കമൽഹാസനെ തൊടാൻ പറ്റുമോ എന്ന് അറിയില്ലായിരുന്നു, പിന്നീട് അദ്ദേഹത്തിന് ഞാൻ ഷോട്ട് എടുത്തു: റിയാസ് ഖാൻ

'കമൽഹാസനൊപ്പം അഭിനയിക്കുക എന്നത് വളരെ എക്സൈറ്റ്മെന്റുള്ള കാര്യമായിരുന്നു. ഒരു ഡ്രീം കം ട്രൂ എന്ന് പറയാൻ കഴിയുന്ന നിമിഷം'

സാങ്കേതിക മികവ് കൊണ്ട് ഇന്നും ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് കമൽ ഹാസൻ നായകനായെത്തിയ ആളവന്താൻ. റിലീസ് സമയത്ത് വലിയ വിജയം നേടാൻ കഴിയാതെ പോയ ചിത്രം പിന്നീട് ഒരു ക്ലാസിക് സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്തു. നടൻ റിയാസ് ഖാനും ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആളവന്താനിലക്ക് കമൽഹാസൻ ക്ഷണിച്ചതിന്റെയും സിനിമയുടെ ഭാഗമായതിന്റെയും ഓർമ്മകൾ റിപ്പോർട്ടർ ടിവിയോട് പങ്കുവെക്കുകയാണ് റിയാസ് ഖാൻ.

'കമൽഹാസനൊപ്പം അഭിനയിക്കുക എന്നത് വളരെ എക്സൈറ്റ്മെന്റുള്ള കാര്യമായിരുന്നു. ഒരു ഡ്രീം കം ട്രൂ എന്ന് പറയാൻ കഴിയുന്ന നിമിഷം. പുള്ളിക്കൊപ്പം അഭിനയിക്കാൻ പറ്റുമോ, പുള്ളിയോട് സംസാരിക്കാൻ പറ്റുമോ, പുള്ളിയെ തൊടാൻ പറ്റുമോ എന്നൊക്കെ ചിന്തിക്കുന്ന സമയമാണ് അത്. ആളവന്താനിലേക്ക് കമൽഹാസൻ സാർ നേരിട്ടാണ് വിളിക്കുന്നത്. അദ്ദേഹം ഓഡിഷനായല്ല വിളിക്കുന്നത്, റിയാസും ഭാര്യയും എന്നെ കാണാൻ വരുമോ എന്നാണ് വിളിക്കുന്നത്. ഞങ്ങൾ കുറെ നേരം മറ്റു കാര്യങ്ങളൊക്കെ പറഞ്ഞ ശേഷമാണ് കഥ പറയുന്നത്,' എന്ന് റിയാസ് ഖാൻ പറഞ്ഞു.

ധനുഷിന്റെ രായൻ എന്നെത്തും?; ഒടുവിൽ തീരുമാനമറിയിച്ച് നിർമ്മാതാക്കൾ

'അതുപോലെ സിനിമയിൽ ഞാൻ അദ്ദേഹത്തിന് ബോഡി ഡബിളായി പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റണ്ട്മാൻ വേണ്ട, റിയാസ് ചെയ്താൽ മതിയെന്ന് പറഞ്ഞ് അദ്ദേഹമാണ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്. അദ്ദേഹം ഏത് സമയം നോക്കും, ഏത് സമയം കൈയനക്കും എന്നെല്ലാം എനിക്കറിയാം. അത് അറിഞ്ഞാൽ മാത്രമേ ബോഡി ഡബിളാകാൻ പറ്റുകയുള്ളൂ. മറ്റൊരു കാര്യം എന്തെന്നാൽ ഞാൻ കമൽ സാറിന് ഷോട്ട് എടുത്തിട്ടുണ്ട്. ഒരു പോയിന്റ് ഓഫ് വ്യൂ ഷോട്ടിൽ കമൽ സാർ ഒരു ഇരുമ്പ് കമ്പിയിലൂടെ ഊർന്ന് വരുന്ന രംഗമുണ്ട്. അപ്പുറത്ത് ഞാൻ ബോഡി ഡബിളായി നിൽക്കുന്നുണ്ട്. ആ സമയം ആ ഷോട്ട് ഞാനാണ് എടുത്തത്,' എന്നും റിയാസ് ഖാൻ പറഞ്ഞു.

To advertise here,contact us