മലയാളികൾക്കിടയിൽ മറ്റേത് തെന്നിന്ത്യൻ താരത്തെക്കാളും സ്വീകാര്യതയുള്ള വ്യക്തിയാണ് വിജയ്. നടന്റെ ഓരോ സിനിമയുടെയും റിലീസിനെ മലയാളി ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ വിജയ്യുടെ സൂപ്പർഹിറ്റ് ചിത്രങ്ങളായ പോക്കിരിയുടെയും തുപ്പാക്കിയുടെയും റീ റിലീസിനും വലിയ സ്ക്രീൻ കൗണ്ട് തന്നെയാണ് ലഭിച്ചിരിക്കുന്നത്.
പോക്കിരിക്ക് കേരളത്തിലെ വിവിധയിടങ്ങളിലായി 74 തിയേയറ്ററുകളാണ് ലഭിച്ചിരിക്കുന്നതെങ്കിൽ 75 ആണ് തുപ്പാക്കിയുടെ സ്ക്രീൻ കൗണ്ട്. ഡിജിറ്റല് റീമാസ്റ്റർ ചെയ്ത പതിപ്പുകളാണ് തിയേറ്ററുകളിലെത്തുന്നത്.
മഹേഷ് ബാബു നായകനായ അതേപേരിലുള്ള സിനിമയുടെ തമിഴ് റീമേക്കായിരുന്നു വിജയ് നായകനായ പോക്കിരി. 2007 ജനുവരിയിൽ റിലീസ് ചെയ്ത ചിത്രം തമിഴ്നാട്ടിൽ 200 ദിവസങ്ങളിലധികമാണ് പ്രദർശിപ്പിച്ചത്. തമിഴ് സിനിമയില് 75 കോടി കളക്റ്റ് ചെയ്ത ആദ്യ ചിത്രവുമാണ് പോക്കിരി.
ഗദർ 2ന്റെ വിജയം ആവർത്തിക്കാൻ സണ്ണി ഡിയോൾ; നടന്റെ നൂറാം ചിത്രമായി എസ്ഡിജിഎം
2012 നവംബർ 12 നായിരുന്നു തുപ്പാക്കി റിലീസ് ചെയ്തത്. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിൽ ക്യാപ്റ്റൻ ജഗദീഷ് എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്. കാജൽ അഗർവാൾ, വിദ്യുത് ജംവാൾ, ജയറാം, മനോബാല, സക്കീർ ഹുസൈൻ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്ഷയ് കുമാർ നായകനായ ഹോളിഡേ: എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടി എന്ന പേരിൽ ഹിന്ദിയിലും ബംഗാളിയിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.