കൊച്ചി: മലയാള സിനിമ താര സംഘടനയായ ‘അമ്മ’യുടെ ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദനെ എതിരില്ലാതെ തിരഞ്ഞെടുത്തു. സിദ്ദിഖ് ആയിരുന്നു മുൻ ട്രഷറി സ്ഥാനം വഹിച്ചിരുന്നത്. കഴിഞ്ഞ ഭരണ സമിതിയിൽ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദൻ. അതേസമയം, മൂന്നാം തവണയും ‘അമ്മ’യുടെ പ്രസിഡന്റായി മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികള്ക്കായുള്ള തിരഞ്ഞെടുപ്പിന്റെ പത്രിക സമര്പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള് പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ മാത്രമാണ് പത്രിക സമർപ്പിച്ചത്.
ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. സിദ്ദീഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ. ഈ വർഷത്തെ പൊതുയോഗത്തില് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
രമേഷ് പിഷാരടി, റോണി ഡേവിഡ്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, വിനു മോഹൻ, അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ എന്നിവർ പതിനൊന്ന് അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ട്.
ഇനി കാത്തിരിക്കേണ്ട, ആൽപറമ്പിൽ ഗോപി സ്വീകരണ മുറികളിലേക്ക്; ഒടിടി റിലീസ് പ്രഖ്യാപിച്ചു
ചൊവ്വാഴ്ചയായിരുന്നു നമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ജൂൺ 30-ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നടക്കുക. 506 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. 25 വര്ഷത്തോളം അമ്മയുടെ വിവിധ തലത്തില് ഭാരവാഹിയായ ഇടവേള ബാബു ഭാരവാഹിയാകില്ലെന്നത് കൊണ്ട് തന്നെ പൊതുയോഗം ശ്രദ്ധ നേടും. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ തീരുമാനമറിയിച്ചിരുന്നു. കഴിഞ്ഞ തവണ ബാബു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും മമ്മൂട്ടിയുടെ വാക്കുകൾക്ക് മുന്നിൽ ബാബു തീരുമാനം മാറ്റുകയായിരുന്നു.
'അമ്മ'യെ മോഹൻലാൽ തന്നെ നയിക്കും; ജനറല് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം