കാമുകനെ ആക്രമിച്ച് വളർത്തുനായയെ തട്ടിയെടുത്തു; യുവതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി

യുവതിക്ക് ലഭിച്ച ശിക്ഷാ വിധിയെ അനുകൂലിച്ചും എതിർത്തും നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തി

കുവൈറ്റ് സിറ്റി: കാമുകനെ ആക്രമിച്ച് അയാളുടെ പ്രിയപ്പെട്ട വളര്ത്തുനായയെ തട്ടിയെടുത്ത യുവതിയ്ക്ക് കുവൈറ്റ് കോടതി ശിക്ഷ വിധിച്ചു. പ്രതിയായ 26 കാരിക്ക് നാല് വര്ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. യുവതിക്ക് ശിക്ഷ വിധിച്ച വാർത്ത ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് യുവതി 32കാരനായ കാമുകനെ മർദ്ദിച്ചത്. ശേഷം അയാളുടെ ഇഷ്ടപ്പെട്ട വളർത്തുനായയെ തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവാവ് പൊലീസിൽ പരാതി നൽകി. ശേഷം ഇരുവരും നിയമപോരാട്ടത്തിലേക്ക് നീങ്ങി. കോടതി യുവതിയുടേയും യുവാവിന്റേയും വാദം കേട്ട ശേഷം ശിക്ഷ വിധിച്ചു.

കാമുകനില് നിന്നുണ്ടായ വിശ്വാസ വഞ്ചന യുവതിയെ മാനസികമായി തകര്ത്തുകളഞ്ഞതായും പെട്ടെന്നുണ്ടായ വൈകാരിക പ്രകടത്തിന്റെ ഭാഗമായിരുന്നു അക്രമം ഉള്പ്പെടെയുള്ള പെരുമാറ്റമെന്നും യുവതിക്ക് വേണ്ടി കോടതിയില് ഹാജരായ അഭിഭാഷകന് അബ്ദുള് അസീസ് അല് യഹ്യ കോടതിയിൽ വാദിച്ചു. പക്ഷേ കോടതി ആ വാദം അംഗീകരിച്ചില്ല. യുവതിയ്ക്ക് ലഭിച്ച ശിക്ഷയെ അനുകൂലിച്ചും എതിർത്തും നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തി. ശിക്ഷ കൂടിപ്പോയതായും അഭിപ്രായങ്ങൾ ഉയർന്നു.

To advertise here,contact us