നടന് സഹീർ ഇക്ബാലുമായുള്ള മകൾ സൊനാക്ഷി സിൻഹയുടെ വിവാഹത്തെ എതിർത്തുവെന്ന അഭ്യൂഹങ്ങൾ തള്ളി രാഷ്ട്രീയക്കാരനും നടനുമായ പിതാവ് ശത്രുഘന് സിൻഹ. സൊനാക്ഷിയുടെ വിവാഹത്തിൽ കുടുംബം തൃപ്തരല്ലെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. മറ്റൊരു വിശ്വാസം പിൻപറ്റുന്നയാളാണെന്നതും കരിയറിൽ സൊനാക്ഷിയേക്കാൾ മികവുതെളിയിച്ച ആളല്ല എന്നതുമാണ് കുടുംബത്തിന്റെ എതിർപ്പിന് കാരണമെന്നുമായിരുന്നു അഭ്യൂഹങ്ങൾ.
എന്നാൽ സഹീർ ഇക്ബാലുമൊത്തുള്ള ശത്രുഘൻ സിൻഹയുടെ ചിത്രം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് പുഞ്ചിരിയോടെ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടാണ് ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്. മകളുടെ വിവാഹം സംബന്ധിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് ആദ്യം ശത്രുഘൻ സിൻഹ വിവാഹത്തോട് പ്രതികരിച്ചിരുന്നത്.
മകളുടെ വിവാഹത്തിൽ പങ്കെടുക്കും. എന്തുകൊണ്ട് ഞാൻ പങ്കെടുക്കാതിരിക്കണം? അവളുടെ സന്തോഷമാണ് എന്റെ സന്തോഷം. തിരിച്ചും അങ്ങിനെ തന്നെ. പങ്കാളിയെ തിരഞ്ഞെടുക്കാനും വിവാഹകാര്യങ്ങൾ തീരുമാനിക്കാനുമുള്ള പൂർണ ഉത്തരവാദിത്തം അവൾക്കുണ്ട്. രാഷ്ട്രീയ കാര്യങ്ങളുമായി ഞാൻ തിരക്കിലാണ്. ഞാൻ ഇപ്പോഴും മുംബൈയിലുണ്ട് എന്ന വസ്തുത തന്നെ, അവളുടെ ശക്തിമാത്രമല്ല, അവളുടെ സംരക്ഷകൻ കൂടിയാണെന്നതിന്റെ തെളിവാണ്. - ടൈംസ് നൌവിന് നൽകിയ അഭിമുഖത്തിലാണ് ശത്രുഘൻ സിൻഹയുടെ പ്രതികരണം.
ജ്വല്ലറി മേഖലയുമായി ബന്ധപ്പെട്ടതാണ് സഹീർ ഇഖ്ബാലിന്റെ കുടുംബം. സഹീറിന്റെ പിതാവ് ഇഖ്ബാൽ രതൻസി ജ്വല്ലറി വ്യാപാര രംഗത്ത് പ്രശസ്തനാണ്. സൽമാൻ ഖാനുമായി വളരെ അടുത്ത് നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. 2020 ലാണ് സഹീറും സൊനാക്ഷിയും ഡേറ്റിങ് ആരംഭിച്ചത്. 2022-ൽ പുറത്തിറങ്ങിയ 'ഡബിൾ എക്സ്എൽ' എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇരുവരുടെയും വിവാഹത്തിന്റെ ക്ഷണക്കത്ത് കഴിഞ്ഞ ദിവസം ചോർന്നിരുന്നു. ജൂൺ 23 ന് മുംബൈയിലെ ബാസ്റ്റിയാനിലാണ് വിവാഹ ആഘോഷങ്ങൾ നടക്കുക. അതിഥികൾ ചുവപ്പ് വസ്ത്രം ധരിക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.