'അമ്മ'യിലെ പൊട്ടിത്തെറി; എന്താണ് ശരിക്കും സംഭവിച്ചത്?

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനൽ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമായിരുന്നു

താര സംഘടയായ അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനൽ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമായിരുന്നു. എന്നാൽ മത്സരാർത്ഥികളെ കണ്ടപ്പോൾ തന്നെ ഔദ്യോഗിക പക്ഷവും വിമത പക്ഷവും വെളിവായിരുന്നു.

കാൽ നൂറ്റാണ്ടിൽ അധികം അമ്മയുടെ സാരഥിയായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുകയും പുതിയ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പുതിയ മുഖങ്ങൾ വരട്ടെയെന്ന നിലപാട് ചൂണ്ടിക്കാണിച്ചാണ് ഇടവേള ബാബു ജനറൽ സെക്രട്ടറി പദവി ഒഴിഞ്ഞത്. കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടി പറഞ്ഞതിനാൽ തീരുമാനം മാറ്റുകയായിരുന്നു.

അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ജയൻ ചേർത്തലയും തിരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് നടൻ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡൻ്റ് പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ട്രഷറർ സ്ഥാനത്തേയ്ക്ക് നേരത്തെ ഉണ്ണി മുകന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

'തോറ്റിട്ടില്ല, വിജയിച്ചിട്ടും മാറി കൊടുത്തതാണ്': 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിൽ രമേഷ് പിഷാരടി

ഇതിനിടെ വനിതാ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ തർക്കം രൂക്ഷമായി. മൂന്ന് സ്ത്രീകൾക്കുള്ള സീറ്റ് ഒഴിച്ചിട്ടതോടെയാണ് പ്രതിഷേധം ഉടലെടുത്തത്. അമ്മയുടെ ഭരണഘടന പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 17 അംഗങ്ങളിൽ നാല് സീറ്റ് സ്ത്രീകൾക്കുള്ളതാണ്. ഇതിനാൽ തിരഞ്ഞെടുപ്പിൽ നിന്ന രമേശ് പിഷാരടിയും റോണിയും മാറി നിൽക്കേണ്ടി വന്നു. ആദ്യം തിരഞ്ഞെടുപ്പിൽ അനന്യയെ മാത്രം തിരഞ്ഞെടുത്തു . മത്സരിച്ച സ്ത്രീകളെ തന്നെ പാനലിലേക് എടുക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രതിഷേധിച്ചു. മഞ്ജു പിള്ളയെയും കുക്കു പരമേശ്വരനെയും തിരഞ്ഞെടുക്കാനായിരുന്നു നീക്കം എങ്കിലും എക്സിക്യൂട്ടീവിലേക് മത്സരിച്ച സരയു, അൻസിബ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

25 വർഷത്തെ സേവനം അവസാനിപ്പിച്ചു ഇടവേള ബാബു പടിയിറങ്ങുമ്പോൾ നേതൃത്വത്തെ ശരിക്കും വിമർശിച്ചിരുന്നു. തനിക്കുണ്ടായ സൈബർ ആക്രമണങ്ങളിൽ അമ്മയോ അംഗങ്ങളോ പ്രതിരോധിക്കാനോ സംരക്ഷിക്കാനോ ഉണ്ടായിരുന്നില്ല എന്നായിരുന്നു ഇടവേള ബാബു പറഞ്ഞിരുന്നത്. കഴിഞ്ഞ ഒമ്പതു വർഷമായിട്ടേയുള്ളു താര സംഘടനാ ശമ്പളം തന്നു തുടങ്ങിയിട്ടെന്നും അതിൽ അലവൻസ് കഴിഞ്ഞാൽ പതിനായിരം രൂപയാണ് കിട്ടിയിരുന്നതെന്നും പറഞ്ഞാണ് ഇടവേള ബാബു പടി ഇറങ്ങിയത്.

ഔദ്യോഗിക പാനലിനെ അംഗീകരിക്കുക എന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന കീഴ്വഴക്കം. എന്നാൽ പതിവിനു വിപരീതമായുള്ള ഔദ്യോഗിക പാനലിന്റെ വിള്ളലും തിരിച്ചടിയും കൂടെയായപ്പോൾ സാധാരണയായി ഉണ്ടാകാറുള്ള വാർത്താ സമ്മേളനം പോലും അമ്മ നേതൃത്വം ഒഴിവാക്കി. അതേസമയം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച് രമേഷ് പിഷാരടി എല്ലാ അംഗങ്ങൾക്കും കത്തയച്ചു. താൻ വിജയിച്ചിട്ടും പരാജയപ്പെട്ടെന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഒഴിവാക്കാമായിരുന്നു, ഇതെല്ലാം വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്തമായിരുന്നുവെന്നും രമേഷ് പിഷാരടി റിപ്പോർട്ടർ ടിവി യോട് പറഞ്ഞു

To advertise here,contact us