ദുബായിൽ മൂടൽ മഞ്ഞ്; യാത്രക്കാർക്ക് സുരക്ഷാ നിർദേശങ്ങൾ നൽകി പൊലീസ്

സൈക്കിൾ, ഇ-സ്കൂട്ടർ യാത്രക്കാർ റിഫ്ലക്ടീവ് ആയ വസ്ത്രങ്ങൾ ധരിക്കണം

അബുദബി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് അപകട മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും നൽകി ദുബായ് പൊലീസ്. അപകടങ്ങൾ വർധിക്കുന്നതിനാലാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. വ്യാഴാഴ്ച 51 ചെറു അപകടങ്ങൾ ഉണ്ടായതായി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. സഹായം അഭ്യർഥിച്ച് 2841 പേർ ഫോണിൽ വിളിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സൈക്കിൾ, ഇ-സ്കൂട്ടർ യാത്രക്കാർ റിഫ്ലക്ടീവ് ആയ വസ്ത്രങ്ങൾ ധരിക്കണം, അസ്ഥിര കാലാവസ്ഥയുള്ള സമയങ്ങളിൽ വേഗം കുറയ്ക്കുക, ഡ്രൈവിങ്ങിനിടെ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കരുത്, പുലർച്ചെ വാഹനമോടിക്കുമ്പോൾ ലൈറ്റിടുക, ഓവർടേക്കിങ് ചെയ്യാതിരിക്കുക, ചെറു അപകടങ്ങൾ നടക്കുമ്പോൾ മറ്റ് വാഹനങ്ങൾ ഗതാഗത തടസ്സം സൃഷ്ടിക്കാതിരിക്കുക, ഹെൽമറ്റ് ധരിക്കുക, ഗതാഗതക്കുരുക്കോ മറ്റോ കാരണം യാത്ര വൈകുന്നതു മൂലമുള്ള മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക എന്നിവയാണ് ദുബായ് പൊലീസിന്റെ നിർദേശങ്ങൾ.

ക്ലൗഡ് സീഡിംഗിലൂടെ യുഎഇയിൽ ലഭിക്കുന്നത് പ്രതിവർഷം 15 ശതമാനം അധിക മഴ

യുഎഇയുടെ പലഭാഗങ്ങളിലും മൂടൽ മഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച രാജ്യത്തിന്റെ പല ഭാഗങ്ങളിലും റെഡ് അലേർട്ടും യെല്ലോ അലേർട്ടുകളും പ്രഖ്യാപിച്ചിരുന്നു. ദൃശ്യപരത കുറഞ്ഞതിനാൽ രാവിലെ പത്ത് മണി വരെ വാഹനങ്ങൾക്ക് പൊലീസ് അപകട മുന്നറിയിപ്പും നൽകി. അബുദബിയിലെ ചില റോഡുകളിൽ പൊലീസ് വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

To advertise here,contact us