സൗദിയില് ലെവി ഇളവ് നീട്ടി; മലയാളി പ്രവാസികള്ക്കും ആശ്വാസം

രാജ്യത്തെ ചെറുകിട സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള ലെവി ഇളവ് മൂന്ന് വർഷത്തേക്കാണ് നീട്ടിയിരിക്കുന്നത്

മലയാളികൾ ഉൾപ്പടെയുള്ള പ്രവാസി തൊഴിലാളികൾക്ക് ആശ്വാസവുമായി സൗദി. രാജ്യത്തെ ചെറുകിട സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള ലെവി ഇളവ് മൂന്ന് വർഷത്തേക്ക് നീട്ടി. സ്ഥാപനത്തിന്റെ ഉടമയടക്കം പത്തിൽ താഴെയുള്ള ജീവനക്കാർക്ക് ലഭിക്കുന്ന ഇളവാണ് ലെവി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ കൗൺസിലാണ് പ്രഖ്യാപനം നടത്തിയത്.

സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രതിമാസ വർക്ക് പെർമിറ്റ് ഫീസാണ് ലെവി.ചെറുകിട സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ലെവിയാണ് മൂന്ന് വർഷത്തേക്ക് നീട്ടിയിരിക്കുന്നത്. ഉടമയടക്കം ആകെ ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ ഇളവിന് അർഹതയുള്ളത്. പരമാവധി നാല് വിദേശികള്ക്കാണ് ഒരു സ്ഥാപനത്തില് ലെവി ഇളവുള്ളത്. ഒമ്പത് ജീവനക്കാരുള്ള ഒരു സ്ഥാപനത്തില് സ്വദേശിയായ തൊഴിലുടമ മാത്രമാണ് സൗദി പൗരനായി ജോലി ചെയ്യുന്നതെങ്കില് രണ്ട് വിദേശികള്ക്ക് ലെവിയില് ഇളവുണ്ട്.

സ്ഥാപന ഉടമയായ സ്വദേശിക്ക് പുറമേ മറ്റൊരു സ്വദേശിയും ജീവനക്കാരനായി അതേ സ്ഥാപനത്തിലുണ്ടാവുകയാണെങ്കിൽ ഇരുവരും സാമൂഹീക ഇൻഷൂറൻസ് അഥവാ ഗോസി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അത്തരം സ്ഥാപനങ്ങളിലെ നാല് വിദേശതൊഴിലാളികൾക്ക് ലെവി ഇളവ് ലഭിക്കും. നിലവിൽ 12.6 ലക്ഷമാണ് സൗദിയിലെ ചെറുകിട, ഇടത്തരം വാണിജ്യ സ്ഥാപനങ്ങളുടെയും സംരഭങ്ങളുടെയും ആകെ എണ്ണം. സൗദിയിലെ ചെറുകിട സംരംഭകരുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.

To advertise here,contact us