അബുദബി: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഈ മാസം 16ന് ബലിപെരുന്നാൾ. കഴിഞ്ഞ ദിവസം മാസപ്പിറവി ദൃശ്യമായി. ജൂൺ 15 മുതൽ 18വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15 ന് ശനിയാഴ്ച്ചയും ബലിപെരുന്നാൾ 16 ന് ഞായറാഴ്ചയും ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഒമാനിൽ ജൂൺ 17നാണ് ബലിപെരുന്നാൾ.
സൗദിയിലെ ഹരീഖിൽ ആണ് ദുൽഹജ് മാസപ്പിറ ദൃശ്യമായത്. മാസപ്പിറവി കണ്ടതോടെ ഹജ്ജ് തീർഥാടനത്തിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേയ്ക്ക് തീർത്ഥാടകരും അധികൃതരും കടന്നു. ദുൽഹജ് ഏഴിന് വൈകീട്ടോടെ തന്നെ ഹാജിമാർ മക്കയിൽ നിന്ന് മിനായിലേക്ക് നീങ്ങിത്തുടങ്ങും. ദുൽഹജ് 13 ന് ചടങ്ങുകൾ അവസാനിക്കും.
ഹിജ്റ കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ് ദുൽ ഹജ്ജ്. ദുൽ ഹജ്ജ് മാസത്തിലാണ് ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നത്. ദുൽ ഹജ്ജ് 10നാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.