മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്നു എന്നതിനാൽ തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ ഒഫീഷ്യൽ ഫോട്ടോഗ്രാഫറായ അനീഷ് ഉപാസന മോഹന്ലാലിനൊപ്പമുള്ള ഒരു നിമിഷം പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഫ്രെയിമിൽ അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള ഒരു ചിത്രം സമ്മാനിച്ചതിന്റെ ഓർമ്മയാണ് അനീഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
'ലാൽ സാറും ആന്റണി ചേട്ടനും ബാറോസിന്റെ ഒഫീഷ്യൽ ഫോട്ടോഗ്രാഫറായി എന്നെ നിയമിച്ചപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നെനിക്ക്. കാരണം എന്നെ ക്ഷണിച്ചത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഇടം നേടാൻ പോകുന്ന ബാറോസ് എന്ന ചിത്രത്തിലേക്കാണ്..സന്തോഷ് ശിവൻ സാറിന്റെ ഫ്രെയിമുകൾ ഒപ്പിയെടുക്കുമ്പോഴും മനസ്സെപ്പോഴും കൂടുതൽ ആഗ്രഹിച്ചത് സ്വന്തമായി ചില ഫ്രെയിം കോമ്പോസിഷൻസ് വേണമെന്നായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ ലാൽ സാർ ഫോട്ടോഗ്രാഫ്സുള്ള ഐ പാഡ് ആവശ്യപ്പെടാറുണ്ട് . എല്ലാം ഓരോന്നായി ക്ഷമയോടെ നോക്കും.
സാർ..ഫ്രീ ടൈമിൽ പോസ്റ്റേഴ്സിനുള്ള ഫോട്ടോസ് ഒന്ന് സെലക്ട് ചെയ്യാമോ..? ലാൽ സാർ : “ ഇതിലെല്ലാം നല്ല പടങ്ങളാണ്. നിങ്ങൾ തന്നെ സെലക്ട് ചെയ്തിട്ടെന്നെ കാണിക്കൂ.excellent pictures…!! പക്ഷേ, സാറിനെകാണാൻ ആര് വന്നാലും മൊബൈൽ ഫോൺ ഓപ്പൺ ചെയ്ത് ഈ ഒരു ചിത്രം സാർ എല്ലാവർക്കും കാണിച്ച് കൊടുക്കുന്നത് ഞാൻ പല തവണ ശ്രദ്ധിച്ചിട്ടുണ്ട്. സാറിന് അത്രയധികം ഇഷ്ട്ടപെട്ട ഫ്രെയിമാണിതെന്ന് അന്നേ ഞാൻ മനസ്സിലാക്കിയിരുന്നു. അത് കൊണ്ട് തന്നെയാണ് വളരെ സർപ്രൈസായി സാറിന് ഈ ചിത്രം പ്രസന്റ് ചെയ്തതും. Sir...its for u.. മനസ്സ് നിറഞ്ഞ പുഞ്ചിരിയിൽ ഒരു നേർത്ത ശബ്ദം ഞാൻ കേട്ടു. excellent picture..! and thank you..!' എന്നാണ് അനീഷ് ഉപാസന ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ റിലീസ് ഈ വർഷം മാർച്ച് 28 നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചിത്രം മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മെയ് 16നായിരിക്കും റിലീസ് ചെയ്യുക. മെയ് 21 നാണ് മോഹൻലാലിന്റെ പിറന്നാൾ. 2019 ഏപ്രിലില് പ്രഖ്യാപിക്കപ്പെട്ട ബറോസ് എന്ന ചിത്രത്തിന്റെ ഒഫിഷ്യല് ലോഞ്ച് 2021 മാര്ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില് കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്ലാല് ആണ്. ആശിർവാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് ആണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര് കുട്ടിച്ചാത്തന്' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്ലാല് സിനിമയൊരുക്കുന്നത്.