'ഓഗസ്റ്റ് വരെ': ഏകാന്തതയുടെ പത്തുവർഷം അവസാനിക്കുന്നു; മാർക്വേസിൻ്റെ അവസാന നോവൽ വെളിച്ചം കാണുന്നു

വിവാഹിതയായ ഒരു മധ്യവയസ്കയുടെ രഹസ്യ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള നോവല് ചിതറിപ്പോയ ഓര്മ്മകള്ക്ക് നടുവിലിരുന്ന് പൂര്ത്തിയാക്കാന് അദ്ദേഹം പാടുപെട്ടു

വിഖ്യാത സാഹിത്യകാരന് ഗബ്രിയേല് ഗാര്സിയ മാര്ക്വേസിന്റെ അവസാന നോവല് അദ്ദേഹം വിടപറഞ്ഞ് ഒരു ദശാബ്ദം പിന്നിടുമ്പോള് പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. ജീവിതത്തിന്റെ അവസാനകാലത്ത് ഓര്മ്മ നഷ്ടമാകാന് തുടങ്ങിയ കാലത്തായിരുന്നു വിഖ്യാത സാഹിത്യകാരന് അവസാന നോവല് പൂര്ത്തീകരിക്കാനുള്ള ശ്രമം നടത്തുന്നത്. വിവാഹിതയായ ഒരു മധ്യവയസ്കയുടെ രഹസ്യ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള നോവല് ചിതറിപ്പോയ ഓര്മ്മകള്ക്ക് നടുവിലിരുന്ന് പൂര്ത്തിയാക്കാന് അദ്ദേഹം പാടുപെട്ടു.

കുറഞ്ഞത് അഞ്ച് ഡ്രാഫ്റ്റുകളെങ്കിലും അദ്ദേഹം എഴുതാന് ശ്രമിച്ചിരുന്നു. വിദഗ്ധനായ ഒരുകരകൗശലക്കാരനെപ്പോലെ വര്ഷങ്ങളോളം വാചകങ്ങള് മാറിമാറി ഉപയോഗിച്ചു. വാക്യങ്ങള് വെട്ടിമുറിച്ചു. പേജിന്റെ വശങ്ങളില് എഴുതി. തന്റെ അസിസ്റ്റന്റിന് കുറിപ്പുകള് കൈമാറി. ഒടുക്കം ശ്രമങ്ങള് ഉപേക്ഷിച്ച് അദ്ദേഹം ഒരു തീരുമാനത്തിലേയ്ക്ക് എത്തി. അത് അദ്ദേഹം ഇളയമകന് ഗോണ്സാലോ ഗാര്സിയ ബാര്ച്ചയോട് പറഞ്ഞു; 'നോവല് നശിപ്പിക്കണം!'

2014ല് മാര്ക്വേസ് മരിച്ചതിന് ശേഷം അദ്ദേഹം അവസാനമായി എഴുതാന് ശ്രമിച്ച നോവലിന്റെ ഒന്നിലധികം ഡ്രാഫ്റ്റുകളും കുറിപ്പുകളും അധ്യായ ഭാഗങ്ങളും ഓസ്റ്റിനിലെ ടെക്സസ് സര്വകലാശാലയിലെ ഹാരി റാന്സം സെന്ററിലെ അദ്ദേഹത്തിന്റെ ആര്ക്കൈവുകളില് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒടുവില് 769 പേജുകളിലായി എഴുതപ്പെട്ട മാര്ക്വേസിന്റെ അവസാന നോവല് പ്രസ്ദ്ധീകരിക്കാന് മക്കള് തീരുമാനിച്ചു. മാര്ക്കേസിന്റെ തീരുമാനം ധിക്കരിക്കാന് മക്കള് തീരുമാനിച്ചപ്പോള് ലോകമെമ്പാടുമുള്ള മാര്ക്വേസ് ആരാധകര്ക്ക് കാത്തിരിക്കാന് അവസരം ലഭിച്ചിരിക്കുകയാണ്.

മാര്ക്വേസ് മരണത്തിന് കീഴ്പ്പെട്ട് ഒരു ദശാബ്ദം പിന്നിടുമ്പോള് അദ്ദേഹത്തിന്റെ് അവസാന നോവല് വായനക്കാരുടെ കൈകളിലേയ്ക്ക് എത്താനുള്ള ഒരുക്കത്തിലാണ്. 'ഓഗസ്റ്റ് വരെ' (Until August) എന്ന പേരിലാണ് നോവല് പുറത്തിറങ്ങുന്നത്. 30 രാജ്യങ്ങളില് ഈ മാസം 'ഓഗസ്റ്റ് വരെ' പ്രസിദ്ധീകരിക്കപ്പെടുകയാണ്.

എല്ലാ ഓഗസ്റ്റിലും അമ്മയുടെ ശവകുടീരം സന്ദര്ശിക്കാന് കരീബിയന് ദ്വീപിലേക്ക് പോകുന്ന അന മഗ്ദലീന ബാച്ച് എന്ന സ്ത്രീയെ കേന്ദ്രീകരിച്ചാണ് നോവലിന്റെ കഥാതന്തു. തന്റെ ഭര്ത്താവില് നിന്നും കുടുംബത്തില് നിന്നും താല്ക്കാലികമായി വിട്ടുനില്ക്കുന്ന ശാന്തമായ ഈ തീര്ത്ഥാടനങ്ങളില് അവള് ഓരോ തവണയും ഒരു പുതിയ കാമുകനെ കണ്ടെത്തുന്നതാണ് നോവലിന്റെ ഇതിവൃത്തം.

പുസ്തകം പ്രസിദ്ധീകരിക്കാന് തീരുമാനിച്ചതിന്റെ കാരണങ്ങള് പങ്കുവെച്ച് മാര്ക്വേസിന്റെ മക്കള്

ഈ നോവല് എന്തുചെയ്യണമെന്ന ആശങ്കയിലായിരുന്നു ഒരുഘട്ടം വരെ മാര്ക്വേസിന്റെ മക്കള്. നോവല് നശിപ്പിക്കണമെന്നായിരുന്നു പിതാവിന്റെ അവസാനത്തെ ആവശ്യം. അതിന് മുമ്പ് നോവല് ഇറക്കാന് അദ്ദേഹം തീവ്രമായി പരിശ്രമിച്ചിരുന്നു. ഒരുഘട്ടത്തില് അദ്ദേഹത്തിന്റെ സാഹിത്യ ഏജന്റിന് കയ്യെഴുത്ത് പ്രതി അയച്ചിരുന്നു. ഡിമെന്ഷ്യയെ തുടര്ന്നുള്ള ഓര്മ്മക്കുറവ് ബാധിച്ചതോടെയാണ് അദ്ദേഹം പുസ്തകം പ്രസ്ദ്ധീകരിക്കാനുള്ള ശ്രമങ്ങള് ഉപേക്ഷിച്ചത്.

2012 ആയപ്പോഴേക്കും അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പോലും തിരിച്ചറിയാന് മാര്ക്വേസിന് സാധിച്ചിരുന്നില്ല. ഭാര്യ മെഴ്സിഡസ് ബാര്ച്ചയെ പോലും അദ്ദേഹത്തിന് തിരിച്ചറിയാനായില്ല. തന്റേതാണെന്ന് തിരിച്ചറിയാതെ അദ്ദേഹം ഇടയ്ക്കിടെ സ്വന്തം പുസ്തകങ്ങള് എടുത്ത് വായിക്കും. ഓര്മ്മയില്ലാതെ ഒരു കലാകാരനെന്ന നിലയില് തനിക്ക് നിലനില്പ്പില്ലെന്ന് അദ്ദേഹം കുടുംബത്തോട് തുറന്ന് പറഞ്ഞു. തന്റെ എഴുത്തിന്റെ ഏറ്റവും വലിയ ഉറവിടം. ഓര്മ്മയില്ലാതെ, മറ്റൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. ആ തകര്ന്ന അവസ്ഥയില് അദ്ദേഹം തന്റെ അവസാനത്തെ നോവലിന്റെ ഗുണനിലവാരത്തില് സംശയാലുവായി. 'ഗാബോയ്ക്ക് പുസ്തകത്തെ വിലയിരുത്താനുള്ള കഴിവ് നഷ്ടപ്പെട്ടു'വെന്നാണ് ഈ അവസ്ഥയെക്കുറിച്ച് രണ്ട് മക്കളില് മൂത്തവനായ റോഡ്രിഗോ ഗാര്സിയ പറഞ്ഞത്.

അദ്ദേഹത്തിന്റെ മരണത്തിന് വര്ഷങ്ങള്ക്ക് ശേഷം അത് വീണ്ടും വായിച്ചപ്പോള്, ഗാര്സിയ മാര്ക്വേസ് വളരെ കഠിനമായി അദ്ദേഹത്തിന്റെ ശേഷിയെ വിധിച്ചതാണെന്ന് തങ്ങള്ക്ക് തോന്നി. തങ്ങള് കരുതിയിരുന്നതിലും വളരെ മികച്ചതായിരുന്നു ആ നോവലെന്നും റോഡ്രിഗോ ഗാര്സിയ പറഞ്ഞു.

ഗാര്സിയ മാര്ക്വേസിന്റെ മാസ്റ്റര്പീസുകളില് 'ഓഗസ്റ്റ് വരെ' സ്ഥാനം പിടിക്കില്ലെന്ന് അദ്ദേഹത്തിന്റെ മക്കള് സമ്മതിക്കുന്നുണ്ട്. പിതാവിന്റെ വിഖ്യാതമായ പാരമ്പര്യത്തില് നിന്ന് കൂടുതല് പണം സമ്പാദിക്കാനുള്ള വിചിത്രമായ ശ്രമമായി അവസാനത്തെ നോവല് പ്രസിദ്ധീകരിക്കാനുള്ള നീക്കത്തെ ആളുകള് തള്ളിക്കളയുമോയെന്ന് ഭയപ്പെട്ടിരുന്നു. അത്യാഗ്രഹികളായി കാണപ്പെടുന്നതില് തങ്ങള് ആശങ്കാകുലരായിരുന്നുവെന്നും ഗാര്സിയ കൂട്ടിച്ചേര്ത്തു.

പക്ഷേ മാര്ക്വേസിന്റെ സാഹിത്യ കൃതികളില് 'ഓഗസ്റ്റ് വരെ' വിലപ്പെട്ട ഒന്നാണെന്ന് മക്കള് വാദിക്കുന്നു. ആദ്യമായി അദ്ദേഹം ഒരു സ്ത്രീ കഥാപാത്രത്തെ, അതും 40കളുടെ അവസാനത്തിലുള്ള സ്ത്രീയെ കേന്ദ്രമാക്കി ഒരു രചന നടത്തിയിരിക്കുകയാണ്. ഏകദേശം 30 വര്ഷത്തെ ദാമ്പത്യത്തിന് ശേഷം, അവിഹിത പ്രണയത്തിലൂടെ സ്വാതന്ത്ര്യവും സ്വയം നിര്വൃതിയും തേടുന്ന ഒരു സ്ത്രീയെക്കുറിച്ചുള്ള കഥയാണിതെന്നും മാര്ക്വേസിന്റെ മക്കള് പറഞ്ഞു.

87-ാം വയസ്സില് അദ്ദേഹത്തിന്റെ മരണശേഷം, ആഗസ്ത് വരെയുടെ വിവിധ പതിപ്പുകള് റാന്സം സെന്റര് ആര്ക്കൈവില് സൂക്ഷിച്ചിരുന്നു.രണ്ട് വര്ഷം മുമ്പായിരുന്നു നോവല് പ്രസിദ്ധീകരിക്കാന് അദ്ദേഹത്തിന്റെ മക്കള് തീരുമാനിക്കുന്നത്. നോവല് ചില സ്ഥലങ്ങളില് കുഴപ്പമുള്ളതായിരുന്നു. ചില വൈരുദ്ധ്യങ്ങളും ആവര്ത്തനങ്ങളും ഉണ്ടായിരുന്നുവെന്ന് മക്കള് അനുസ്മരിക്കുന്നുണ്ട്. അത് മിനുക്കിയില്ലെങ്കില് അത് അപൂര്ണ്ണമാണെന്ന് തോന്നി.

നോവല് പ്രസിദ്ധീകരിക്കാന് തീരുമാനിച്ചപ്പോള് സഹോദരന്മാര്ക്ക് പ്രതിസന്ധി നേരിടേണ്ടി വന്നു. എഴുത്തിന്റെ വിവിധ ഘട്ടങ്ങളില് മാര്ക്വേസ് കുറഞ്ഞത് അഞ്ച് പതിപ്പുകളെങ്കിലും മാറ്റിയെഴുതിയിരുന്നു. എന്നാല് ഏതാണ് താന് ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്താന് അദ്ദേഹം ഒരു സൂചന നല്കിയിരുന്നതായി റോഡ്രിഗോ ഗാര്സിയ വെളിപ്പെടുത്തി. 'അദ്ദേഹം സൂക്ഷിച്ചിരുന്ന ഫോള്ഡറുകളിലൊന്നിന്റെ മുന്വശത്ത് 'ഗ്രാന് ഓകെ ഫൈനല്' എന്നുണ്ടായിരുന്നു' ഗാര്സിയ ബാര്ച്ച അനുസ്മരിച്ചു. ആ പതിപ്പും ശരിയല്ലെന്ന് അദ്ദേഹം തീരുമാനിക്കുന്നതിന് മുമ്പാണ് അങ്ങനെ എഴുതി ചേര്ത്തതെന്ന് റോഡ്രിഗോ ഗാര്സിയയുടെ സഹോദരന് കൂട്ടിച്ചേര്ത്തു.

പുസ്തകത്തിന്റെ ഏറ്റവും യോജിച്ച പതിപ്പ് രൂപപ്പെടുത്തുന്നതിനായി, തങ്ങള്ക്ക് കഴിയുന്ന ഏറ്റവും യോജിച്ച പതിപ്പ് നിര്മ്മിക്കുന്നതില്, ക്രിസ്റ്റോബല് പെറ മാര്ക്വേസിന്റെ മക്കളും ഒരു ധാരണയിലെത്തി- 'മാര്ക്വേസിന്റെ കുറിപ്പുകളില് നിന്നോ വ്യത്യസ്ത പതിപ്പുകളില് നിന്നോ അല്ലാതെ ഒരു വാക്ക് പോലും പുസ്തകത്തില് ചേര്ക്കില്ല'.

അപൂര്ണ്ണമെന്ന് കരുതി പ്രസിദ്ധീകരിക്കേണ്ടെന്ന് വിശ്വസാഹിത്യകാരന് പറഞ്ഞ പുസ്തകം പുറത്തിറക്കാനുള്ള നീക്കത്തിനെതിരെ വിമര്ശനം ഉയര്ന്നേക്കാം. മാര്ക്വേസിന്റെ ആരാധകരും നിരൂപകരുമെല്ലാം ഇതിനെ ചോദ്യം ചെയ്തേക്കാം തുടങ്ങിയ ആശങ്കകള് അദ്ദേഹത്തിന്റെ മക്കള്ക്കുണ്ട്.

എന്നാല് മാര്ക്വേസിന്റെ അവസാന നോവലിനെ പിന്തുണച്ച് പ്രമുഖരും രംഗത്ത് വരുന്നുണ്ട്. കൊളംബിയന് നോവലിസ്റ്റ് ഹെക്ടര് അബാദാണ് അതില് പ്രമുഖന്. പ്രസിദ്ധീകരണത്തെക്കുറിച്ച് തനിക്ക് ആദ്യം സംശയമുണ്ടായിരുന്നുവെങ്കിലും മുന്കൂറായി പുസ്തകം വായിച്ചപ്പോള് തീരുമാനം മാറ്റിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാര്ക്വേസിനെ മഹാനാക്കിയ എല്ലാ ഗുണങ്ങളും നോവലിലുണ്ടെന്നാണ് ഹെക്ടര് അബാദിന്റെ പ്രതികരണം.

ഈ നോവല് പ്രസിദ്ധീകരിക്കുന്നത് മൂല്യവത്താണെന്ന് ഗാര്സിയ മാര്ക്വേസിന് ഒരു ഘട്ടത്തില് തോന്നിയിരുന്നു എന്നതില് സംശയമില്ല. 1999-ല് നോവലിസ്റ്റായ ജോസ് സരമാഗോയ്ക്കൊപ്പം മാഡ്രിഡില് ഒരു പൊതുവേദിയില് അദ്ദേഹം ചില ഭാഗങ്ങള് വായിച്ചിരുന്നു. നോവലില് നിന്നുള്ള ഉദ്ധരണികള് പിന്നീട് സ്പെയിനിലെ പ്രമുഖ പത്രമായ എല് പൈസിലും ദി ന്യൂയോര്ക്കറിലും പ്രസിദ്ധീകരിച്ചു. പിന്നീട് മാര്ക്വേസ് തന്റെ ഓര്മ്മക്കുറിപ്പുകള് പൂര്ത്തിയാക്കാന് പദ്ധതി മാറ്റിവച്ചു. പിന്നീട് മറ്റൊരു നോവലായ മെമ്മറീസ് ഓഫ് മൈ മെലാഞ്ചലി വേഴ്സ് പ്രസിദ്ധീകരിച്ചു.

പിന്നീട് 2003ല് അദ്ദേഹം ഓഗസ്റ്റ് വരെയ്ക്ക് വേണ്ടി വീണ്ടും കഠിനമായി ശ്രമിക്കാന് തുടങ്ങി. ഒരുവര്ഷത്തിനകം അദ്ദേഹം അതിന്റെ കൈയെഴുത്തുപ്രതി തന്റെ ഏജന്റായ പരേതനായ കാര്മെന് ബാല്സെല്സിന് അയച്ചു. 2010-ലെ വേനല്ക്കാലത്ത്, ബാല്സെല്സ് മാര്ക്വേസിനൊപ്പം ഓര്മ്മക്കുറിപ്പിനായി പ്രവര്ത്തിച്ച എഡിറ്ററായ ക്രിസ്റ്റോബല് പെറയെ വിളിച്ചു. 80കളിലെത്തിയിരിക്കുന്ന മാര്ക്വേസ് ഒരു നോവല് പൂര്ത്തിയാക്കാന് ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ സഹായിക്കാനും പെറയോട് ആവശ്യപ്പെട്ടു. തന്റെ എഴുത്ത് പുരോഗമിക്കുന്നതില് മാര്ക്വേസ് അതീവ ജാഗ്രത പുലര്ത്തിയിരുന്നു. ഏതാനും മാസങ്ങള്ക്ക് ശേഷമാണ് അദ്ദേഹം നോവലിന്റെ ഏതാനും അധ്യായങ്ങള് വായിക്കാന് പെറിക്ക് അനുവാദം നല്കിയത്. വായിച്ച ഭാഗങ്ങള് വായിച്ച് പെറി ആവേശഭരിതനായി. ഏകദേശം ഒരു വര്ഷത്തിനുശേഷം മാര്ക്വേസിന്റെ ഓര്മ്മകള് മങ്ങാന് തുടങ്ങി. എഴുതുന്നതിന്റെ അര്ത്ഥം പോലും രചയിതാവ് മനസ്സിലാക്കാന് പാടുപെട്ടു. പക്ഷേ അപ്പോഴും കൈയെഴുത്തുപ്രതിയുടെ വശങ്ങളില് കുറിപ്പുകള് എഴുതുന്നത് മാര്ക്വേസ് തുടര്ന്നു.

'അദ്ദേഹത്തോടൊപ്പം ആ മൂന്നോ നാലോ അധ്യായങ്ങള് ഒരുമിച്ച് വായിച്ചപ്പോള്, ഞാന് ആദ്യം ചിന്തിച്ചത്, അദ്ദേഹത്തിന്റെ എല്ലാ വായനക്കാരും ഈ അത്ഭുതകരമായ കഥ ആസ്വദിക്കണമെന്നായിരുന്നു' എന്ന് കൈയ്യെഴുത്തുപ്രതിയില് പ്രവര്ത്തിച്ച എഡിറ്റര് ക്രിസ്റ്റോബല് പെറ ഓര്മ്മിക്കുന്നു. പുസ്തകം പ്രസിദ്ധീകരിക്കാന് പെറ ഗാര്സിയ മാര്ക്വേസിനോട് സൌമ്യമായി ആവശ്യപ്പെട്ടപ്പോള്, അദ്ദേഹം അതിനെ ശക്തമായി എതിര്ത്തു. 'എന്റെ ജീവിതത്തിലെ ഈ ഘട്ടത്തില്, എനിക്ക് മറ്റൊന്നും പ്രസിദ്ധീകരിക്കേണ്ടതില്ല' എന്നായിരുന്നു മാര്ക്വേസ് പറഞ്ഞതെന്നും പെറ അനുസ്മരിച്ചു.

തന്റെ എഴുത്ത് ജീവിതത്തിലുടനീളം, പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെയും പൂര്ത്തിയാകാത്ത കൈയെഴുത്തുപ്രതികളുടെയും പഴയ പതിപ്പുകള് ഗാര്സിയ മാര്ക്വേസ് പതിവായി നശിപ്പിച്ചിരുന്നു. അവ പിന്നീട് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാന് അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല എന്നതാണ് കാരണം. എന്നാല് അവസാന നോവലിന്റെ കയ്യെഴുത്ത് പ്രതികള് അദ്ദേഹം സൂക്ഷിച്ചുവെച്ചിരുന്നു. അതാണ് ഓഗസ്റ്റ് വരെ പ്രസിദ്ധീകരിക്കാന് കാരണമെന്നാണ് മാര്ക്വേസിന്റെ മക്കള് വ്യക്തമാക്കുന്നത്.

കടപ്പാട്: ന്യൂയോർക്ക് ടൈംസ് ന്യൂസ് സർവ്വീസ്

To advertise here,contact us