ഇത്തവണ മെറ്റ് ഗാലയിൽ തിളങ്ങാൻ ദീപിക പദുക്കോൺ ഉണ്ടാകില്ല; അമ്മയാകാനുള്ള ഒരുക്കത്തിൽ താരം

ലോക ശ്രദ്ധയേ ആകർഷിക്കുന്ന ഫാഷൻ ഇവന്റായ മെറ്റ് ഗാല 2024 നടക്കുന്നത് മെയ് ആറിനാണ്

ബോളിവുഡ് ലോകത്തെ പ്രിയപ്പെട്ട താരദമ്പതികളുടെ കുഞ്ഞിനെ കാത്തിരിക്കുകയാണ് ആരാധകർ. ദീപിക പദുക്കോൺ-രൺവീർ സിംഗ് താരദമ്പതിമാർ മാതാപിതാക്കളാകാൻ പോകുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകരും സിനിമ ലോകവും ഏറ്റെടുത്തത്. പുതിയ അതിഥിക്കായുള്ള തയാറെടുപ്പുകൾ താരദമ്പതികൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി മറ്റെല്ലാ തിരക്കുകളും ഒഴിവാക്കുകയാണ് ദീപിക. പുതിയ റിപ്പോർട്ടുകളനുസരിച്ച് ഇത്തവണത്തെ മെറ്റ് ഗാലയിൽ താരം പങ്കെടുക്കില്ല.

ലോക ശ്രദ്ധയേ ആകർഷിക്കുന്ന ഫാഷൻ ഇവന്റായ മെറ്റ് ഗാല 2024 നടക്കുന്നത് മെയ് ആറിനാണ്. കഴിഞ്ഞ മൂന്ന് ഇവന്റിലും ദീപികയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇത്തവണത്തെ മെറ്റ് ഗാല റെഡ് കാർപറ്റിൽ പ്രിയ താരത്തെ മിസ് ചെയ്യുമെന്നാണ് ആരാധകരും പറയുന്നത്. മെറ്റ് ഗാലയിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഇന്ത്യയുടെ ഗ്ലോബൽ ബ്രാൻഡ് അംബാസഡർ ആണ് ദീപിക പദുക്കോൺ.

2017-ലായിരുന്നു താരത്തിന്റെ ആദ്യ മെറ്റ് ഗാല. പ്രശസ്ത വസ്ത്ര ബ്രാൻഡ് ആയ ടോമി ഹിൽഫിഗറിന്റെ സ്ലീക്ക് വൈറ്റ് ഗൗണിലാണ് താരം ആദ്യമായി എത്തിയത്. തുടർന്ന് 2018-ൽ പ്രശസ്ത ഫാഷൻ ഡിസൈനർ പ്രഭൽ ഗുരുങ്ങ് ഡിസൈൻ ചെയ്ത ചുവന്ന ഗൗണും 2019-ൽ സാക്ക് പോസന്റെ ഡിസൈനിൽ 400 3 ഡൈമൻഷനൽ കല്ലുകൾ പതിപ്പിച്ച ഏറെ പ്രത്യേകതകളുള്ള പിങ്ക് ബാർബി ഗൗണിലാണ് താരം എത്തിയത്.

അമ്മയാകാനുള്ള തയാറെടുപ്പുകൾ കൊണ്ടു മാത്രമല്ല, ബോളിവുഡ് അടക്കം ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ഭാഗമാകാനുള്ള തയാറെടുപ്പിലുമാണ് താരം. സിംഗം 3, കൽക്കി 2898 എ ഡി എന്നീ സിനിമകളാണ് താരത്തിന്റേതായി തിയേറ്ററിലെത്താനിരിക്കുന്നത്.

To advertise here,contact us