'കാന്താര' പ്രീക്വലിൽ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; അമ്പരപ്പിക്കുന്ന സെറ്റ് ഒരുക്കി റിഷബ് ഷെട്ടി

200x200 അടി വിസ്തീർണമുള്ള ഒരു കൂറ്റൻ കുന്താപുര സെറ്റാണ് നിർമ്മിക്കുന്നത്

'കാന്താര' ആരാധകർക്ക് പുതിയ സർപ്രൈസുമായി എത്തിയിരിക്കുകയാണ് റിഷബ് ഷെട്ടി. 'കാന്താര: ചാപ്റ്റർ 1-നായി വമ്പൻ സെറ്റാണ് ഒരുങ്ങുന്നത്. 20 ദിവസത്തെ ഷെഡ്യൂളോടെ ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ഈ ആഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഈ ഷെഡ്യൂളിൽ വനത്തിനുള്ളിലെ പ്രധാന ഭാഗങ്ങളാണ് ചിത്രീകരിക്കുക. കൂടാതെ കുന്താപുര എന്ന മനോഹരമായ തീരദേശ പശ്ചാത്തലത്തിൽ സിനിമയുടെ കഥയുമായി ബന്ധപ്പെട്ടുള്ള ഭാഗങ്ങളും ചിത്രീകരിക്കും.

200x200 അടി വിസ്തീർണമുള്ള ഒരു കൂറ്റൻ കുന്താപുര സെറ്റാണ് നിർമ്മിക്കുന്നത്. ഇത് കൂടാതെ മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള 600 ആശാരിമാരെയും സ്റ്റണ്ട് മാസ്റ്റർമാരെയും കുന്താപുരയിലേക്ക് എത്തിച്ചിട്ടുണ്ട്. സെറ്റ് ഒരുങ്ങന്ന അതേ സമയം സിനിമയിലെ അഭിനേതാക്കൾ കഠിനമായ പരിശീലന സെഷനുകളിലൂടെ കടന്നുപോകുകയാണെന്നും സിനിമയുടെ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.

പഞ്ചുരുളി എന്ന നാടും ഗുളിഗ ദൈവിക ദേവതകളെയും സൗത്ത് ഇന്ത്യ ഒട്ടാകെ എത്തിച്ചു കൊണ്ട് വലിയ സ്വീകാര്യത നേടിയ ചിത്രമാണ് കാന്താര. കാന്താരയുടെ ചരിത്രമാണ് ഇനി പറയാൻ പോകുന്നത്. റിഷബ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജനീഷ് ലോക്നാഥാണ്. ഛായാഗ്രഹണം അരവിന്ദ് കശ്യപ് നിർവ്വഹിക്കും.

2022 സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തിയ കാന്താര തെന്നിന്ത്യൻ സിനിമാ ലോകത്തെ അമ്പരപ്പിച്ചിരുന്നു. സിനിമയുടെ ക്വാളിറ്റി മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യാൻ കാരണമായി. കേരളത്തിലടക്കം വമ്പൻ കളക്ഷനോടെയെത്തിയ സിനിമ ഇന്ത്യക്ക് പുറത്തും ചർച്ചയാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

ബോക്സോഫീസിൻ തോഴാ... ഇനി നീ പാൻ ഇന്ത്യ; ആദ്യ ദിനം മികച്ച കളക്ഷനുമായി നിവിന്റെ മലയാളി

To advertise here,contact us