നിതീഷ് തിവാരിയുടെ 'രാമായണി'ൽ യഷിന്റെ റോൾ രാവണന്റേത് മാത്രമല്ല

ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ ആവേശം നൽകുന്ന ഒരു ഇന്ത്യൻ സിനിമ ഒരുക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായി യഷ്

ഇന്ത്യൻ ഇതിഹാസം രാമായണത്തിന്റെ ദൃശ്യാവിഷ്ക്കാരം നിതീഷ് തിവാരി ഒരുക്കുന്നുവെന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. കന്നഡ താരം യഷ് ആയിരിക്കും സിനിമയിൽ രാവണനായി എത്തുക എന്ന് റിപ്പോർട്ടുകളുമുണ്ട്. എന്നാൽ ചിത്രത്തിൽ യഷിന്റെ റോൾ രാവണന്റേത് മാത്രമായിരിക്കില്ല, സഹനിർമ്മാതാവിന്റേത് കൂടിയായിരിക്കും. രാജ്യത്തെ പ്രമുഖ നിര്മാണക്കമ്പനിയായ നമിത് മല്ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും കെജിഎഫ് ഫെയിം യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്സ്റ്റര് മൈന്ഡ് ക്രിയേഷന്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സിനിമയുടെ ഭാഗമാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് യഷ് പറഞ്ഞു. ഇന്ത്യന് സിനിമയെ ആഗോളതലത്തിലേക്ക് എത്തിക്കുന്ന സിനിമ നിര്മ്മിക്കുകയെന്നത് വലിയ ആഗ്രഹമായിരുന്നു. അതിന് ലോകത്തെ തന്നെ മികച്ച വിഎഫ്എക്സ് സ്റ്റുഡിയോയുമായി സഹകരിക്കാനാകുന്നതില് അത്യധികമായ സന്തോഷമുണ്ടെന്ന് യഷ് വ്യക്തമാക്കി. താനും നമിത്തും തമ്മിൽ നിരവധി കഥകൾ സംസാരിച്ചിരുന്നു. ഈ ചർച്ചകളിൽ രാമായണ വിഷയം ഉയർന്നുവന്നു. രാമായണം ഒരു വിഷയമെന്ന നിലയിൽ തന്നിൽ ആഴത്തിൽ പ്രതിധ്വനിക്കുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ ആവേശം നൽകുന്ന ഒരു ഇന്ത്യൻ സിനിമ ഒരുക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായി യഷ് പറഞ്ഞു.

വർഷങ്ങൾക്ക് ശേഷമുള്ള നിവിൻ പോളിയുടെ ഷോ...; അയാൾ ഇവിടെ തന്നെയുണ്ട്

സിനിമയിൽ രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും ഹനുമാനായി സണ്ണി ഡിയോളും എത്തുമെന്നാണ് റിപ്പോർട്ടുകൾ. സംഗീതസംവിധായകരായ എആർ റഹ്മാനും ഹാൻസ് സിമ്മറും ചിത്രത്തിനായി ഒന്നിക്കുമെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു . ഏപ്രിൽ 17 ന് രാമനവമി ദിനത്തിൽ ചിത്രത്തിൻ്റെ ടീം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന സൂചനകളുണ്ട്.

To advertise here,contact us