കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുള്ള തീപിടിത്തത്തില് മരിച്ചവരില് ഒരു മലയാളിയെ തിരിച്ചറിഞ്ഞു. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീർ ആണ് മരിച്ചത്. നിലവിൽ ആലപ്പുഴ കൊല്ലം ജില്ല അതിർത്തിയിൽ വയ്യാങ്കരയിലാണ് താമസം. കുവൈറ്റിലെ എന് ബി ടി സി കമ്പനിയിലെ ഡ്രൈവറായിരുന്നു ഷമീര്. ഇന്ന് പുലർച്ചെയാണ് കുവൈറ്റിലെ മംഗഫിൽ മലയാളികളടക്കം ഒട്ടേറെ പേര് താമസിക്കുന്ന ക്യാമ്പിൽ തീപിടിത്തമുണ്ടായത്. 49ഓളം പേരാണ് അപകടത്തിൽ മരിച്ചത്. നിരവധി പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവർ എല്ലാവരും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണ്.
തീപിടിച്ച കെട്ടിടത്തിനുള്ളിൽ നിന്ന് 45 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നാല് പേർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ആറ് മലയാളികൾ ഐസിയുവിൽ കഴിയുന്നതായി വിവരം നേരത്തെലഭിച്ചിരുന്നു. അപകടത്തിൽ മലയാളികലഉം തമിഴനാട് സ്വദേശികളും ഉൾപ്പെടുന്നുണ്ട്.
തീപിടിത്തം ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആറുനിലയിലുള്ള കെട്ടിടത്തിൻ്റെ താഴെ നിലയിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. 196 പേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് മുഴുവൻ പേരേയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. ജോലി കഴിഞ്ഞെത്തിയ തൊഴിലാളികൾ ഉറങ്ങികിടക്കുന്ന സമയത്താണ് ദുരന്തം ഉണ്ടായത്. തീ പടര്ന്നതിനെത്തുടര്ന്ന് രക്ഷപ്പെടാൻ കെട്ടിടത്തില്നിന്ന് താഴേക്ക് ചാടിയവര്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അദാന് ആശുപത്രി, ഫര്വാനിയ ആശുപത്രി, അമീരി ആശുപത്രി, മുബാറക്ക് ആശുപത്രി, ജാബിര് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം.