അബുദബി: ഗാസക്ക് പിന്നാലെ യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന യുക്രെയ്നും സഹായം എത്തിച്ച് യുഎഇ ഭരണകൂടം.100 ടണ് പവര് ജനറേറ്ററുകളാണ് യുഎഇ യുക്രെയ്നിലേക്ക് അയച്ചത്. സാധാരണക്കാരുടെ വീടുകളില് വൈദ്യുതി ലഭ്യമാക്കുന്നതിനായി രൂപകല്പ്പന ചെയ്തിരിക്കുന്ന ജനറേറ്ററുകളാണ് ഇവ. 3.5 മുതല് എട്ട് കിലോവാട്ട് വരെ ശേഷിയുള്ളതാണ് ജനറേറ്ററുകള്. അടുത്ത മാസം കൂടുതല് ജനറേറ്ററുകള് യുക്രെയ്ന് കൈമാറുമെന്ന് യുഎഇ അറിയിച്ചു. നേരത്തെയും യുഎഇ യുക്രൈന് സഹായം നല്കിയിട്ടുണ്ട്.
ഗാസയില് യുദ്ധത്തില് പരിക്കേറ്റ കുട്ടികള് ഉള്പ്പെടെയുളളവരുടെ പുതിയ സംഘം യുഎഇയില് എത്തി
അതേസമയം ഗാസയില് യുദ്ധത്തില് പരിക്കേറ്റ കുട്ടികള് ഉള്പ്പെടെയുളളവരുടെ പുതിയ സംഘം ചികിത്സക്കായി യുഎഇയില് എത്തി. ഈജിപ്തിലെ അല് അരിഷ് ഇന്റര്നാഷണല് വിമാനത്താവളത്തില് നിന്ന് പുറപ്പെട്ട വിമാനം അബുദബി ഇന്റര്നാഷണല് എയര്പോര്ട്ടിലാണെത്തിയത്. ഏറ്റവും അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള 61 കുട്ടികളും അവരുടെ കുടുംബത്തിലെ 71 അംഗങ്ങളുമാണ് പുതിയ സംഘത്തിലുളളത്.
ഗാസയില് നിന്നുള്ള 1,000 കുട്ടികള്ക്കും 1,000 കാന്സര് രോഗികള്ക്കും ചികിത്സ ലഭ്യമാക്കുന്നമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുദ്ധത്തില് പരിക്കേറ്റ നിരവധി ആളുകളാണ് യുഎഇയിലെ വിവിധ ആശുപത്രികളില് നിലവിൽ ചികില്സയില് കഴിയുന്നത്.