ഇനി രൂപ ദിർഹത്തിലേക്ക് മാറ്റേണ്ട; യുഎഇയിൽ യുപിഐ പേയ്മെൻ്റ് സംവിധാനം നിലവിൽ വന്നു

ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ കഴിഞ്ഞ ദിവസം ദുബായ് എമിറേറ്റ്സ് മാളിൽ ആദ്യ യുപിഐ ഇടപാട് നടത്തി

ദുബായ്: യുഎഇ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇനി മുതൽ യുപിഐ പേയ്മെന്റ് ക്യൂആർ കോഡോ ഇന്ത്യൻ എടിഎം കാർഡോ ഉപയോഗിച്ച് നടത്താം. നെറ്റ്വർക് ഇന്റർനാഷനലിന്റെ പിഒഎസ് മെഷീനുകളിലൂടെ യുപിഐ പണമിടപാടിനുള്ള സൗകര്യം നിലവിൽ വന്നു. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ കഴിഞ്ഞ ദിവസം ദുബായ് എമിറേറ്റ്സ് മാളിൽ ആദ്യ യുപിഐ ഇടപാട് നടത്തി. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയും ഗൾഫ് മേഖലയിലെ പേയ്മെന്റ് കമ്പനിയായ നെറ്റ്വർക്കും തമ്മിലുള്ള തമ്മിൽ സംയോജിതമായാണ് സംവിധാനം നടപ്പാക്കിയിരിക്കുന്നത്.

നെറ്റ്വർക് ഇന്റര്നാഷണല് മിഡില് ഈസ്റ്റിലും ആഫ്രിക്കയിലുടനീളവുമുള്ള ഡിജിറ്റല് വാണിജ്യത്തിന്റെ മുന്നിര പ്രായോജകരാണ്. നാഷണല് പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമാണ് എന്ഐപിഎല്. 350 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തല്ക്ഷണ പേയ്മെന്റ് സംവിധാനമാണ് യുപിഐ.

റീട്ടെയില്, ഹോസ്പിറ്റാലിറ്റി, ഗതാഗതം, സൂപ്പര്മാര്ക്കറ്റുകള് എന്നിവയുള്പ്പെടെയുള്ള 60,000-ത്തിലധികം വ്യാപാരികളില് രണ്ട് ലക്ഷത്തോളം പോയിന്റ് ഓഫ് സെയില് ടെര്മിനലുകള് ഉണ്ട്. റീട്ടെയില് സ്റ്റോറുകള്, ഡൈനിംഗ് ഔട്ട്ലെറ്റുകള്, ദുബായ് മാള്, മാള് ഓഫ് എമിറേറ്റ്സ് എന്നിവയുള്പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള് എന്നിവയില് നിന്ന് യുപിഐ സ്വീകാര്യത ക്രമാനുഗതമായി വിപുലീകരിക്കാനാണ് തീരുമാനം. യുഎഇയിൽ യുപിഐ സംവിധാനം നിലവിൽ വന്നതോടെ ഇന്ത്യൻ വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും ആശ്വാസമാവുകയാണ്. യുഎഇയിലെത്തിയാൽ ദിർഹത്തിലേക്ക് പണം മാറ്റേണ്ടതില്ല.

To advertise here,contact us