വീണ്ടും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യാ എക്സ്പ്രസ്

മസ്ക്കറ്റ്-കണ്ണൂർ സെക്ടറിലെ സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് വീണ്ടും റദ്ദുചെയ്തു

മസ്ക്കറ്റ്: തുടർച്ചയായി വിമാന സർവീസുകൾ റദ്ദാക്കിക്കൊണ്ട് യാത്രക്കാർക്ക് ദുരിതാവസ്ഥയാണ് എയർ ഇന്ത്യാ എക്സ്പ്രസ് നൽകിക്കൊണ്ടിരിക്കുന്നത്. മസ്ക്കറ്റ്-കണ്ണൂർ സെക്ടറിലെ സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് വീണ്ടും റദ്ദുചെയ്തു. ശനിയാഴ്ച രാവിലെ 6.45ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.45ന് മസ്കറ്റിൽ എത്തുന്ന ഐഎക്സ് 0713 വിമാനവും മസ്കറ്റിൽ നിന്ന് രാവിലെ 9.45ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.40ന് കണ്ണൂരിൽ എത്തുന്ന ഐഎക്സ് 0714 വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്.

വെള്ളിയാഴ്ച മസ്കറ്റ്-കോഴിക്കോട്ട് റൂട്ടിലും ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ റൂട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവിസുകളും ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച സർവീസ് റദ്ദാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് എയർ ഇന്ത്യാ എക്സപ്രസ് യാത്രക്കാർക്ക് നൽകി. എയർ ഇന്ത്യാ എക്സ്പ്രസിന്റെ നിരന്തരമായ റദ്ദാക്കലുകൾ മൂലം ബുദ്ധിമുട്ടിലായ നിരവധി യാത്രക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്.

To advertise here,contact us