വിജയ് സേതുപതി ടൈറ്റിൽ റോളിലെത്തി വിസ്മയിപ്പിച്ച ചിത്രം 'മഹാരാജ' തമിഴിലും മലയാളത്തിലും മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ജൂൺ 14-ന് റിലീസിനെത്തിയ ചിത്രം രണ്ടുവാരത്തിലേക്ക് എത്തുമ്പോൾ ആഗോളതലത്തിൽ 75 കോടി പിന്നിട്ടിരിക്കുകയാണ്.
10 ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 77 കോടി രൂപയോളമാണ് നേടിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് മാത്രം സിനിമ ഏകദേശം 52 കോടിയോളം രൂപയാണ് നേടിയിരിക്കുന്നത്.
താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസാണ് മഹാരാജയിലൂടെ കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകപക്ഷം. കൂടാതെ വാണിജ്യപരമായ നേട്ടം കൊയ്യുന്ന ആദ്യ വിജയ് സേതുപതി ചിത്രം എന്ന ഖ്യാതിയും മഹാരാജ വൈകാതെ നേടും എന്ന് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.
ഇതിനിടെ സിനിമയ്ക്കായി നടൻ വാങ്ങിയ പ്രതിഫലവും ചർച്ചയാകുന്നുണ്ട്. മഹാരാജയ്ക്കായി 20 കോടിയാണ് വിജയ് സേതുപതിക്ക് വാഗ്ദാനം ചെയ്തിരുന്ന ശമ്പളം. എന്നാല് ഇത് താരം വാങ്ങിയിട്ടില്ലെന്നും അഡ്വാന്സ് തുക മാത്രമാണ് കൈപറ്റിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്.
ഉലകനായകന് ഇതെല്ലാം സിംപിൾ; കൽക്കി 2898 എഡിയിൽ എല്ലാ ഭാഷകളിലും കമലിന്റെ ശബ്ദം തന്നെ കേൾക്കാം
നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.