കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിർമയിയും ഒപ്പം ഷറഫുദീനും, അമൽ നീരദ് ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ചിത്രത്തിലെ കാസ്റ്റിനെ പരിചയപ്പെടുത്തികൊണ്ടിരിക്കുകയാണ് സംവിധായകൻ. ഓരോ അപ്ഡേറ്റിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.
ആദ്യം കുഞ്ചാക്കോ ബോബന്റെ ക്യാരക്റ്റർ പിന്നാലെ ഒന്നിന് പുറകെ ഒന്നായി മറ്റു താരങ്ങളുടെ എൻട്രിയും. തികഞ്ഞ സ്റ്റൈലിഷ് ആക്ഷൻചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് പോസ്റ്ററുകൾ നൽകുന്ന സൂചന. തോക്കേന്തി രൂക്ഷ ഭാവത്തിലാണ് കുഞ്ചാക്കോ ബോബനെയും ഫഹദിനെയും ജ്യോതിർമയിയെയും പോസ്റ്ററിൽ കാണാനാകുന്നത്. ചുണ്ടിൽ എരിയുന്ന സിഗരറ്റു കത്തിച്ച് ഒരു വില്ലൻ ഭാവം ഷറഫുദീനും ഉണ്ട്.
പതിനൊന്നു വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിർമയി മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്നത്. അത് ജീവിത പങ്കാളിയുടെ ചിത്രത്തിലൂടെയാണെന്ന പ്രത്യേകതയും ഉണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും പുറത്തു വിട്ടിട്ടുമില്ല.
നിഗൂഢത ഒളിപ്പിച്ച് 'ഉള്ളൊഴുക്ക്'; ചിത്രം തിയേറ്ററുകളിലേക്ക്
ഞായറാഴ്ച തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ഒരു അപ്ഡേറ്റ് ഉണ്ടാവുമെന്ന് ഒരു മിനിമൽ പോസ്റ്ററിലൂടെ അമൽ നീരദ് അറിയിച്ചിരുന്നു. ഈ പോസ്റ്റർ കുഞ്ചാക്കോ ബോബനും പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ ട്രെൻഡിങ് ആയതിനു പിന്നാലെ നിരവധി താരങ്ങളുടെ ചിത്രം ഉൾപ്പെടുത്തി ഫാൻ മേഡ് പോസ്റ്ററുകളും രംഗത്തെത്തിയിട്ടുണ്ട്.