ഇനി മുതൽ ഡോ. രാം ചരൺ; നടന് വേൽസ് സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

നിർമ്മാതാവും വെൽസ് സർവകലാശാല ചാൻസിലറുമായ ഇഷാരി കെ ഗണേഷാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്

തെലുങ്ക് താരം റാം ചരണിന് ചെന്നൈ വേൽസ് സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. നിർമ്മാതാവും വേൽസ് സർവകലാശാല ചാൻസിലറുമായ ഇഷാരി കെ ഗണേഷാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഏപ്രിൽ 13 ന് നടക്കാനിരിക്കുന്ന യൂണിവേഴ്സിറ്റിയുടെ വരാനിരിക്കുന്ന ബിരുദദാന ചടങ്ങിൽ ചരൺ മുഖ്യാതിഥിയായി പങ്കെടുക്കും. ഈ ചടങ്ങിൽ അദ്ദേഹത്തിന് ഔദ്യോഗികമായി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും. 'ആർആർആർ' എന്ന ചിത്രത്തിലെ അഭിനയത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് ഈ അംഗീകാരം.

അതേസമയം എസ് ശങ്കർ സംവിധാനം ചെയ്യുന്ന 'ഗെയിം ചേഞ്ചർ' എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിൽ കിയാര അദ്വാനി, എസ് ജെ സൂര്യ, ജയറാം എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യാനുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്.

'എന്താണ് ഈ കൊച്ചു മോളിവുഡിൽ നടക്കുന്നത്'; ആദ്യ ദിനം 10 കോടിക്ക് മുകളിൽ നേടി വിഷു റിലീസുകൾ

ബുച്ചി ബാബു സനു സംവിധാനം ചെയ്യുന്ന സിനിമയും നടന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആർസി 16 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയിൽ ജാൻവി കപൂറാണ് നായിക. എ ആർ റഹ്മാനാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. തെന്നിന്ത്യയിലെ പ്രമുഖ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.

To advertise here,contact us