ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയുന്ന 'തങ്കലാൻ' തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. സിനിമയുടെ റിലീസ് തീയതി നിരവധി തവണ മാറ്റിയതിൽ ആരാധകർ നിരാശ പങ്കുവെക്കുകയുണ്ടായി. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി സംബന്ധിച്ച് പുതിയ അപ്ഡേറ്റുകളാണ് വന്നിരിക്കുകയാണ്.
ചിത്രം ആഗസ്റ്റ് 15 ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ധനഞ്ജയൻ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ചിത്രത്തിന്റെ ചില സിജി വർക്കുകളും സെൻസർ നടപടികളും മാത്രമാണ് പൂർത്തിയാകാനുള്ളത്. ജൂലൈ മാസത്തിൽ സെൻസർ നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബ്രിട്ടിഷ് ഭരണത്തിന് കീഴിൽ കർണാടകയിലെ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാൻ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിയാൻ വിക്രം നായകനായ ചിത്രത്തിൽ മാളവിക മോഹനനാണ് നായിക. പാർവതി തിരുവോത്തും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗംഗമ്മ എന്നാണ് നടിയുടെ കഥാപാത്രത്തിന്റെ പേര്.
അധ്യക്ഷനായി മോഹൻലാലിന് മൂന്നാം ഊഴം, ജനറൽസെക്രട്ടറിയെ തിരഞ്ഞെടുക്കും; 'അമ്മ' വാർഷിക പൊതുയോഗം ഇന്ന്
പശുപതിയും ഒരു പ്രധാന വേഷത്തിലുണ്ട്. പാ രഞ്ജിത്തിന്റേത് തന്നെയാണ് തിരക്കഥയും. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി വി പ്രകാശ് കുമാർ സംഗീതസംവിധാനവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. അൻപ് അറിവ് ആണ് ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷന്സ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേല് രാജയാണ് തങ്കലാന് നിര്മ്മിക്കുന്നത്. വമ്പൻ ബജറ്റിലാണ് ഈ പീരിയഡ് ഡ്രാമ ഒരുങ്ങുന്നതെന്ന് നിര്മ്മാതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു.