അബുദബി: ഭാവി ചാന്ദ്ര ദൗത്യങ്ങളിൽ വൻ കുതിപ്പുമായി യുഎഇ. നാസയുടെ നേതൃത്വത്തിൽ ചാന്ദ്ര ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ബഹിരാകാശ നിലയത്തിനായി എയർലോക്ക് യുഎഇ നിർമ്മിച്ചു നൽകും. നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസനാണ് പ്രഖ്യാപനം നടത്തിയത്. പദ്ധതി പൂർത്തിയാകുന്നതോടെ 2030ൽ യുഎഇയുടെ ബഹിരാകാശ യാത്രികനെ ചന്ദ്രനിലെത്തിക്കും. യുഎഇയുടെ ബഹിരാകാശ ഗവേഷണങ്ങളിൽ ശക്തി പകരാൻ പോകുന്നതാണ് പുതിയ സഹകരണം.
നാസയുടെ ആർട്ടിമിസ് പദ്ധതിയുടെ പ്രധാന ഘടകങ്ങളിലൊന്നണ് ചാന്ദ്ര ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ പോകുന്ന ബഹിരാകാശ നിലയം. ഇതിനായുള്ള എയർലോക്കാണ് യുഎഇ നിർമ്മിച്ചു നൽകുക. ബഹിരാകാശ നിലയത്തിലേക്കുള്ള കവാടമായി പ്രവർത്തിക്കുന്നതാണിത്. പുതിയ സ്പേസ് സ്റ്റേഷനിൽ ബഹിരാകാശ ശാസ്ത്രജ്ഞർക്ക് ജീവിക്കാനും പഠനങ്ങൾ നടത്താനും സൗകര്യമൊരുക്കും. എയർലോക്ക് ബഹിരാകാശത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾക്ക് സഹായിക്കും. അമേരിക്ക, കാനഡ, ജപ്പാൻ, യുറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യുഎഇയും ഭാഗമാകുന്നത്.
എയർലോക്ക് നിർമ്മാണമുൾപ്പടെ ഗവേഷണ പദ്ധതികൾക്കായി യുഎഇ പുതിയ സ്പേസ് ഓപ്പറേഷൻ സെന്റർ സ്ഥാപിക്കും. ബഹിരാകാശ യാത്രികർക്കുള്ള പരിശീലന കേന്ദ്രവും സ്ഥാപിക്കും. ചാന്ദ്ര ദൗത്യത്തിന് പുറമെ, യുഎഇ ലക്ഷ്യമിടുന്ന ചൊവ്വ ദൗത്യത്തിന് കൂടി ഊർജ്ജം പകരുന്നതാണ് പുതിയ സഹകരണം. ചന്ദ്രനിലേക്കുള്ള യാത്രയിൽ യുഎഇയുടെ ബഹിരാകാശ യാത്രികനുമുണ്ടാകും. 50 വർഷത്തിന് ശേഷമായിരിക്കും ചന്ദ്രനിലേക്ക് മനുഷ്യനെത്തുക.
'കുടുംബ പശ്ചാത്തലം കുറ്റകൃത്യ സാധ്യതയില്ലാത്തത്'; ലഹരിമരുന്ന് കേസില് യുവതിയെ വിട്ടയച്ച് കോടതി
ദൗത്യത്തിൽ രാജ്യം പ്രധാന പങ്കാളിയാകുന്ന പ്രഖ്യാപനത്തിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രിയും യുഎഇ വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉൾപ്പടെയുള്ള പ്രധാന നേതാക്കളും എത്തിയിരുന്നു.