സിഗ്നൽ പച്ചയാവാൻ സെക്കൻഡുകൾ ബാക്കി; അപകടത്തിൽപ്പെട്ട പൂച്ചക്കുട്ടിയെ രക്ഷിച്ച ഡെലിവറി ബോയി വൈറൽ

അബുദബിയിലെ അൽ മന്ഹാൽ കൊട്ടാരത്തിനടുത്തെ തിരക്കേറിയ അൽ ഫലാഹ് സ്ട്രീറ്റില് വെച്ചായിരുന്നു ഈ സംഭവം നടന്നത്

അബുദബി: യുഎഇയിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുന്നവർ ശ്രദ്ധയേമാകുന്നത് അപൂർവ്വമായ കാര്യമൊന്നുമല്ല. പൊരിവെയിലത്ത് സഞ്ചരിക്കുന്നതിനിടയിലും ഡെലിവറി ബോയിമാർ ഏർപ്പെട്ട പ്രവർത്തികൾ പലപ്പോഴും പ്രശംസകൾക്ക് വഴിവെച്ചിട്ടുണ്ട്. തൻ്റെ പ്രവർത്തികൾക്ക് ആദരവും ഭരണാധികാരിയിൽ നിന്ന് സമ്മാനങ്ങളും ലഭിച്ചവരുണ്ട്. ദാ ഇപ്പോൾ അത്തരം പ്രശംസകൾ വാരിക്കൂട്ടുകയാണ് ഈ ഡെലിവറി ബോയി. അബുദബിയിലെ അൽ മന്ഹാൽ കൊട്ടാരത്തിനടുത്തെ തിരക്കേറിയ അൽ ഫലാഹ് സ്ട്രീറ്റില് വെച്ചായിരുന്നു ഈ സംഭവം നടന്നത്.

വാഹനത്തിനിടയിൽ കുടുങ്ങിയ പൂച്ചയുടെ ജീവൻ രക്ഷിച്ചുകൊണ്ടാണ് പാകിസ്താനി ഡെലിവറി ജീവനക്കാരൻ ശ്രദ്ധേയനായിരിക്കുന്നത്. 29കാരനായ സുബൈർ അൻവർ മുഹമ്മദ് എന്നാണ് ഡെലിവറി ജീവനക്കാരൻ്റെ പേര്. ഭക്ഷണം എത്തിക്കാനായി ബൈക്കിൽ പോകുമ്പോൾ തെരുവിലെ ട്രാഫിക് സിഗ്നലിൽ പച്ച വെളിച്ചം കാത്ത് നിൽക്കുകയായിരുന്നു സുബൈർ. പെട്ടെന്ന് ഒരു പൂച്ചക്കുട്ടി എവിടെ നിന്നോ ഓടിയെത്തി സിഗ്നൽ കാത്ത് റോഡിന്റെ മധ്യത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന എസ്യുവിയുടെ അടിയിലേക്ക് ഓടി കയറി. വാഹനം മുന്നോട്ടെടുത്താൽ പൂച്ചക്കുട്ടി അതിനടിയിൽ കുടുങ്ങി മരിക്കുമെന്നത് ഉറപ്പായിരുന്നു.

സിഗ്നൽ പച്ചയാവാൻ സെക്കൻഡുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇത് കണ്ട സുബൈർ ബേജാറായി, അവനെ രക്ഷിക്കണം എന്നുള്ളതായിരുന്നു പിന്നെ സുബൈറിന്റെ ലക്ഷ്യം. പിന്നെ ഒന്നും നോക്കാതെ സുബൈർ പൂച്ചക്കുട്ടിയെ എടുത്ത് റോഡിന്റെ മറുവശത്ത് സുരക്ഷിതമായ സ്ഥലത്ത് വിട്ടുകൊണ്ട് തിരിച്ചു വന്നു, ദാ .. അപ്പോഴേക്കും ചുവന്ന സിഗ്നലും കത്തി. വളരെ പെട്ടന്നായിരുന്നു സംഭവം. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ മറ്റൊരു വാഹനത്തിലുണ്ടായിരുന്ന മലയാളി യുവാവാണ് പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മെയ് നാലിനാണ് മനാഫ് കെ.അബ്ബാസ് എന്നയാളാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. പൂച്ചക്കുട്ടിയുടെ ജീവൻ രക്ഷിച്ച ഡെലിവറി ജീവനക്കാരൻ്റെ വീഡിയോ ഞൊടിയിടയിൽ രണ്ടുലക്ഷത്തിലധികം പേരാണ് കണ്ടത്. പിന്നീട് അഭിനന്ദന പ്രവാഹമായിരുന്നു.

എന്നാൽ താൻ ചെയ്ത ഈ പ്രവർത്തി പുറം ലോകം അറിഞ്ഞ് തന്നെ പ്രശംസിക്കുന്ന കാര്യങ്ങൾ ഒന്നും അറിയാതെ പാകിസ്താനിൽ ബലിപെരുന്നാൾ ആഘോഷിക്കുകയായിരുന്നു. കഴിഞ്ഞ 5 വർഷമായി എമിറേറ്റിൽ ഡെലിവറി ബോയിയായി ജോലിചെയ്യുകയാണ് സുബൈർ. സുബൈറിനെ നേരിട്ട് കണ്ടവരും അഭിനന്ദനങ്ങൾ അറിയിച്ചു. ഒരു മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് സുബൈർ പറയുന്നത്.

'വെയിലിൽ നിന്ന് രക്ഷപ്പെടാൻ തെരുവ് പൂച്ചകൾ പലപ്പോഴും കാറുകൾക്ക് താഴെ അഭയം തേടുമെന്ന് എനിക്കറിയാം, പക്ഷേ ഇവിടെ അത് തെരുവിൻ്റെ മധ്യത്തിലായിരുന്നു. ഭാഗ്യവശാൽ, ട്രാഫിക് ലൈറ്റ് പച്ചയാകാൻ ഏകദേശം അഞ്ച് സെക്കൻഡുള്ളപ്പോൾ എനിക്ക് പൂച്ചക്കുട്ടിയെ പുറത്തെടുക്കാൻ കഴിഞ്ഞു. ഈദ് അവധിക്ക് പോകുന്നതിന് മുമ്പാണ് സംഭവം നടന്നത്. ഉച്ച സമയമായിരുന്നു, വളരെ ചൂട് അനുഭവപ്പെട്ടിരുന്നു. അബുദബിയിലെ അൽ മൻഹാൽ പാലസിന് മുന്നിലുള്ള അൽ ഫലാഹ് സ്ട്രീറ്റിൽ ഭക്ഷണം എത്തിക്കാൻ പോകുന്നതിനിടെയാണ് സംഭവം നടന്നത്', സുബൈർ പറഞ്ഞു.

ഇനി അശ്രദ്ധമായി വാഹനമോടിച്ചാൽ പണികിട്ടും; അല്ഐന്- ദുബായ് റോഡിൽ 30 പുതിയ സ്പീഡ് ക്യാമറകള്

ഇത്തരത്തിലുള്ള സംഭവങ്ങളെ വളെര പ്രാധാന്യത്തോടെയാണ് യുഎഇ ഭരണാധികാരികൾ കാണാറുള്ളത്. 2021ൽ നടന്ന സംഭവം അതിന് വലിയ തെളിവാണ്. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ബാൽക്കണിയിൽ കുടുങ്ങിയ ഗൾഭിണിയായ പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികൾ ഉൾപ്പടെയുള്ളവർ ഹീറോകളായി മാറിയപ്പോൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സമ്മാനം നൽകിയിരുന്നു.

To advertise here,contact us