ്പിന്റെ തലേന്ന് 4മണിക്ക് അക്കൗണ്ട് ക്ലോസ് ചെയ്യും. അതുവരെ ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസില് നിന്നും വിറ്റ ടിക്കറ്റുകള് മാത്രമേ നറുക്കെടുപ്പിന് പരിഗണിക്കുകയുള്ളു.

ഒരു ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞാല് ചെറിയ തുക മുതല് ഒന്നാം സമ്മാനംവരെ നിരവധി സമ്മാനങ്ങളാണ് പ്രഖ്യാപിക്കപ്പെടുന്നത്. ഇതില് എല്ലാ സമ്മാനങ്ങളും ആളുകള് ക്ലെയിം ചെയ്യണമെന്നില്ല. 0.5% വരെ സമ്മാനങ്ങള് ഇത്തരത്തില് ക്ലെയിം ചെയ്യാന് കഴിയാതെ വരാറുണ്ട്. നേരത്തെ വില്ക്കുന്ന ലോട്ടറിയുടെ എണ്ണം കുറഞ്ഞിരുന്നപ്പോള് ഇത്തരത്തില് ക്ലെയിം ചെയ്യാതിരുന്ന സമ്മാനിതരുടെ ശതമാനം 2%വരെയൊക്കെയായിരുന്നു. ഇപ്പോള് വില്ക്കുന്ന ലോട്ടറികളുടെ എണ്ണം കൂടിയപ്പോഴാണ് ക്ലെയിം ചെയ്യാത്ത സമ്മാനിതരുടെ എണ്ണം 0.5%മായി കുറഞ്ഞത്. ഇത്തരത്തില് നിലവില് പ്രതിവര്ഷം 200-300 കോടിയോളം രൂപ ഇത്തരത്തില് ക്ലെയിം ചെയ്യാത്ത സമ്മാനത്തുകയുടെ ഇനത്തില് സര്ക്കാരിന് കിട്ടുന്നുണ്ട്. സമ്മാനം കൊടുക്കാന് പണം അനുവദിക്കുന്ന അക്കൗണ്ടിലാണ് ഇത്തരം തുക ബാക്കിയാകുക. ഒന്നാം സമ്മാനം പോലും ക്ലെയിം ആകാത്ത സന്ദര്ഭങ്ങളുണ്ട്. ശബരിമല സീസണിലെല്ലാം അന്യസംസ്ഥാനങ്ങളില് നിന്ന് വരുന്നവരെല്ലാം ടിക്കറ്റെടുക്കുകയും പിന്നീട് സമ്മാനവിവരം അറിയാതെ പോകുകയും ചെയ്യുന്നതാവാം ഇത്തരത്തില് ഒന്നാം സമ്മാനം ക്ലെയിമാകാതിരിക്കാനുള്ള കാരണം.

To advertise here,contact us