സൂര്യ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് കങ്കുവ. ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന കങ്കുവയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന വാർത്തകളാണ് വരുന്നത്.
സിനിമയുടെ നിർമ്മാതാവായ ധനഞ്ജയൻ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. സിനിമയുടെ ചിത്രീകരണം ഏകദേശം പൂർത്തിയായി. മൂന്ന് ദിവസത്തെ ചിത്രീകരണം മാത്രമാണ് ബാക്കിയുള്ളത്. അതില് രണ്ടാം ഭാഗത്തിനുള്ള സൂചനയുണ്ടാകും', എന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമയുടെ ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്. ശിവ ഈ സിനിമയ്ക്കായി ഏറെ പ്രയത്നിക്കുന്നുണ്ട്. സിനിമ റിലീസായ ശേഷം സിരുത്തൈ ശിവയെ കങ്കുവ ശിവ എന്ന് വിളിക്കും എന്നും നിർമ്മാതാവ് പറഞ്ഞു.
ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോസ് 100 കോടി രൂപയ്ക്ക് സ്വന്തമാക്കിയിട്ടുണ്ട്. സൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പത്തു ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.
രണ്ട് മാസം, മൂന്ന് 100കോടി പടങ്ങൾ, ഇനി അവരുടെ ഊഴം; വർഷങ്ങൾക്കു ശേഷം, ആവേശം അഡ്വാൻസ് ബുക്കിങ് തുടങ്ങി
കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്. പ്രാചീന കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. കങ്കുവ എന്ന ടൈറ്റില് കഥാപാത്രമായി സൂര്യ എത്തുമ്പോൾ പെരുമാച്ചി എന്ന കഥാപാത്രത്തെയാണ് ബോബി ഡിയോൾ അവതരിപ്പിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. ദിഷാ പഠാണിയാണ് നായിക. ഐമാക്സ് ഫോര്മാറ്റിലാണ് കങ്കുവ പ്രദര്ശനത്തിന് എത്തുക.