ചെന്നൈ: അരവിന്ദ് സ്വാമി നായകനായ തമിഴ് സിനിമയായ ‘ഭാസ്കർ ഒരു റാസ്കലി’ന്റെ നിർമ്മാതാവ് കെ മുരുകനെതിരെ മദ്രാസ് ഹൈക്കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അരവിന്ദ് സ്വാമിക്ക് പ്രതിഫലം നൽകാത്തതിനും കടമെടുത്ത 35 ലക്ഷം രൂപ തിരിച്ചടയ്ക്കാത്തതിനുമാണ് കെ മുരുകനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഒരുക്കിയ സിനിമയിൽ അരവിന്ദ് സ്വാമിക്ക് മൂന്നുകോടി രൂപയാണ് പ്രതിഫലം നിശ്ചയിച്ചിരുന്നത്. ഇത് സംബന്ധിച്ച് 2017 ഏപ്രിൽ ഏഴിന് അരവിന്ദ് സ്വാമിയും നിർമ്മാതാവും കരാറിൽ ഒപ്പുവെച്ചു. തുകയിൽ നിന്ന് നികുതി പിടിച്ച് ആദായനികുതി വകുപ്പിന് നൽകുമെന്നും കരാറുണ്ടായിരുന്നു.
എന്നാൽ സിനിമ റിലീസായ ശേഷവും 30 ലക്ഷം രൂപ നിർമാതാവ് അരവിന്ദ് സ്വാമിക്ക് നൽകാനുണ്ടായിരുന്നു. നികുതി തുകയായ 27 ലക്ഷം ആദായനികുതി വകുപ്പിൽ അടച്ചതുമില്ല. തുടർന്ന് അരവിന്ദ് സ്വാമി കോടതിയെ സമീപിക്കുകയും 18 ശതമാനം പലിശസഹിതം 65 ലക്ഷം അരവിന്ദ് സ്വാമിക്കു നൽകാനും ആദായനികുതിവകുപ്പിൽ 27 ലക്ഷം അടക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
ഇത്രേ ഒള്ളൂ..! പത്ത് വരിയിൽ 'ആടുജീവിതം' കഥയെഴുതി മിടുക്കി, ചിത്രം പങ്കുവെച്ച് ബെന്യാമിൻ
എന്നാൽ തന്റെ പക്കൽ സ്വത്തുക്കൾ ഒന്നുമില്ലെന്ന് കെ മുരുകൻ അറിയിച്ചു. കോടതി സ്വത്തു വിവരം നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ അത് ഇത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി. തുടർന്നാണ് നിർമ്മാതാവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.